ADVERTISEMENT

അടൂർ ∙ എസ്ഐമാരുടെയും പൊലീസുകാരുടെയും കുറവു പരിഹരിക്കാത്തത് അടൂർ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നു. സ്റ്റേഷന്റെ പ്രവർത്തനം, പട്രോളിങ്, കേസന്വേഷണം, ക്രമസമാധാനപാലനം, പൈലറ്റ് പോകൽ തുടങ്ങിയവയിലാണു പൊലീസുകാരുടെ കുറവു ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 16 പേരുടെ കുറവാണിപ്പോഴുള്ളത്. 3 എസ്ഐമാരുടെയും 7 സിവിൽ പൊലീസ് ഓഫിസർമാരുടെയും 3 സീനിയർ പൊലീസ് ഓഫിസർമാരുടെയും 3 വനിതാ പൊലീസുകാരുടെയും കുറവാണ് നികത്താനുള്ളത്. ഡ്യൂട്ടിയിലുള്ളവർക്ക് അമിത ജോലി നൽകിയാണ് ഇപ്പോൾ പൊലീസുകാരുടെ കുറവുകൾ പരിഹരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് കാരണം പല പ്രധാന കേസുകളുടെയും അന്വേഷണം ഇഴയുന്നു. സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ശക്തമല്ലാത്തതും ഇത് കാരണമാണ്. 

മോഷണം ശക്തമായിട്ടും നടപടിയില്ലാത്തതിനു പ്രധാന കാരണം ഉദ്യോഗസ്ഥരുടെ കുറവാണ്. കഴിഞ്ഞ ചൊവ്വാഴ്ച മണക്കാല ജംക്‌ഷനിലെ കടയുടെ ഭിത്തി തുരന്നും രണ്ടു ദിവസത്തിനു ശേഷം അടൂരിലെ പാർഥസാരഥി ജംക്‌ഷനിലെ രണ്ടു കടയുടെ ഭിത്തിതുരന്നും പണം മോഷ്ടിച്ചു. 2 കേസുകളിലെയും മോഷ്ടാക്കളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മറ്റു സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെ എത്തിച്ചാണ് നേരിടുന്നത്. വാഹനങ്ങളുടെ കുറവും മറ്റൊരു പ്രശ്നമാണ്. ഇൻസ്പെക്ടറുടെ വാഹനം മാത്രമാണ് വേഗത്തിൽ ഓടിയെത്താൻ കഴിയുന്നത്. 2 വാഹനങ്ങൾ കാലപ്പഴക്കം ചെന്നതാണ്. 

ജനമൈത്രി സംവിധാനം അവതാളത്തിൽ

അടൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ജനമൈത്രി പൊലീസ് സംവിധാനവും കാര്യക്ഷമമല്ല. ആവശ്യത്തിനു പൊലീസുകാരില്ലാത്തതാണ് അവതാളത്തിലാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എല്ലാ സ്ഥലത്തും വിവരശേഖരണത്തിനായി എത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനായി സ്റ്റേഷനിൽ നേരത്തെ കൂടുതൽ കൂടുതൽ ബീറ്റ് ഓഫിസർമാരുണ്ടായിരുന്നു. ഇപ്പോൾ ആകെ 2 ബീറ്റ് ഓഫിസർമാരാണുള്ളത്. ഇതിനാൽ കുറ്റകൃത്യങ്ങൾ തടയാനും വിവരങ്ങൾ കൈമാറാനും ജനങ്ങളുടെ സഹായം ഉറപ്പാക്കുന്നതിനും കഴിയുന്നില്ല. ബീറ്റ് ഓഫിസർമാർക്ക് അതിഥിത്തൊഴിലാളികളുടെ റജിസ്ട്രേഷൻ ജോലിയാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം സമൻസ്, വാറണ്ട് എന്നിവ കൈമാറുന്ന ജോലികളും നൽകുന്നുണ്ടെന്നും പറയുന്നു. 

ജനമൈത്രിയുടെ പ്രവർത്തനത്തിനായി നേരത്തെ ബീറ്റ് ഓഫിസർമാർക്ക് ബൈക്കുകളും നൽകിയിരുന്നു. അതെല്ലാം കേടായതോടെ എല്ലാം തിരികെ കൊണ്ടുപോയി. ഇപ്പോഴുള്ള 2 ബീറ്റ് ഓഫിസർമാർ സ്വന്തം വാഹനത്തിൽ കയ്യിൽ നിന്ന് പണം മുടക്കി പെട്രോൾ അടിച്ചാണ് അതിഥിത്തൊഴിലാളികളുടെ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com