ADVERTISEMENT

റാന്നി ∙ കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ. ചെത്തോങ്കര, കക്കുടുമൺ എന്നീ വലിയതോടുകൾ കരകവിഞ്ഞൊഴുകി. തോടിനോടു ചേർന്ന വയലുകൾ വെള്ളത്തിൽ. പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന് രണ്ടിടത്ത് മണ്ണിടിച്ചിൽ. 


പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന് ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേയുണ്ടായ മണ്ണിടിച്ചിൽ.
പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന് ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേയുണ്ടായ മണ്ണിടിച്ചിൽ.

ഇന്നലെ ഉച്ചകഴിഞ്ഞ് പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളുടെ അതിർത്തിയിൽ പെയ്ത കനത്ത മഴയാണ് നാടിനെ വെള്ളത്തിലാക്കിയത്. ലണ്ടൻപടി തേയിലപ്പുര പാലത്തിൽ വലിയ മരം അടിഞ്ഞതു മൂലം വെള്ളം ഗതിമാറി ഒഴുകി. ഇതാണ് മലവെള്ളപ്പാച്ചിലിനിടയാക്കിയത്. 

പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെല്ലക്കാടിനു സമീപം കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ.
പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെല്ലക്കാടിനു സമീപം കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിൽ.

2 മണിക്കൂർ നീണ്ടുനിന്ന മഴയിൽ തോടുകളും നീർച്ചാലുകളും നിറഞ്ഞൊഴുകുകയായിരുന്നു വെള്ളം. ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെയുള്ള വയലുകളിൽ വെള്ളം കയറി. ചെല്ലക്കാട് നിന്ന് കൈതവനപടി വഴി സ്റ്റോറുംപടിയിലെത്തുന്ന റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 

മന്ദമരുതി പള്ളിപടി ശബരി ബിജുവിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
മന്ദമരുതി പള്ളിപടി ശബരി ബിജുവിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

പുനലൂർ–മൂവാറ്റുപുഴ പാതയിൽ മന്ദമരുതിക്കും ചെല്ലക്കാടിനും മധ്യേ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. ഉയർന്ന കട്ടിങ്ങിൽ നിന്നിരുന്ന റബർ മരങ്ങളടക്കമാണ് പിഴുതു വീണത്. റോഡിൽ കിടന്ന കല്ലും മണ്ണും കോന്നി–പ്ലാച്ചേരി പാത നിർമാണം കരാറെടുത്ത കമ്പനി നീക്കി. കെട്ടിടം നിർമിക്കാനായി മണ്ണു നീക്കിയതിനോടു ചേർന്ന കട്ടിങ്ങാണ് ഇടിഞ്ഞ് കടമുറിക്കു മുകളിലും താഴെയുമായി വീണത്. 

പുനലൂർ–മൂവാറ്റുപുഴ പാതയിലെ ഓട കവിഞ്ഞ് മന്ദമരുതി കണ്ണങ്കര സാബു തോമസിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ ഓട കവിഞ്ഞ് മന്ദമരുതി കണ്ണങ്കര സാബു തോമസിന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

ചെത്തോങ്കര വലിയതോട് കര കവിഞ്ഞ് താഴ്ന്നയിടങ്ങളിൽ വെള്ളം കയറി.കക്കുടുമൺ തോട്ടിലും മലവെള്ളപ്പാച്ചിൽ പ്രകടമായി. തോടിനോടു ചേർന്നു താമസിക്കുന്ന മണ്ണിൽ തങ്കമ്മ, കാട്ടിൽ വടക്കേതിൽ ഗംഗാധരനാചാരി എന്നിവരുടെ വീടുകളിൽ വെള്ളം കയറി.

പുനലൂർ–മൂവാറ്റുപുഴ പാതയിൽ മക്കപ്പുഴ മുതൽ മന്ദമരുതി വരെ ഓട കരകവിഞ്ഞ് സമീപ വീടുകളിലെല്ലാം വെള്ളം കയറി. റോഡിൽനിന്ന് വീടുകളിലേക്കും മുറ്റങ്ങളിലേക്കും വെള്ളം കുത്തിയൊലിക്കുകയായിരുന്നു. മന്ദമരുതി കണ്ണങ്കര സാബു തോമസിന്റെ വീട്ടിൽ കയറി ഗൃഹോപകരണങ്ങൾ നശിച്ചു. വാഷിങ് മെഷീൻ, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയവ നശിച്ചവയിൽപെടും. 

മന്ദമരുതി പള്ളിപടി ശബരി ബിജുവിന്റെ ഹോട്ടലിൽ ഭാഗികമായി വെള്ളം കയറി. തടി പണിശാല വെള്ളത്തിലാണ്. മുക്കട–ഇടമൺ–അത്തിക്കയം പാതയോടു ചേർന്ന തോമ്പിക്കണ്ടം തോടിനോടു ചേർന്നുള്ള എല്ലാ വീടുകളിലും വെള്ളം കയറി. തേയിലപ്പുര പടി വരെയുള്ള വീടുകളിലാണ് വെള്ളം കയറിയത്. തേയിലപ്പുര തോട് അടഞ്ഞതാണ് വിനയായത്.

വലിയതോട് കര കവിഞ്ഞ് ചെട്ടിമുക്ക്–വലിയകാവ് റോഡിൽ പുള്ളോലി ഭാഗത്തും ചെത്തോങ്കര–അത്തിക്കയം റോഡിൽ ചെത്തോങ്കര ഭാഗത്തും റോഡിൽ വെള്ളം കയറി. റാന്നി എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിലും വെള്ളം കയറി. മൂന്നു റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com