പാരമ്പര്യവും ചരിത്രപ്പെരുമയും ഇഴചേർന്ന പുതുക്കുളങ്ങര

Mail This Article
പടയണിയും പള്ളിയോടവുമാണ് പുതുക്കുളങ്ങരയുടെ പാരമ്പര്യവും ചരിത്രവും. പടയണിയിൽ 1001 പാളയുടെ വലിയ ഭൈരവി കോലമാണ് വിസ്മയം തീർക്കുന്നതെങ്കിൽ പള്ളിയോടങ്ങളിൽ പുതുക്കുളങ്ങര പമ്പയിൽ കാഴ്ചയുടെ പൂരമൊരുക്കും.2018ലെ മഹാപ്രളയം കലി തീർത്ത പള്ളിയോടങ്ങളിൽ പുതുക്കുളങ്ങരയും ഉൾപ്പെടും. അന്ന് ആറന്മുളയിലെത്തിയ പള്ളിയോടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പുതിയ പള്ളിയോടം പണിത് നീരിലിറക്കി.ആ വർഷം തന്നെ ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനവും പുത്തൻ പള്ളിയോടം നേടി.
2010 ൽ ആറന്മുള ജലമേളയിൽ ചമയത്തിന് ഒന്നാം സ്ഥാനവും നേടിയിരുന്നു. പുതുക്കുളങ്ങര ദേവിയുടെ കിഴക്കേനടയിലെ വള്ളപ്പുരയിലാണ് പള്ളിയോടം സൂക്ഷിച്ചിരിക്കുന്നത്. പുതുക്കുളങ്ങര 5110–ാം നമ്പർ ശ്രീദുർഗ എൻഎസ്എസ് കരയോഗമാണ് ഉടമസ്ഥർ. പള്ളിയോടത്തിന് 41–കാൽ കോൽ നീളവും 60 അംഗുലം ഉടമയും 17 അടി അമരപ്പൊക്കവുമുണ്ട്. 4 അമരക്കാരും 8 പാട്ടുകാരും 50 തുഴച്ചിൽകാരും ഉൾപ്പെടെ ഏകദേശം 72 പേർക്ക് കയറാവുന്ന പള്ളിയോടത്തിന്റെ പ്രധാനശിൽപി അയിരൂർ സന്തോഷാണ്.രാഹുൽ ആർ.നായർ ക്യാപ്റ്റനായ പള്ളിയോടത്തിന്റെ പ്രതിനിധികൾ ജി.സുരേഷ് കുമാറും കെ.ബി.മോഹനൻ നായരുമാണ്.