ADVERTISEMENT

ആറന്മുള ∙ ഭക്തിയും അനുഷ്ഠാനവും സമന്വയിക്കുന്ന ആറന്മുള ഉത്തൃട്ടാതി  ജലമേളയിൽ എ ബാച്ചിൽ ഏറ്റവും കിഴക്കു നിന്നുള്ള പള്ളിയോടമാണ് ഇടപ്പാവൂർ–പേരൂർ. കാഴ്ച ഭംഗിയും നതോന്നതയുടെ താളവും പമ്പയിലേക്ക് വീഴുന്ന തുഴയുടെ താളഭംഗിയും ഇടപ്പാവൂർ–പേരൂർ കരയെ  മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമാക്കുന്നു. ദക്ഷിണാമൂർത്തി ഭാവത്തിൽ  കരയിൽ കുടികൊള്ളുന്ന  പേരൂർച്ചാൽ പരമശിവന്റെയും അഭീഷ്ട വരദായിനിയായ ഇടപ്പാവൂർ ഭഗവതിയുടെയും നാട്ടിലേക്ക് ആദ്യമായി മന്നം ട്രോഫി കൊണ്ടുവന്നത് ഇടപ്പാവൂർ ചുണ്ടനാണ്.

peror-boat-club
ഇടപ്പാവൂർ -പേരൂർ പള്ളിയോടം ക്യാപ്ടൻ: എം..വി.സരിത്ത് കുമാർ മുണ്ടേത്ത്. പ്രതിനിധികൾ: രാജ് മോഹൻ അമ്പലാത്ത്, ടി.എൻ.ചന്ദ്രശേഖരൻ,

അതിന്റെ ജീർണതയെ തുടർന്ന് കരകളിലെ ജലോത്സവ പ്രേമികളുടെ ആഗ്രഹ സഫലീകരണമാണ് ഇടപ്പാവൂർ-പേരൂർ പുതിയ പള്ളിയോടം നിർമിച്ചത്. ചങ്ങംകരി വേണു ആചാരി ആയിരുന്നു  ശിൽപി.  നിർമാണം  പൂർത്തിയാക്കി 2006ലെ  ഉത്തൃട്ടാതി നാളിൽ നീരണിഞ്ഞു.  അന്നു തന്നെ  കരക്കാർ പള്ളിയോടത്തിൽ കയറി ആറന്മുള എത്തി പാർഥസാരഥിയെ  വണങ്ങി. ജലോത്സവത്തിലും പങ്കെടുത്തു. നീരണഞ്ഞ  ദിവസം തന്നെ ഉത്തൃട്ടാതി ജലോത്സവത്തിൽ മാറ്റുരയ്ക്കാൻ ഭാഗ്യം കിട്ടിയ ഏക പള്ളിയോടം എന്ന പ്രത്യേകതയും ഇതിനുണ്ട്.   46 കോൽ നീളവും 66 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവും ഉണ്ട്.

pathanamthitta-kattor
കാട്ടൂർ പള്ളിയോടം ക്യാപ്ടൻ: രഞ്ജിത്ത് പാലേലിൽ. പ്രതിനിധികൾ: ടി.സുരേഷ് കുമാർ, എം.എൻ. സതീഷ് കുമാർ,

80 തുഴച്ചിൽക്കാരും 10 നിലയാളും ഉൾപ്പെടെ 100 പേർക്ക് കയറാം.  ഇടപ്പാവൂർ പേരൂർ-പള്ളിയോട സേവാസമിതിയുടെ ഉടമസ്ഥതയിലാണു പള്ളിയോടം, കരയിലെ മൂന്നാമത്തെ പള്ളിയോടമാണിത്.  ഈവർഷത്തെ വള്ളസദ്യ വഴിപാടുകൾക്കായി  ജൂലൈ 28ന് നീരണഞ്ഞു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കു പുറമേ  റാന്നി അവിട്ടം, അയിരൂർ പുതിയകാവ്  മാനവ മൈത്രി ചതയം, പേരൂർച്ചാൽ എന്നീ വള്ളംകളിയിലും പങ്കെടുക്കുന്നുണ്ട്. ഭാരവാഹികൾ: ക്യാപ്റ്റൻ എം.വി.സരിത്ത് കുമാർ മുണ്ടേത്ത്. പ്രതിനിധികൾ: ടി.എൻ.ചന്ദ്രശേഖരൻ,  രാജ് മോഹൻ അമ്പലാത്ത്. പി.എൻ.എസ്. പിള്ള (പ്രസി).

ആറന്മുളേശ്വരന്റെ സാന്നിധ്യം, പുണ്യം നിറഞ്ഞ കര 

ആറന്മുളേശ്വരന്റെ സാന്നിധ്യം കൊണ്ട് പുണ്യം നിറഞ്ഞ കരയാണു കാട്ടൂർ. ആചാര വഴിയിലെ  തിരുവോണത്തോണി  യാത്രയോളം പഴക്കമുണ്ട് കാട്ടൂർ പള്ളിയോട ചരിത്രത്തിന്.  പാർഥസാരഥിക്കു  തിരുവോണ സദ്യയ്ക്കുള്ള  വിഭവങ്ങളുമായി തിരുവോണത്തോണിയിൽ മങ്ങാട്ട് ഭട്ടതിരിയുടെ  ആചാരപരമായ യാത്രയാണ്  ആറന്മുള വള്ളംകളിയുടെയും  പള്ളിയോട നിർമാണത്തിന്റെയും തുടക്കം. അതിനാൽ ഉത്തൃട്ടാതി ജലമേളയിൽ കാട്ടൂരിന്റെ  സ്ഥാനം ഏറെ വലുതാണ്. 

ആറന്മുള ഭഗവാന് ഓണം ഉണ്ണാനുള്ള വിഭവങ്ങളുമായി  ഇത്തവണ കാട്ടൂരിൽ നിന്നു തിരുവോണത്തോണി പുറപ്പെടുമ്പോൾ  പുത്തൻ പള്ളിയോടത്തിലാണു  അകമ്പടി പോകുക. കാട്ടൂർ 781ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ്  പുത്തൻ പള്ളിയോടം പണിതത്. അമരത്തിന്റെ പണിയായിരുന്നു അവസാനം നടന്നത്.  21ന് നീരണയുന്നതിനായി  അവസാനവട്ട മിനുക്കു പണികളാണ് ഇപ്പോൾ നടക്കുന്നത്. 

നീരണയൽ കർമം 21ന് രാവിലെ 10നും 11.30നും മധ്യേ പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ്  പി.ജി.ശശികുമാര വർമ  നിർവഹിക്കും. പൊതുസമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. റാന്നി എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്  വി.ആർ.രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും.  ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ്  രാജൻ മൂലവീട്ടിൽ  പള്ളിയോട ശിൽപികളെ ആദരിക്കും.

പുതിയ  പള്ളിയോടത്തിന് 47 കോൽ നീളവും 64 അംഗൂലം ഉടമയും 19 അടി അമരപ്പൊക്കവും ഉണ്ട്. നീളത്തിലും അമരപ്പൊക്കത്തിലും  പഴയ പള്ളിയോടത്തിനേക്കാൾ  മുന്നിൽ. അയിരൂർ സന്തോഷ് ആചാരിയാണ് പള്ളിയോടത്തിന്റെ  പ്രധാന ശിൽപി .ഭാരവാഹികൾ: ക്യാപ്റ്റൻ  രഞ്ജിത്ത് പാലേലിൽ. പ്രതിനിധികൾ: എം.എൻ. സതീഷ് കുമാർ,  ടി.സുരേഷ് കുമാർ.  ബി.ഹരികുമാർ (പ്രസി),  എസ്.ശ്രീകുമാർ (സെക്ര).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com