ADVERTISEMENT

തിരുവല്ല ∙ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകരുടെയും കൃഷിയുടെയും പച്ചപ്പു നിറഞ്ഞ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവച്ചാണ് കുട്ടനാട്ടുകാരൻ കൂടിയായ എം.എസ്.സ്വാമിനാഥൻ എന്ന കൃഷിശാസ്ത്രജ്ഞൻ വിടവാങ്ങുന്നത്. കുട്ടനാടിനു വേണ്ടി അദ്ദേഹം തയാറാക്കിയ പാക്കേജിന് മണ്ണിന്റെ മണവും വെള്ളത്തിന്റെ സുതാര്യതയുമുണ്ടായിരുന്നു. കേന്ദ്ര കൃഷിമന്ത്രിയായിരുന്ന ശരദ് പവാറിനെ കണ്ട് അന്നത്തെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയും ഫാ.തോമസ് പീലിയാനിക്കലും ചേർന്നാണ് കുട്ടനാടിന് ഒരു കൃഷി പാക്കേജ് വേണമെന്ന ആവശ്യമുന്നയിച്ചത്.

പവാർ അപ്പോൾതന്നെ ദൗത്യം എം.എസ്.സ്വാമിനാഥനെ ഏൽപിച്ചു. ലോകം അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം തന്റെ എം.എസ്. ഫൗണ്ടേഷൻ സംഘത്തെകൂട്ടി കുട്ടനാട്ടിലെത്തി. സ്വന്തം നാടായ മങ്കൊമ്പിലായിരുന്നു യോഗം. ആ യോഗത്തിൽ പ്രധാനപ്പെട്ട ഒരു തീരുമാനവും അദ്ദേഹത്തിന്റേതായി ഉണ്ടായി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മാത്രം ഉൾപ്പെട്ടിരുന്ന പാക്കേജ് നിർദേശത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങൾ കൂടി ഉൾപ്പെടുത്തി. അതോടെ ജില്ലയിലെ അപ്പർ കുട്ടനാടും പാക്കേജിലുൾപ്പെട്ടു.

ഒരു വ്യവസ്ഥയുമില്ലാതിരുന്ന കുട്ടനാട്ടിലെ നെൽകൃഷിക്ക് അദ്ദേഹം പുതിയ മാനം സൃഷ്ടിച്ചു. കുട്ടനാടിനെ ഒന്നായിക്കണ്ട് സമഗ്രവികസനത്തിനുള്ള വിപുലമായ പദ്ധതി തയാറാക്കി. അതിൽ നെൽകൃഷി മാത്രമല്ല, മത്സ്യകൃഷി, താറാവ്, കോഴി, പശു, ആട് വളർത്തൽ, പച്ചക്കറികൃഷി, പാടങ്ങളുടെ പുറംബണ്ട് സംരക്ഷണം തുടങ്ങി എല്ലാം ഉൾപ്പെട്ടിരുന്നു. ഒരു കൃഷി മാത്രം ചെയ്തിരുന്ന പാടങ്ങളിൽ രണ്ടു കൃഷി ചെയ്യാനുള്ള വഴികളും ഉണ്ടായിരുന്നു. നൂറുകണക്കിനു വരുന്ന തോടുകളുടെ നവീകരണവും ഉൾപ്പെടുത്തിയിരുന്നു.

എല്ലാത്തിലുമുപരി പരിസ്ഥിതിയോട് ചേർന്നുനിന്ന് ഓരോ കർഷകനും സ്വയംപര്യാപ്തതയിലെത്താനുള്ള എല്ലാം അതിലുണ്ടായിരുന്നു. അതിൽ കൃഷി യന്ത്രവത്കൃതമാക്കുക എന്നതൊഴിച്ച് ബാക്കിയൊന്നും നടന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. പ്രാദേശികമായ താൽപര്യങ്ങൾ മുൻനിർത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ‌ പദ്ധതിയെ വഴിതിരിച്ചുവിട്ടതോടെ കുട്ടനാട്ടിലെ വെള്ളപ്പൊക്കം പോലെയായി പദ്ധതിയും.

സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോൾ 3 മാസം മാത്രം ലഭിക്കുന്ന ഉൽപാദനം കുട്ടനാട്ടിൽ നിന്ന് 12 മാസവും ലഭിക്കുമായിരുന്നു. കർഷകർ സ്വയംപര്യാപ്തരാകുമായിരുന്നു. 3 ജില്ലകളിലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കാമായിരുന്നു. നാട്ടിലെ ഭക്ഷ്യോൽപാദനം ഗണ്യമായ തോതിൽ വർധിക്കുകയും ചെയ്യുമായിരുന്നു.


കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com