ADVERTISEMENT

കുളനട ∙ വെള്ളിയാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ടിബി ജംക്‌ഷനും ദേവീ ക്ഷേത്രത്തിനുമിടയിൽ റോഡരികിലെ പത്തോളം കടകളിൽ വെള്ളം കയറി. കുളനട-ഓമല്ലൂർ റോഡരികിലെ കടകളാണ് വെള്ളത്തിലായത്. കാർത്തിക പെയിന്റ്സ്, ജിബിൻ ഡ്രൈവിങ് സ്കൂൾ, ഹോട്ടൽ, സ്റ്റേഷനറി കട, ജനകീയ ഹോട്ടൽ എന്നിവയിൽ ഉൾപ്പടെ വെള്ളം കയറിയിരുന്നു.

പെയിന്റ് കടയിൽ സൂക്ഷിച്ചിരുന്ന വൈറ്റ് സിമന്റ്, പുട്ടി എന്നിവ വ്യാപകമായി നശിച്ചു. മറ്റ് കടകൾക്കും കാര്യമായ നഷ്ടമുണ്ട്.  ഇന്നലെ പകൽ മഴ മാറി നിന്നെങ്കിലും വെള്ളക്കെട്ടൊഴിഞ്ഞില്ല. വീണ്ടും മഴ പെയ്താൽ കടകൾ പൂട്ടിയിടേണ്ട സ്ഥിതിയാണെന്നു വ്യാപാരികൾ പറയുന്നു. 

കഴിഞ്ഞ വർഷവും സമാനരീതിയിൽ ഈ ഭാഗത്ത് വെള്ളം കയറി വ്യാപകമായി നാശനഷ്ടമുണ്ടായി. കുളനട-ഓമല്ലൂർ റോഡ് 15 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞ വർഷമാണ് പുനർനിർമിച്ചത്.  ബിഎം, ബിസി മാതൃകയിൽ ടാറിങ് പൂർത്തിയാക്കിയതൊഴിച്ചാൽ മറ്റ് ജോലികൾ പൂർത്തിയാക്കിയിരുന്നില്ല. ഈ ഭാഗത്ത് ടാറിങ് കഴിഞ്ഞപ്പോൾ റോഡ് ഉയർന്നു. 

എന്നാൽ, ടിബി ജംക്‌ഷനെത്തും മുൻപു പനച്ചക്കൽ കടയുടെ ഭാഗം വരെ മാത്രമാണ് ഓട നിർമിച്ചത്. മഴ സമയത്തു വെള്ളം ഒഴുകി പോകാനിടമില്ലാതെ ആയതോടെയാണ് പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്നത്. അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com