ADVERTISEMENT

കല്ലൂപ്പാറ ∙ ഒരു വൃക്ഷത്തിൽ നിറയെ ഗോളാകൃതിയിൽ ഫുട്ബോൾ വലുപ്പത്തിൽ പച്ചനിറത്തിലുള്ള കായ്കൾ. അമേരിക്ക ജന്മദേശമായിട്ടുള്ള കമണ്ഡലു വൃക്ഷം പഞ്ചായത്തിൽ കായ്ച്ചപ്പോൾ കാഴ്ചക്കാർക്ക് കൗതുകമായി. ഐക്കരപ്പടി തെക്കൻനാട്ടിൽ മേലേമുല്ലപ്പള്ളിൽ ലെജു ഏബ്രഹാമിന്റെ വീട്ടുമുറ്റത്താണ് കാലബാഷ് എന്നറിയപ്പെടുന്ന ഈ പഴം മരത്തിൽ പാകമായി നിൽക്കുന്നത്.

5 വർഷം മുൻപാണ് കമണ്ഡലു മരം വീട്ടിൽ കൊണ്ടുവന്ന് നട്ടത്. കാസർഗോഡുള്ള ഒരു സുഹൃത്ത് വഴി അവിടുത്തെ നഴ്സറിയിൽ നിന്നാണ് 2 തൈകൾ കൊണ്ടുവന്ന് നട്ടത്. കഴിഞ്ഞ വർഷം കായ്ച്ചെങ്കിലും കായ്കളൊന്നും അത്ര പാകമായിരുന്നില്ല. ഈ കൊല്ലമാണ് ഇത് വലുപ്പം വച്ചത്. പാകമായി കഴിഞ്ഞാൽ ഇവയുടെ പുറംതോടിന് നല്ല കട്ടിയുണ്ടാകും. നിലത്ത് വീണാൽ പോലും പൊട്ടില്ല. ഈ പഴത്തിന്റെ അകക്കൊമ്പ് മലേഷ്യയിലൊക്കെ ജ്യൂസിനായി ഉപയോഗിക്കാറുണ്ടെന്നുള്ള കേട്ടറിവിലാണ് ഇവ പുരയിടത്തിൽ നട്ടത്.

ഏകദേശം 10 കിലോ തൂക്കം വരെ ഈ പഴത്തിന് വരുമെന്നാണ് കർഷകൻ പറയുന്നത്. ഇതിന്റെ മാംസള ഭാഗത്തിന് ഔഷധ ഗുണവുമുണ്ട്. അധികമാരും ഇത് ഉപയോഗിക്കാറില്ല. ഇതിനുള്ളിലെ ജലത്തിന് രോഗപ്രതിരോധ ശേഷിയുണ്ടെന്നാണ് പറയുന്നത്. 4 എണ്ണം വിരിഞ്ഞതിൽ ഒന്ന് പൊഴിഞ്ഞു വീണു, മറ്റൊന്ന് ഒരാൾ കൊണ്ടുപോയി. ഇപ്പോൾ മരത്തിൽ രണ്ട് കായ്കളാണ് ഉള്ളത്. പുരാതന കാലത്ത് കമണ്ഡലു കായ്കളുടെ പുറതോട് കൊണ്ട് നിർമിച്ചിരുന്ന പാത്രങ്ങളാണ് ഋഷിമാർ വ്യാപകമായി ഉപയോഗിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.

കാലാബാഷിന് പുറമെ 15 ഇനം നാട്ടുമാവ്, പ്ലാവ്, മൂട്ടിപഴം, വിവിധതരം പേര, ആത്ത, വനത്തിലെ വൻമരങ്ങളായ കുന്തിരിക്കം, കറവേങ്ങ, താന്നി, തേൻപാവ്, ചടച്ചി (തേക്കിന്റെ അപരൻ), നെടുനാർ, ഇലവ്, കുളമാവ്, കുമ്പിൾ, സീതാഫൽ, വെള്ളിക്കോൽ നിർമിക്കാൻ ഉപയോഗിക്കുന്ന കരിമരം, 

വലിയ പലകപോലെയുള്ള കായ്കൾ ഉണ്ടാകുന്ന പലകപയ്യാനി, കലമാന്റെ കൊമ്പുകൾ പോലെ മുള്ളുകളുള്ള മൈലമരം, വിവിധതരം മുളകൾ തുടങ്ങി 150 ഇനം മരങ്ങളും പുളി, നാരകം, മുന്തിരിപേര, കാപ്പി, കുരുമുളക് (കല്ലൂപ്പാറ ഇനം) എന്നിവയും വീടിനോട് ചേർന്ന കൃഷിയിടത്തിൽ പരിപാലിക്കുന്നുണ്ട്. കാൽ നൂറ്റാണ്ടോളം മാധ്യമ രംഗത്ത് വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ചവയാണ് ഇവയിലധികവും. കൃഷികൾക്ക് ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് ഈ സമ്മിശ്ര കർഷകൻ പറയുന്നത്.

തിരുവില്ലാമലയിൽ മാത്രം കാണപ്പെടുന്ന വില്ലാദ്രി ഇനം പശുവും അതിന്റെ കാളയും ഗീർ ഇനം പശു, മലബാറി ഉൾപ്പെടെയുള്ള ആടിനങ്ങൾ, കരിങ്കോഴി ഉൾപ്പെടെയുള്ള കോഴികൾ, ഒപ്പം പുരയിടത്തിൽ മത്സ്യകൃഷിയുമുണ്ട്. പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള അവാർഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 3 വർഷം മുൻപ് ജോലിയിൽ നിന്നു സ്വയം വിരമിച്ചതോടെ കൃഷിയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com