ADVERTISEMENT

ഇന്നുമുതൽ സദ്യയാണ്. പമ്പയുടെ വെള്ളിത്തളികയിൽ കണ്ണുകൾക്ക് പള്ളിയോടങ്ങളൊരുക്കുന്ന സദ്യ. പന്തലിൽ അറുപത്തിനാലുകൂട്ടം വിഭവങ്ങൾ നാവിനും , അവ ചോദിച്ചുള്ള കരക്കാരുടെ പാട്ടുകൾ കാതിനും സദ്യ. ശേഷം, തൃപ്തമാനസത്തോടെ പാർഥസാരഥിക്കു മുന്നിലെത്തിനിൽക്കുമ്പോൾ മനസ്സിനും സദ്യ. പമ്പയിൽ പാട്ട് കേൾക്കുന്നല്ലോ.അലങ്കാരങ്ങളണിഞ്ഞ്, ആറന്മുള ശ്രീകോവിലിൽ പൂജിച്ചുനൽകിയ കട്ടിമാല ചാർത്തി പള്ളിയോടം പാടിത്തുഴഞ്ഞെത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന അമരച്ചാർത്ത്. കാറ്റിൽ പാറുന്ന കൊടിക്കൂറ. സ്വർണപ്രഭയണിഞ്ഞ് കന്നക്കുമിളയും കൂമ്പും. പമ്പയുടെ വെള്ളിമുത്തുകൾ കോരിയെറിഞ്ഞ് വെള്ളമുണ്ടും തോർത്തും വേഷമാക്കിയ തുഴച്ചിൽക്കാർ. അവർക്കു താളമിടുന്ന പാട്ടുകാർ. അമരപ്പൊക്കത്തിൽ ആയംപിടിക്കുന്ന അമരക്കാർ. ആകാശനീലയിൽ അലഞ്ഞുനടക്കുന്ന വെണ്മേഘങ്ങളെ തൊടാൻ ഇരുകരയിലും തലനീട്ടുന്ന പച്ചപ്പ് . കണ്ണിനു നിറഞ്ഞു.

‘‘പൊന്നിൻവിളക്കു പൊടിതൂത്തുതുടച്ചുനന്നായ്

കർപ്പൂരമാംതിരിയുമിട്ടതിൽ നെയ്നിറച്ച്

ചെമ്മേചമച്ചുവിലസുന്നൊരു പന്തൽതന്നിൽ

മുമ്പിൽ കൊളുത്തിയ വിളക്കിനെ ഞാൻ തൊഴുന്നേ...’’

കാതു നിറച്ച് പന്തലിൽ പാട്ടു തുടങ്ങുകയായി. ഇലയിൽ അറുപത്തിനാലുകൂട്ടം വിഭവങ്ങൾ. പ്രശസ്തമായ ആറന്മുള വറുത്തെരുശേരി, ഉപ്പുമാങ്ങ, മടന്തയിലത്തോരൻ, തകരയിലത്തോരൻ, വഴുതനങ്ങ മെഴുക്കുപുരട്ടി, കരിമ്പ്, കൽക്കണ്ടം, കാളിപ്പഴം, ശർക്കര തുടങ്ങി ഒഴിവാക്കാനാകാത്ത വിഭവങ്ങൾ ഒട്ടേറെ.വെറ്റില, അടയ്ക്ക, പുകയില, അഷ്ടമംഗല്യം, താലപ്പൊലി , മുത്തുക്കുട മുതലായവയുമായി സ്വീകരിച്ചാണ് വഴിപാടുകാർ വള്ളസദ്യക്കെത്തിയ പള്ളിയോടക്കരക്കാരെ ആനയിക്കുന്നത്. നയമ്പുമായി ക്ഷേത്രം ചുറ്റി ഭഗവാനെ പാടിസ്തുതിച്ചാണ് കരക്കാർ പന്തലിലെത്തുക.

വിളക്കിനെ വന്ദിച്ച് സദ്യവട്ടത്തിലേക്ക്.

‘‘പത്രംനിരത്തി വടിവോടിഹ പന്തിതോറും

ചിത്തംകുളിർക്കെ വിഭവം പലതും വിളമ്പി

വമ്പാർന്ന പർപ്പടകമൻപൊടു കൂട്ടിയുണ്ണാൻ

നല്ലോരു തുമ്പനിറമുള്ള ചോർ തരേണം...’’

 വിഭവങ്ങൾ ചോദിച്ചുള്ള പാട്ടുകളിൽ പ്രാസഭംഗിയുള്ളവ, പാചകവിധി പറയുന്നവ, കടംകഥ ചോദിക്കുന്നവ അങ്ങനെയങ്ങനെ...

‘‘ചിങ്ങാനദേശത്തുളവായ മാങ്ങാ

എങ്ങനുമുണ്ടേലതു കൊണ്ടുവന്ന്

ചങ്ങാതിമാർ നിങ്ങൾ ചമച്ചുതന്നാൽ

മങ്ങാതെ ശ്രീയും സുഖവും ലഭിക്കും...’’

‘‘തേന്മാമ്പഴം പുതിയ ശർക്കര പഞ്ചസാര

വാഴപ്പഴം വടയുമെൾപ്പൊരിയുണ്ടതാനും

കൽക്കണ്ടമോടു പനസച്ചുള മുന്തിരിങ്ങാ

സൽക്കാരമാർന്നു തരുവോർക്കൊരു പൈതലുണ്ടാം...’’

സന്താനസൗഭാഗ്യം ഉൾപ്പെടെ വഴിപാടുകാരന്റെ പ്രാർഥനകൾ പലതുണ്ട് ഭഗവാനോട്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ പ്രതിനിധികളാണ് പള്ളിയോടമേറി എത്തിയിരിക്കുന്നത്.അവർ പാടിച്ചോദിക്കുന്നതൊക്കെ കൊടുക്കണം. ഇല്ലെങ്കിൽ വെറ്റിലപുകയില വച്ച് സമസ്താപരാധം പറയണമെന്നാണ്. വിശറികൊണ്ട് വീശിക്കൊടുക്കാൻവരെ ആവശ്യപ്പെടും അവർ ചിലപ്പോൾ. സദ്യവട്ടം കൊഴുക്കുന്നതൊടെ പാട്ടിനും ഉശിരേറുന്നു.

‘‘കാളൻ വിളമ്പാഞ്ഞതിനെന്തുബന്ധം?

കാളുംവിശപ്പയ്യ! സഹിച്ചുകൂടാ

കോളല്ലകാളന്നു കളങ്കമില്ല

മേളംകലർന്നിന്നതു നൽകിടേണം...’’

‘‘മല്ലാക്ഷിമാർകളരി പാരമിടഞ്ഞു നന്നായ്

ഉല്ലാസമോടരിയിടിച്ചിലയിൽ പതിച്ച്

ചൊല്ലാർന്നടപ്രഥമനിങ്ങു തരാതിരുന്നാൽ

മല്ലാരിയാണെ വെറുതേ കലഹം ഭവിക്കും...’’

വള്ളസദ്യ സുന്ദരമായി പര്യവസാനിക്കുന്നതോടെ സന്തോഷം പാടിയറിയിച്ച്, ഭഗവാന്റെ അനുഗ്രഹങ്ങൾ സൂചിപ്പിച്ച്, കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ മടങ്ങുകയായി. അഷ്ടമംഗല്യവുമായി അവരെ കടവിലെത്തിക്കും വഴിപാടുകാർ.

‘‘ശിഷ്ടജനപാലകനേ അഷ്ടിയുണ്ടു മൃഷ്ടമായി ഇഷ്ടവരദാനമേകി അനുഗ്രഹിക്ക...’’ മനസ്സുനിറഞ്ഞ് മടക്കം; വഴിപാടുകാരനും കരക്കാർക്കും ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും.

52 കരകളിലെ പള്ളിയോടങ്ങൾ

1.കുറിയന്നൂർ 

2.അയിരൂർ

3.പുല്ലൂപ്രം

4.കാട്ടൂർ

5.കോഴഞ്ചേരി

6.ഇടക്കൂളം

7.കീക്കൊഴൂർ വയലത്തല

8.മേലുകര

9.ഇടപ്പാവൂർ-പേരൂർ

10.നെടുംപ്രയാർ

11.കോറ്റാത്തൂർ

12.ചെറുകോൽ

13.ഇടപ്പാവൂർ

14.റാന്നി

15.കീഴുകര

16.പൂവത്തൂർ പടിഞ്ഞാറ്

17.ഇടയാറന്മുള

18.ഇടയാറന്മുള കിഴക്ക്

19.ആറാട്ടുപുഴ

20.മാരാമൺ

21.വരയന്നൂർ

22.ളാക-ഇടയാറന്മുള

23.ചിറയിറമ്പ്

24.ഇടശേരിമല

25.തെക്കേമുറി കിഴക്ക്

26. ഇടശേരിമല കിഴക്ക്

27. പുന്നംതോട്ടം

28. തോട്ടപ്പുഴശേരി

29. നെല്ലിക്കൽ

30. കോയിപ്രം

31. പൂവത്തൂർ കിഴക്ക്

32. മാലക്കര

33. തെക്കേമുറി

34. മല്ലപ്പുഴശേരി

35.ചെന്നിത്തല

36. ഉമയാറ്റുകര

37. ഇടനാട്

38. പ്രയാർ

39. കോടിയാട്ടുകര

40. തൈമറവുംകര

41. കിഴക്കനോതറ-കുന്നേക്കാട്

42. കീഴ്‌വൻമഴി

43.കീഴ്ചേരിമേൽ

44. പുതുക്കുളങ്ങര

45. മഴുക്കീർ

46. മുണ്ടൻകാവ്

47. വന്മഴി

48. മുതവഴി

49. ഓതറ

50. വെൺപാല

51. കടപ്ര

52. മംഗലം

വള്ളസദ്യ വിഭവങ്ങൾ

1.ചോറ്

2.പരിപ്പ്

3.പപ്പടം

4.നെയ്യ്

5.അവിയൽ

6.സാമ്പാർ

7.തോരൻ

8.പച്ചടി

9.കിച്ചടി

10.നാരങ്ങ

11.ഇഞ്ചി

12.കടുമാങ്ങ

13.ഉപ്പുമാങ്ങ

14.ആറന്മുള 

എരിശേരി

15.കാളൻ

16.ഓലൻ

17.രസം

18.മോര്

19.അടപ്രഥമൻ

20.പാൽപ്പായസം

21.പഴംപ്രഥമൻ

22.കടലപ്രഥമൻ

23.ഏത്തയ്ക്ക ഉപ്പേരി

24.ചേമ്പ് ഉപ്പേരി

25.ചേന ഉപ്പേരി

26.ശർക്കരവരട്ടി

27.സ്റ്റൂ

28.കാളിപ്പഴം

29.എള്ളുണ്ട

30.പരിപ്പുവട

31.ഉണ്ണിയപ്പം

32.കൽക്കണ്ടം

33.ശർക്കര

34.പഞ്ചസാര

35.ഉണക്ക മുന്തിരിങ്ങ

36.കരിമ്പ്

37.മെഴുക്കുപുരട്ടി

38.ചമ്മന്തിപ്പൊടി

39.നെല്ലിക്ക അച്ചാർ

40.ഇഞ്ചിത്തൈര്

41.പഴംനുറുക്ക്

42.ജീരകവെള്ളം

43.അവൽ

44.മലർ 

പാടിച്ചോദിക്കുന്നത്

പഞ്ചസാര, വെണ്ണ, കാളിപ്പഴം, കദളിപ്പഴം,പൂവമ്പഴം, തേൻ, ചുക്കുവെള്ളം, ചീരത്തോരൻ, മടന്തയില തോരൻ, തകരയില തോരൻ, വഴുതനങ്ങ മെഴുക്കുപുരട്ടി, അമ്പഴങ്ങ, ഉപ്പുമാങ്ങ, പഴുത്ത മാങ്ങാക്കറി, പാളത്തൈര്, ഇഞ്ചിത്തൈര്, വെള്ളിക്കിണ്ടി പാൽ, അടനേദ്യം, ഉണക്കലരിച്ചോറ്, പമ്പാതീർഥം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com