ADVERTISEMENT

ആറന്മുള∙ ‘നമസ്കാരം...’ വഞ്ചിപ്പാട്ടിന്റെ ഈണം മുറിയാതെ തുഴച്ചിൽക്കാരൻ നീട്ടിയ കൈപിടിച്ചു പള്ളിയോടത്തിലേക്കു വലംകാലെടുത്തുവച്ച് ശശി തരൂർ എംപി പറഞ്ഞു. പള്ളിയോടം ഒന്നുലഞ്ഞെങ്കിലും തരൂരിനു ബാലൻസ് തെറ്റിയില്ല. ഇരുകൈകളും കൂപ്പി വള്ളക്കാരെ അഭിവാദ്യം ചെയ്യുമ്പോൾ ശശി തരൂരിന്റെ മുഖത്തു പതിവു പുഞ്ചിരി. പള്ളിയോടത്തിലേറി പാർഥസാരഥീക്ഷേത്രക്കടവിലിറങ്ങിയ ശശി തരൂർ ഏറെ നാളായി മനസ്സിലുണ്ടായിരുന്ന രണ്ട് ആഗ്രഹങ്ങൾ പൂർത്തിയാക്കി. തിരുവാറന്മുളയപ്പനെ വണങ്ങി; പിന്നെ ആറന്മുള വള്ളസദ്യയും രുചിച്ചു.

കലാമണ്ഡലം മുൻ വിസി പി.എൻ.സുരേഷിന്റെ അതിഥിയായാണു തൈമറവുംകര പള്ളിയോടത്തിനു നടത്തിയ വള്ളസദ്യയിൽ തരൂർ എത്തിയത്. മുൻപു പല തവണ ക്ഷണം ലഭിച്ചെങ്കിലും ആദ്യമായാണ് വള്ളസദ്യയ്ക്ക് എത്താൻ സാധിച്ചതെന്നു തരൂർ പറഞ്ഞു. തിരുവനന്തപുരത്തെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ 9 മണിയോടെ ആറന്മുളയിലെത്തിയ അദ്ദേഹം പാർഥസാരഥീക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്നു 11 മണിയോടെ സത്രക്കടവിൽനിന്നു തൈമറവുംകര പള്ളിയോടത്തിലേറി. തുഴച്ചിൽക്കാരുടെ വഞ്ചിപ്പാട്ടിനൊപ്പം താളംപിടിച്ചും ഈരടികൾ നീട്ടിപ്പാടിയും ക്ഷേത്രക്കടവിലെത്തി. 

ഭഗവാനെ പാടിസ്തുതിച്ചു കരക്കാർക്കൊപ്പം പന്തലിലെത്തി വിളക്കിനെ തൊട്ടുവന്ദിച്ച് സദ്യവട്ടത്തിലേക്ക്. ''പല രാജ്യങ്ങളിൽനിന്നും പലതരം വിഭവങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം സസ്യവിഭവങ്ങൾ ഒരുമിച്ചു മുന്നിൽ നിരക്കുന്നത് ഇതാദ്യമാണ് ''– ഇലയിലെ വിഭവസമൃദ്ധി കണ്ടപ്പോൾ തരൂരിന്റെ കമന്റ്.

''പാടിച്ചോദിച്ച കറികളും കാളിപ്പഴവും എള്ളുണ്ടയും, ഓലനും കാളനും രസവും എല്ലാം മികച്ചത്; ഏറ്റവും ഇഷ്ടപ്പെട്ടതെന്താണെന്നു മാത്രം ചോദിക്കരുതേ, കുഴഞ്ഞുപോകും''– വള്ളസദ്യ കഴിച്ചതിനു ശേഷം തരൂരിന്റെ പ്രതികരണം ഇങ്ങനെ. ‘താങ്ക്യൂ, താങ്ക്യൂ സോ മച്ച്’– സദ്യവട്ടം കഴിഞ്ഞ് തുഴച്ചിൽക്കാർക്കും കരക്കാർക്കും ഹ‍ൃദയം നിറഞ്ഞ നന്ദി പറയുമ്പോൾ അതാ വരുന്നു അടുത്ത ആവശ്യം: ‘ഉത്തൃട്ടാതി വള്ളംകളി കൂടി വന്നു കാണണം.’ ‘ഹാ നോക്കെട്ടെ...’ ചെറുപുഞ്ചിരിയോടെ സെൽഫികൾക്കു പോസ് ചെയ്തു തരൂർ സ്റ്റൈൽ മറുപടി. വിശ്രമത്തിനു ശേഷം വൈകിട്ട് അഞ്ചോടെ തരൂർ തിരുവനന്തപുരത്തേക്കു മടങ്ങി.

വഞ്ചിപ്പാട്ട് മത്സരം ഇന്നു മുതൽ 

ആറന്മുള∙ പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് സോപാനം-ദേവസങ്കീർത്തനം വഞ്ചിപ്പാട്ട് മത്സരം ഇന്നു മുതൽ 20 വരെ ആറന്മുള ക്ഷേത്ര സന്നിധിയിൽ നടക്കും. 52 പള്ളിയോടക്കരകളിൽ നിന്നും 18നും 40നും ഇടയിൽ പ്രായമുള്ളവരുടെ ഓരോ ടീമുകൾ വീതമാണ് സോപാനത്തിൽ പങ്കെടുക്കുന്നത്. 16 വരെ നടക്കുന്ന പ്രാഥമിക മത്സരത്തിൽ പങ്കെടുക്കുന്ന കരകളെയാണ് 17,18,19 തീയതികളിൽ നടക്കുന്ന കിഴക്കൻ മേഖല, മധ്യമേഖല, പടിഞ്ഞാറൻ മേഖലാ ക്രമത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.

മേഖലാ മത്സരത്തിൽ വിജയിക്കുന്നവരുടെ ഫൈനൽ 20നു നടക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനു കൊല്ലത്തുള്ള വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവന്റെ സ്വർണത്തിലുള്ള എവറോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും. രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ടീമുകൾക്കും ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. ഇന്നു രാവിലെ 10നു തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ.അനന്തഗോപൻ വഞ്ചിപ്പാട്ട് സോപാനം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ.എസ്. രാജൻ അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com