വിശപ്പിന്റെ വിളികേൾക്കാൻ ആരുമില്ല; നഗരസഭയുടെ ജനകീയ ഹോട്ടൽ അടഞ്ഞു തന്നെ
Mail This Article
പറക്കോട് ∙ ജംക്‌ഷനിലുള്ള അടൂർ നഗരസഭയുടെ ജനകീയ ഹോട്ടൽ ഇപ്പോഴും അടഞ്ഞു തന്നെ. വിശപ്പുരഹിത പദ്ധതി പ്രകാരം വിലക്കുറവിൽ ഊണുൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകുന്നതിനായി തുടങ്ങിയ ജനകീയ ഹോട്ടലാണ് മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. സമയത്തിനു സബ്സിഡി കിട്ടാത്തതും അംഗങ്ങളിൽ ചിലർ ഇതു വിട്ടു പോയതും കാരണം ഇതു നടത്തി കൊണ്ടിരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ഹോട്ടൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് ജനകീയ ഹോട്ടലിനു പൂട്ടു വീണത്.
ജനകീയ ഹോട്ടൽ തുടങ്ങുന്നതിനു മുൻപ് ഇതിന്റെ കെട്ടിടത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 5 കുടുംബശ്രീ അംഗങ്ങൾ കുടുംബശ്രീ കഫേ നടത്തുകയായിരുന്നു. ഇതാണ് പിന്നീട് ജനകീയ ഹോട്ടലായി മാറിയത്. കഫേയുടെ പ്രവർത്തനം തുടങ്ങിയ സമയത്ത് അതിലെ അംഗങ്ങൾ എടുത്തിരുന്ന വായ്പ കുടിശികയായി കിടക്കുന്നതിനാൽ പുതിയ കുടുംബശ്രീ അംഗങ്ങൾ ജനകീയ ഹോട്ടൽ ഏറ്റെടുത്ത് നടത്തുന്നതിനു മുന്നോട്ടു വരുന്നില്ല.
ഇതാണ് ഇപ്പോഴും അടഞ്ഞു കിടക്കാൻ കാരണം. വായ്പ കുടിശികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും നഗരസഭയിലെ സിഡിഎസ് അധികൃതർ പറഞ്ഞു.