ADVERTISEMENT

പത്തനംതിട്ട ∙ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ തിരിച്ചുപിടിച്ച് യുഡിഎഫ്. പ്രസിഡന്റായി എം.വി.അമ്പിളി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ഭരണം അട്ടിമറിച്ച് കൂറുമാറി എൽഡിഎഫിലെത്തി പ്രസിഡന്റായ ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കിയതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ജിജി സജി അയോഗ്യയായതോടെ എൽഡിഎഫിനും യുഡിഎഫിനും 6 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എം.വി.അമ്പിളിയും എൽഡിഎഫിലെ തുളസിമണിയമ്മയും മത്സരിച്ചു.

6 വോട്ടുകൾ വീതം ലഭിച്ചതോടെ വരണാധികാരി കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി പേരുകൾ നറുക്കിടുകയായിരുന്നു. എം.വി.അമ്പിളിയുടെ പേര് വീണതോടെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒഴിവു വന്ന ഇളകൊള്ളൂർ ഡിവിഷനിൽ 6 മാസത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിയാകുന്ന മുന്നണിക്ക് തുടർഭരണം മുന്നോട്ടു കൊണ്ടുപോകാം. 2020 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചപ്പോഴാണ് തണ്ണിത്തോട് ഡിവിഷനിൽനിന്നുള്ള അമ്പിളി പ്രസിഡന്റായത്.

കോൺഗ്രസ് 7, സിപിഎം 5, സിപിഐ 1എന്നിങ്ങനെയായിരുന്നു കക്ഷിനില. 2021 ജൂലൈ 28ന് എം.വി.അമ്പിളിക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. യുഡിഎഫ് അംഗമായിരുന്ന ജിജി സജി എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസം പാസായി. 13 ഡിവിഷനിൽ 7 അംഗങ്ങൾ എൽഡിഎഫിനായി. 2021 ഓഗസ്റ്റ് 25നാണ് ജിജി സജിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് അതുമ്പുംകുളം ഡിവിഷൻ അംഗം പ്രവീൺ പ്ലാവിളയിൽ ഹർജി നൽകി. ജിജി സജി വിപ്പ് ലംഘനം നടത്തി കൂറുമാറിയതായി കണ്ടെത്തി കഴിഞ്ഞ മാസം 4ന് കമ്മിഷൻ അയോഗ്യയാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ എൽ‌ഡിഎഫ് കോടതിയെ സമീപിച്ചെങ്കിലും തുടർ പരിഗണനയ്ക്കെടുത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com