‘കുട്ടിശങ്കരൻ’ വീണ്ടും കാടു വിട്ട് നാട്ടിലേക്ക്, ജനം ആശങ്കയിൽ
Mail This Article
സീതത്തോട് ∙ പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം ‘കുട്ടിശങ്കരൻ’ വീണ്ടും കാടു വിട്ട് നാട്ടിലേക്ക്. ബിമ്മരം, അള്ളുങ്കൽ വനത്തിൽനിന്ന് ചിറ്റാർ അള്ളുങ്കൽ ഇഡിസിഎൽ ജല വൈദ്യുത പദ്ധതിക്കു സമീപത്തുകൂടി കക്കാട്ടാറ് കടന്ന് എത്തിയ കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിലെ കറക്കത്തിനുശേഷം രാവിലെ വീണ്ടും കാടു കയറി. ആന ഇനിയും എത്തുമെന്ന ആശങ്കയിലാണ് സ്ഥലവാസികൾ. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ ചിറ്റാർ ചപ്പാത്ത്, സമീപ റബർ തോട്ടത്തിലെ കൈതകൃഷി, ഊരാൻപാറയ്ക്കു സമീപത്തെ കൃഷിയിടം തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടിശങ്കരന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇന്നലെ രാവിലെ കൈതത്തോട്ടത്തിൽ നിന്നാണ് ആറ്റിലേക്ക് ഇറങ്ങിവന്നത്.
അള്ളുങ്കൽ പദ്ധതിക്കു താഴെയുള്ള കക്കാട്ടാറ്റിലെ കടവിൽ കുറെ സമയത്തെ കുളി കഴിഞ്ഞാണ് കാട് കയറിയത്. ഈ പ്രദേശത്ത് താമസിക്കുന്ന സ്കൂൾ വിദ്യാർഥി മണിക്കുട്ടൻ ആനക്കുളി ഫോണിൽ പകർത്തിയിരുന്നു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കഴിഞ്ഞ തവണ എത്തിയ പാതയിൽകൂടി തന്നെയാണ് ഇപ്രാവശ്യവും കുട്ടിശങ്കരന്റെ വരവ്. അന്ന് ദിവസങ്ങളോളം ആറ് കടന്ന് ആന കൃഷിയിടങ്ങളിൽ എത്തിയിരുന്നു.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ സ്ഥലവാസികളും വനം സംരക്ഷണ സമിതി പ്രവർത്തകരും ദിവസങ്ങൾ നീണ്ട ശ്രമഫലമായാണ് അന്ന് ആനയെ തുരത്താനായത്. ആന വീണ്ടും ഇറങ്ങിയതറിഞ്ഞ് ഇന്നലെ രാത്രി വനപാലകർ പ്രദേശങ്ങളിൽ റോന്ത് ചുറ്റൽ ആരംഭിച്ചു.