ADVERTISEMENT

ശിൽപ നിർമാണത്തിൽ പ്രായം തളർത്താത്ത കരവിരുതിനുടമയാണ് ഇളകൊള്ളൂർ‌ നാരായണ സദനത്തിൽ കെ.രാജഗോപാൽ(76). സംസ്ഥാനത്തിന്റെ പലഭാഗത്തും തലയുയർത്തി നിൽക്കുന്ന മഹാത്മാ ഗാന്ധി, അംബേദ്കർ, ശ്രീനാരായണ ഗുരുദേവൻ, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി തുടങ്ങിയവരുടെ പ്രതിമകൾക്കു രാജഗോപാലിന്റെ കരവിരുതിന്റെ കഥ പറയാനുണ്ട്. ജീവൻ തുടിക്കുന്ന പ്രതിമകളാണ് അവയെല്ലാം!

ജില്ലയിലും പുറത്തും മിക്ക ഗുരുമന്ദിരങ്ങളിലും പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകൾ അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞവയാണ്. ഇതിനോടകം 1084 ഗുരുദേവ പ്രതിമകൾ നിർമിച്ചിട്ടുണ്ട്. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ ജില്ലയുടെ ശിൽപി കെ.കെ.നായരുടെ പ്രതിമ സ്ഥാപിക്കാൻ സംഘാടക സമിതി തീരുമാനിച്ചപ്പോൾ ആദ്യം ഓർത്തതു രാജഗോപാലിന്റെ പേരായിരുന്നു. കെ.കെ.നായരുടെ ജീവൻ തുടിക്കുന്ന സിമന്റ് പ്രതിമയാണ് അദ്ദേഹം നിർമിച്ചുനൽകിയത്.

കുമ്പഴ എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ മുകളിൽ അടുത്തിടെ അനാഛാദനം ചെയ്ത ഭാരത കേസരി മന്നത്തിന്റെ പ്രതിമയുടെ ശിൽപിയും അദ്ദേഹം തന്നെ. തിരുവനന്തപുരത്തു മൂന്നിടങ്ങളിൽ രാജഗോപാൽ നിർമിച്ച മഹാത്മ ഗാന്ധി പ്രതിമകൾ സ്ഥാപിച്ചു. സംസ്ഥാനത്തെ 28 കോളനികളിൽ  അദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞ അയ്യങ്കാളിയുടെയും 4 സ്ഥലത്ത് അംബേദ്ക്കറിന്റെയും പ്രതിമകളുണ്ട്. കുമ്മണ്ണൂർ മുളന്തറയിലെ തറവാട് വീട്ടിലായിരുന്നു രാജഗോപാലിന്റെ ജനനം. കോന്നി റിപ്പബ്ലിക്കൻ സ്കൂളിൽ പഠിക്കുമ്പോൾ പ്രധാനാധ്യാപകൻ വി.കെ.കരുണാകരക്കുറുപ്പാണു രാജഗോപാലിന്റെ ശിൽപകലയിലെ കഴിവു തിരിച്ചറിഞ്ഞു പ്രോത്സാഹനം നൽകിയത്.

ഇന്ത്യാ-ചൈന യുദ്ധകാലത്തു യുദ്ധ ഫണ്ടിലേക്കു പണം സ്വരൂപിക്കാൻ രാജഗോപാൽ എല്ലാ ദിവസവും കളിമണ്ണിൽ ഓരോ പ്രതിമകൾ ഉണ്ടാക്കി കൊണ്ടുവന്നു. പ്രധാനാധ്യാപകന്റെ നിർദേശപ്രകാരം ക്ലാസിലെ മോണിറ്റർ കെ.ആർ.കെ.വിനോദ് എല്ലാ ദിവസവും ഇതു ലേലം ചെയ്തു കുട്ടികൾക്കു നൽകും. അതിൽനിന്നു കിട്ടിയ പണം എല്ലാ ദിവസവും യുദ്ധ ഫണ്ടിലേക്കു നൽകുമായിരുന്നു. അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായ എം.എൻ.ഗോവിന്ദൻ നായർ പാവപ്പെട്ടവരെ സഹായിക്കാൻ 1972-73 വർഷം ലക്ഷംവീട് പദ്ധതി തുടങ്ങി. അതിന്റെ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്ത രാജഗോപാൽ സന്തോഷ സൂചകമായി ഗാന്ധിജിയുടെ പ്രതിമ മന്ത്രിക്കു സമ്മാനിച്ചു. ആ സമ്മേളനത്തിൽ തന്നെ ഗാന്ധി പ്രതിമ ലേലം ചെയ്തു. അതിൽനിന്നു കിട്ടിയ തുക ലക്ഷംവീട് പദ്ധതിക്കായി മാറ്റി.

കലഞ്ഞൂർ ക്ഷേത്രത്തിലേക്കുള്ള നന്ദികേശൻ, കൊല്ലത്ത് ആർ.ശങ്കറിന്റെ കുടുംബ ക്ഷേത്രത്തിലേക്കു ശിവപാർവതി, മുരുകൻ, ഗണപതി, പുലിവാഹനൻ എന്നിവരുടെ പ്രതിമകളുടെ പണിപ്പുരയിലാണു രാജഗോപാൽ. ഭാര്യ ലളിത നൽകുന്ന പിന്തുണ ശിൽപ നിർമാണത്തിനു പ്രോത്സാഹനമായി. പുനലൂർ–പൊൻകുന്നം റോഡ് വികസനത്തിനായി സ്ഥലം വിട്ടുനൽകേണ്ടി വന്നതിനാൽ ഇപ്പോൾ പണിശാലയിലേക്ക് എത്താൻ വഴിയില്ലാതായി. വീടിനുള്ളിലൂടെ മാത്രമേ പണിശാലയിലേക്കു കയറാനാകു. വഴി ഇല്ലാത്തതിനാൽ മന്നത്തിന്റെ പ്രതിമ അടുത്തിടെ ക്രെയിൻ ഉപയോഗിച്ചാണു പണിശാലയിൽനിന്നു താഴെയിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com