പത്തനംതിട്ട ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കരാർ നിയമനം : കോന്നി ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫിസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പബ്ലിക് റിലേഷൻസ് ഓഫിസർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
പ്രായപരിധി 18-40. പിആർഒ യോഗ്യത: എംഎസ്ഡബ്ല്യു/എംബിഎ, എംപിഎച്ച്, കംപ്യൂട്ടർ പരിജ്ഞാനം. ഡേറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡിസിഎ ആൻഡ് ടാലി. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഡിസംബർ 6 രാവിലെ 10ന് മുൻപ് പ്രിൻസിപ്പൽ/സൂപ്രണ്ട് ഓഫിസിൽ അഭിമുഖത്തിന് എത്തണം. രജിസ്‌ട്രേഷൻ അന്ന് 9 മുതൽ 10 വരെ. 04682344801
ഗ്ലൂക്കോമീറ്റർ സ്ട്രിപ് വിതരണം
പത്തനംതിട്ട ∙ ജില്ലാ സാമൂഹികനീതി ഓഫിസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റർ അനുവദിച്ചു നൽകിയിട്ടുള്ള ഗുണഭോക്താക്കൾക്ക് അഡീഷനൽ സ്ട്രിപ്പിന് വകുപ്പിന്റെ പോർട്ടലായ www.sjd.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സുനീതി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. 0468 2325168
ഡിജിറ്റൽ സർവെ റെക്കോർഡുകൾ പരിശോധിക്കാം
വളളിക്കോട് ∙ വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ റെക്കോർഡുകൾ ഡിസംബർ 26 വരെ പഞ്ചായത്ത് ഓഫിസിന് എതിർവശത്തുളള വളളിക്കോട് ഡിജിറ്റൽ സർവെ ക്യാംപ് ഓഫിസിൽ പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായും പരിശോധിക്കാം. റെക്കോർഡുകളിൽ പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം അടൂർ റീസർവെ സൂപ്രണ്ടിനു ഫോറം നമ്പർ 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം.
വൈദ്യുതി തൂണുകളിലെ അനധികൃത കേബിൾ നീക്കണം
അടൂർ∙ വൈദ്യുതി സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ അടൂർ നഗരസഭയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും വൈദ്യുതി ലൈനിലെ അറ്റകുറ്റ പണികൾ നടത്തുന്നതിനും തടസ്സമായി വൈദ്യുതി തൂണുകളിൽ അപകടകരമായി ചുരുട്ടി കെട്ടിയിരിക്കുന്ന കേബിളുകളും ടാഗ് ചെയ്യാത്തതും അനധികൃതമായി വലിച്ചിരിക്കുന്നതുമായ കേബിളുകളും ഡിസംബർ 5നു മുൻപായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഇനിയൊരറിയിപ്പു കൂടാതെ കേബിളുകൾ നീക്കം ചെയ്യുമെന്നും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കേബിൾ ഓപ്പറേറ്റർമാർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അംഗീകൃത ഷൂട്ടർമാരെ തേടുന്നു
അടൂർ∙ ഏറത്ത് പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അംഗീകൃത ഷൂട്ടർമാരെ പഞ്ചായത്ത് തേടുന്നു. താൽപര്യമുള്ളവർ രേഖകളുമായി പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെടണം.
കാടു തെളിക്കണം
അടൂർ∙ ഏറത്ത് പഞ്ചായത്തിൽ കാടുമൂടി കിടക്കുന്ന സ്വകാര്യ വസ്തുക്കളിൽ കാട്ടുപന്നികളും ഇഴജന്തുക്കളും താവളമാക്കുന്ന സാഹചര്യത്തിൽ സ്വകാര്യ വസ്തു ഉടമകൾ അടിയന്തരമായി കാടുവെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് പാപ്പച്ചൻ അറിയിച്ചു.
താലൂക്ക് വികസന സമിതിയോഗം
കോഴഞ്ചേരി ∙ താലൂക്ക് വികസനസമിതി യോഗം ഡിസംബർ 2ന് 11ന് പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ ചേരും.