ADVERTISEMENT

തിരുവല്ല ∙ മല്ലപ്പള്ളി റോഡിൽ ദീപ ജംക്‌ഷനിലെ തകർന്ന കലുങ്കിന്റെ സ്ഥാനത്ത് പുതിയ കലുങ്ക് നിർമിക്കാൻ മാസങ്ങൾ വേണ്ടിവരും. മൂന്നൂ മാസമെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് പിഡബ്ല്യുഡി വിലയിരുത്തൽ.കലുങ്ക് പൊളിച്ചു പണിയുന്നത് ക്ലേശകരമായ ദൗത്യമാണ്. ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ റോഡിന് അടിയിലൂടെയാണ് പോകുന്നത്. തീർഥാടന കാലം തുടങ്ങിയതോടെ ഇത് ഉടനെ മാറ്റിയിടുക സാധ്യമല്ല. ജല അതോറിറ്റിയുടെ കുറ്റപ്പുഴയിലേക്കുള്ള 300 എംഎം ജലവിതരണ പൈപ്പും കൊമ്പാടി സംഭരണിയിലേക്കുള്ള 250 എംഎം പമ്പിങ് ലൈനും കലുങ്കിനടിയിലാണ്. ഇതു രണ്ടും മാറ്റി സ്ഥാപിക്കേണ്ടിയിരിക്കുന്നു

ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ് .തിരുവല്ല-മല്ലപ്പള്ളി റോഡിന്റെ തുടക്കഭാഗത്തുള്ള ഈ കലുങ്കിന് 40 വർഷത്തോളം പഴക്കമുണ്ട്. കലുങ്ക് പൊളിച്ചു നിർമിക്കുന്നതിന് 25 ലക്ഷം രൂപയുടെ കരാർ നൽകിയെങ്കിലും പണികൾ വൈകുകയായിരുന്നു.തിരുവല്ല മല്ലപ്പള്ളി റോഡിൽ ദീപ ജം‌ക്‌ഷനിലെ കലുങ്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട്  കഴിഞ്ഞ കുറേ ദിവസങ്ങളായി റോഡിലെ ഗതാഗതം നിരോധിച്ചതു മൂലം പൊതുജനങ്ങളും, യാത്രക്കാരും വ്യാപാരികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

തിരുവല്ല പട്ടണവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതയായ ആയ മല്ലപ്പള്ളി റോഡിന്റെ കവാടത്തിലാണ് ഓടയും കലുങ്ങും. ഇവയുടെ നിർമാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. ബദൽ സംവിധാനം കണ്ടെത്താതെയും, കൃത്യമായ പ്ലാനിങ് ഇല്ലാതെയും റോഡിന് കുറുകെ പത്തടി വീതിയിൽ കുഴിച്ചിട്ടിരിക്കുന്നത്.നിലവിൽ കാൽനടക്കാർക്കു പോലും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇതു സംബന്ധിച്ച് നഗരത്തിലെ വ്യാപാരികൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലീമിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി എസി. എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.

നഗരസഭ അധ്യക്ഷ അനു ജോർജ്, വാർഡ് കൗൺസിലർ മാത്യൂസ് ചാലക്കുഴി എന്നിവരോടൊപ്പം വ്യാപാരി സംഘടന ഭാരവാഹികൾ സ്ഥലം സന്ദർശിച്ച് പിഡബ്ല്യുഡി അധികാരികളോട് ബുദ്ധിമുട്ടുകൾ വിശദീകരിച്ചു.ക്രിസ്മസ്, പുതുവത്സര സീസൺ അടുത്ത സാഹചര്യത്തിൽ നിർമാണം മൂലം റോഡുകൾ അടച്ചത് വ്യാപാരികൾക്കും പൊതുജനത്തിനും ഏറെ ബുദ്ധമുട്ടായി. റെയിൽവേ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുമായി ബന്ധപ്പെട്ട തിരുവല്ലയിലെ ഗതാഗത തിരക്കു കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഗതാഗത നിരോധനം: പ്രതിഷേധിച്ചു

തിരുവല്ല∙ മല്ലപ്പള്ളി റോഡ് ആരംഭിക്കുന്ന ഭാഗത്ത് നിർമിക്കുന്ന കലുങ്ക് നിർമാണം സംബന്ധിച്ച് മൂന്ന് മാസത്തേക്ക് ഗതാഗതം നിരോധിക്കാനുള്ള തീരുമാനം അപക്വവും പ്രതിഷേധാർഹവുമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ. ‌ഇവിടം അടച്ച് ഗതാഗത യോഗ്യമല്ലാതാക്കുന്നതു ഗതാഗത പ്രശ്നങ്ങൾക്കു കാരണമാകും. വൺവേ യാത്രാനുമതി നൽകി സമയബന്ധിതമായി പണി പൂർത്തീകരിക്കണം തിരുവല്ലയുടെ ഹൃദയഭാഗത്തെ ഗതാഗതം വഴിമുട്ടിക്കുന്നത് സർക്കാരും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണെന്നും ഈ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com