മൂഴിയാർ മേഖലയിലും ആഫ്രിക്കൻ ഒച്ച്

Mail This Article
സീതത്തോട്∙ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ജീവനക്കാർ താമസിക്കുന്ന മൂഴിയാർ മേഖലയിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വ്യാപകമാകുന്നു. ഇവയെ പൂർണമായും നശിപ്പിക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യം. കഴിഞ്ഞ 2 വർഷമായി ഇവയുടെ സാന്നിധ്യം ഉണ്ട്.മൂഴിയാർ പവർഹൗസ്,40 ഏക്കർ കോളനി, സായിപ്പിൻകുഴി ആദിവാസി കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ ഏറ്റവും കൂടുതലായി കാണുന്നത്. ഇവയുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാൻ കഴിയുന്നില്ല.
മിക്ക ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾക്കു സമീപം മുൻപ് പച്ചക്കറി കൃഷി ഉണ്ടായിരുന്നു. ഒച്ചിന്റെ വരവോടെ ഇവ പൂർണമായും നിലച്ചു.ഇലകൾക്കു മുകളിൽ സ്ഥാനം പിടിക്കുന്ന ഒച്ചുകൾ നിമിഷങ്ങൾക്കകം ഇവ തിന്നു തീർക്കുകയാണ് പതിവ്. കപ്പ, വാഴ, ചേമ്പ്, ചേന തുടങ്ങിയ കൃഷികൾക്കു നേർക്കും ഇവയുടെ ആക്രമണം ഉണ്ട്.ചെടികളും പൂർണമായും നശിച്ചു.
മഴക്കാലത്താണ് ഇവയുടെ സാന്നിധ്യം ഏറെയുള്ളത്. വേനൽ സമയം ഒച്ചുകൾ ഭൂമിക്കടിയിലേക്കു പിൻമാറുകയാണ് പതിവെന്ന് മൂഴിയാർ നിവാസികൾ പറയുന്നു. തുരിശ് അടിച്ച് ഇവയെ നശിപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.ഫലപ്രദമായ മറ്റ് രീതികൾ സ്വീകരിച്ച് ഇവയെ തുടച്ച് നീക്കുന്നതിനുള്ള നടപടികളാണ് മൂഴിയാർ നിവാസികൾ ആവശ്യപ്പെടുന്നത്.