ADVERTISEMENT

സീതത്തോട്∙ഗവി റൂട്ടിൽ വഴി തടഞ്ഞു കാട്ടാനക്കൂട്ടം. വഴി മാറാൻ വെടിയുതിർത്തു വനപാലകർ. കാട്ടാനകളുടെ വഴി തടയൽ തുടർ സംഭവമാകുന്നു.കഴിഞ്ഞ രണ്ടാഴ്ചയായി മൂഴിയാർ പെൻ സ്റ്റോക്ക് ക്രോസിങ് മുതൽ ആനത്തോട് വരെയുള്ള ഭാഗത്തു മൂന്നംഗ ‘കാട്ടാനസംഘം’ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം ഉറപ്പാണ്. ചില ദിവസങ്ങളിൽ വാഹനങ്ങളുടെ മുന്നിൽ നിന്ന് ഇവ മാറുന്നത് ഏറെ സമയം കഴിഞ്ഞാണ്. മിക്കപ്പോഴും കെഎസ്ആർടിസി ബസുകളെയാണ് ആനക്കൂട്ടം വഴിയിൽ തടയുന്നത്.വീണ്ടും അങ്ങനൊരു സംഭവത്തിനു ശനിയാഴ്ച രാത്രി കുമളി ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ജീവനക്കാരും സഞ്ചാരികളും സാക്ഷ്യം വഹിച്ചു.

ഗവി റൂട്ടിൽ ഐസി ടണൽ പഴയ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾക്കു പോകാൻ കഴിയാത്ത വിധം റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു പിൻതിരിപ്പിക്കാൻ പച്ചക്കാനം പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വനപാലക സംഘം ആകാശത്തേക്കു വെടിയുതിർത്തുന്നു.
ഗവി റൂട്ടിൽ ഐസി ടണൽ പഴയ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾക്കു പോകാൻ കഴിയാത്ത വിധം റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു പിൻതിരിപ്പിക്കാൻ പച്ചക്കാനം പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വനപാലക സംഘം ആകാശത്തേക്കു വെടിയുതിർത്തുന്നു.

കുമളിയിൽ നിന്നു പത്തനംതിട്ടയിലേക്കു വരും വഴി ആനത്തോട് അണക്കെട്ടിനു സമീപം കുമളി ഡിപ്പോയിലെ ബസ് രാവിലെ തകരാറിലായിരുന്നു. ഇവയുടെ തകരാർ പരിഹരിച്ചു വൈകുന്നേരത്തോടെ വീണ്ടും കുമളിയിലേക്കു മടങ്ങാൻ തുടങ്ങുമ്പോൾ ഐസി ടണൽ പഴയ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വച്ച് പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം ബസും റിക്കവറി വാനും തടയുകയായിരുന്നു.ഇവർക്കൊപ്പം മറ്റ് വാഹനങ്ങളും ഉണ്ടായിരുന്നു.

സന്ധ്യ സമയം വരെ കാത്തു കിടന്നിട്ടും കാട്ടാനകൾ വാഹനങ്ങളുടെ മുന്നിൽ നിന്നു മാറാൻ തയ്യാറാകാഞ്ഞതോടെ ബസ് ജീവനക്കാർ വനം വകുപ്പിന്റെ സഹായം തേടി. വിവരം അറിഞ്ഞയുടൻ പച്ചക്കാനത്തു നിന്നു പെരിയാർ കടുവ സങ്കേതം കിഴക്ക് ഡിവിഷനിലെ ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി. 

കുറെ സമയം ബഹളം കൂട്ടി ആനയെ ഓടിക്കാൻ ശ്രമിച്ചിട്ടും ഇവ പോകാഞ്ഞതിനെ തുടർ‌ന്ന് ആകാശത്തേക്കു വെടിയുതിർത്തപ്പോഴാണ് ആനകൾ കാട്ടിലേക്കു പിൻമാറിയത്. തുടർന്നാണ് ബസും മറ്റ് വാഹനങ്ങൾക്കും യാത്ര തുടരാനായത്.സുരക്ഷിത പാതയാകും വരെ വനപാലക സംഘം ബസ് അടക്കമുള്ള വാഹനങ്ങളെ അനുഗമിച്ചു.

ആനകളെ പേടിച്ചാണ് ഈ റൂട്ടിലൂടെ ബസ് ഓടിക്കുന്നതെന്നും ഓരോ വളവ് പിന്നിടുമ്പോഴും ഇവയുടെ സാന്നിധ്യം പ്രതീക്ഷിച്ചാണ് യാത്രയെന്നും കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. വാഹനങ്ങൾക്കു നേർക്ക് ആക്രമണം ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല.

English Summary:

Wild Elephant Gang: How a Herd of Elephants Blocked a Road, and Forest Guards Took Action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com