ADVERTISEMENT

പത്തനംതിട്ട ∙ ലൈഫ് പദ്ധതി പ്രകാരമുള്ള വീടിന്റെ നിർമാണം പൂർത്തിയാക്കാൻ പണം കിട്ടാത്തിനാൽ ജീവനൊടുക്കുന്നതായി വയോധികന്റെ ആത്മഹത്യാ കുറിപ്പ്. ശനിയാഴ്ച വീടിനു മുൻവശത്തുള്ള റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഓമല്ലൂർ പള്ളം പറയനാലി ബിജു ഭവനത്തിൽ ഗോപിയുടെ (73) മൃതദേഹത്തിനു സമീപത്തുനിന്നു പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലാണ് ഇങ്ങനെ എഴുതിയിരുന്നത്. സന്തോഷ് മുക്ക് -മുട്ടുകുടുക്ക റോഡിൽ പള്ളം ഭാഗത്ത്, വീടുപണിക്ക് ഇറക്കിയ മെറ്റൽക്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നത്.

ആത്മഹത്യക്കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ– ‘ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ല. അതുകൊണ്ട് ഞാൻ പോകുന്നു. വീടിന്റെ പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനു മുമ്പ് വാർപ്പ് ലെവൽ വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം.-ഗോപി.പി’

ഒരു വർഷം മുൻപ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇദ്ദേഹത്തിന് വീട് അനുവദിച്ചിരുന്നു. ഇതിന്റെ ഭിത്തി നിർമാണം പൂർത്തിയാക്കിയെങ്കിലും പണം ഇല്ലാത്തതിനാൽ മേൽക്കൂര വാർക്കാൻ കഴിഞ്ഞില്ല. പണി പൂർത്തിയാക്കിയ വീട്ടിൽ ഓണം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹമെന്നു ഗോപി എപ്പോഴും പറയാറുണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

ഗോപിയുടെ രോഗബാധിതയായ ഭാര്യ ലീല ഒരു വർഷമായി ചികിത്സയിലാണ്. അടുത്തിടെ ലീലയുടെ കാലിന്റെ ഒരുഭാഗം മുറിച്ചുമാറ്റിയിരുന്നു. വീടിനോടു ചേർന്നുള്ള ചെറിയ ചായ്പിൽ സൗകര്യം ഇല്ലാത്തതിനാൽ അൽപം മാറി വാടകയ്ക്കു താമസിക്കുന്ന മകളുടെ സംരക്ഷണയിലാണ് ലീല ഇപ്പോൾ. ഗോപിയുടെ വൃക്കകളിലൊന്ന് മുൻപു നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയുടെ പ്രവർത്തനവും തകരാറിലായെങ്കിലും പണം കണ്ടെത്താനാകാതെ വന്നതോടെ തുടർ ചികിത്സ മുടങ്ങി. ഇരുവരുടെയും രോഗവും വീടുപണി തീർക്കാനാകാത്തതിന്റെ വിഷമവും അച്ഛനെ അലട്ടിയിരുന്നതായി മകൾ ടി.ജി. ബിന്ദുമോൾ പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാം ഗഡുവായ 1,60,000 രൂപയും ഗോപിക്കു ലഭിച്ചിരുന്നു. ഭിത്തിയുടെ പണികൾ വരെയെത്തിക്കാൻ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ. അവശേഷിക്കുന്ന തുകയായ 2 ലക്ഷത്തിൽ പകുതി മേൽക്കൂര വാർക്കുന്ന ആവശ്യത്തിനു ലഭിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്നും ബിന്ദുമോൾ പറഞ്ഞു. നിലവിലെ വീടിനടുത്തു തന്നെയാണ് ലൈഫിലെ വീട് പണി തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി മകളുടെ വീട്ടിലെത്തി ഭാര്യയ്ക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ ഗോപി 12 മണിയോടെയാണ് തീകൊളുത്തി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.ലൈഫ് പദ്ധതി വീട് നിർമാണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com