ADVERTISEMENT

സീതത്തോട്∙ മൺസൂൺ കാലാവസ്ഥ ആസ്വദിക്കാൻ ഗവിയിലേക്ക് സഞ്ചാരികളുടെ തിരക്ക്. മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി കാടുകൾ താണ്ടിയുള്ള ഡ്രൈവിങ്ങിന്റെ ഹരത്തിലാണ് സഞ്ചാരികൾ. ഈ കാലാവസ്ഥയിലെ യാത്ര ആശങ്ക നിറഞ്ഞതാണെങ്കിലും നൂൽമഴയും മൂടൽ മഞ്ഞും കൺകുളിർക്കെ കാണമെങ്കിൽ ഇപ്പോൾ വരണം.

നേരിയ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം മുതൽ ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. ദിവസവും 30 വാഹനങ്ങൾക്കാണ് പ്രവേശനം. ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്യണം. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ആങ്ങമൂഴി ഗൂഡ്രിക്കൽ റേഞ്ചിൽ നിന്നാണ് പാസ് ലഭിക്കുക. കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്പോസ്റ്റ് കടന്നാണ് യാത്ര. ഏകദേശം 70 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ച് വള്ളക്കടവ് ഫോറസ്റ്റ് ചെക്പോസ്റ്റ് കടന്ന് വണ്ടിപ്പെരിയാറിൽ എത്താം.

മൺസൂൺ കാലാവസ്ഥയാണ് ഇപ്പോഴുള്ള പ്രധാന ആകർഷണം. മൂഴിയാർ പെൻസ്റ്റോക്ക് കടന്നാൽ മഞ്ഞിൽ മൂടിയ റോഡിലൂടെ തൊട്ടടുത്തുള്ള കാഴ്ചകൾ പോലും മറഞ്ഞുള്ള ഡ്രൈവിങ്ങാണ് ഏറെ ഹരമെന്നു സഞ്ചാരികൾ. റോഡിലെ മിക്ക ഭാഗങ്ങളിലും വെള്ളമാണ്. വെള്ളം ചീറ്റിത്തെറിപ്പിച്ച് പോകുന്ന യാത്ര പലപ്പോഴും ഓഫ് റോഡ് യാത്രയുടെ ഓർമകളിലേക്കാവും എത്തിക്കുക.

മഴക്കാലം തുടങ്ങിയ ശേഷം പുൽമേടുകൾ മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ആനയും കാട്ടുപോത്തും മ്ലാവുകളുമാണ് പ്രധാന കാഴ്ചകൾ. റോഡിനോടു ചേർന്ന് വെള്ളച്ചാട്ടങ്ങൾ ഒട്ടേറെയാണ്. മഴക്കാലത്ത് മണ്ണിടിച്ചിലിനും മരങ്ങൾ ഒടിഞ്ഞ് വീഴുന്നതിനു സാധ്യതകൾ ഏറെയാണ്. ഈ കാരണത്താൽ ഏറെ കരുതലോടെ വേണം യാത്രയെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. യാത്രയിൽ ഒറ്റപ്പെട്ട സ്ഥലത്ത് മാത്രമാണ് മൊബൈൽ ഫോണിനു റേഞ്ച്.

English Summary: Tourists were again admitted to Gavi; 70 km trek through forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com