ADVERTISEMENT

സീതത്തോട് ∙ വീടെന്ന സ്വപ്നം ബാക്കിയാക്കി നാടിനു നന്മകൾ മാത്രം നൽകിയ ആങ്ങമൂഴി പടിഞ്ഞാറ്റിൻകരയിൽ പി.ആർ.അജികുമാർ യാത്രയായി. പെരുനാട് ഇലക്ട്രിക് സെക്‌ഷനിലെ ലൈൻമാനായ അജികുമാറിന് ചൊവ്വാഴ്ച രാത്രി 10.30നാണ് അത്തിക്കയത്തിനു സമീപം മന്ദിരത്തുംമൂഴിയിൽ 11 കെ.വി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുന്നത്. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

അജി കുമാറിന് അന്ത്യോപചാരം അർപ്പിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും തേവർമലയിലെ കുടുംബ വീട്ടിലേക്കു വൻ ജനപ്രവാഹമായിരുന്നു. തോരാത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അജിയെ ഒരുനോക്ക് കാണാൻ മല കയറി വീട്ടിൽ എത്തിയത്.

പത്തനംതിട്ട, കക്കാട് സെക്‌ഷനുകളിൽ ലൈൻമാനായിരുന്ന അജികുമാർ 4 വർഷം മുൻപാണ് പെരുനാട് സെക്‌ഷനിൽ സ്ഥലം മാറി എത്തുന്നത്. ശബരിമല, പമ്പ, നിലയ്ക്കൽ അടക്കമുള്ള സ്ഥലങ്ങളിൽ തീർഥാടന കാലത്ത് ഇദ്ദേഹത്തിന്റെ സേവനം ഏറെ വിലമതിക്കുന്നതായിരുന്നുവെന്ന് ഒപ്പമുള്ളവർ പറയുന്നു. സമയക്രമമൊന്നും നോക്കാതെയായിരുന്നു ജോലി.

ആങ്ങമൂഴി തേവർമലയിലാണ് കുടുംബം കഴിയുന്നത്. കൊച്ചുകോട്ടമൺപാറയ്ക്കു സമീപം നിർമിക്കുന്ന പുതിയ വീടിന്റെ നിർമാണ ജോലികൾ അവസാനഘട്ടത്തിലായിരുന്നു. അടുത്ത സമയംതന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പുതിയ വീട്ടിലേക്കു മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

ആങ്ങമൂഴി എസ്എൻഡിപി ശാഖാ യോഗത്തിലെ സജീവ പ്രവർത്തകനും നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഗുരുനാഥൻമണ്ണ് ഗവ.ട്രൈബൽ സ്കൂളിലെ താൽക്കാലിക അധ്യാപിക ശ്രീജയാണ് ഭാര്യ. മക്കൾ: ശ്രീഹരി, ശ്രീദേവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com