ADVERTISEMENT

ശബരിമല ∙ പരാതിക്ക് ഇടനൽകാതെ വെളിച്ചം ഒരുക്കുന്ന തിരക്കിലാണ് കെഎസ്ഇബി ജീവനക്കാർ. സന്നിധാനത്തും പമ്പയിലുമായി ഉള്ളത് 3178 ലൈറ്റുകൾ. തീർഥാടകർ ഉള്ള സ്ഥലങ്ങളിൽ വെളിച്ചം കുറുവുണ്ടെന്നു പൊലീസ് വിളിച്ചു പറഞ്ഞാൽ അപ്പോൾതന്നെ കെഎസ്ഇബി ജീവനക്കാരെത്തി വഴിവിളക്ക് സ്ഥാപിക്കും. നാട്ടിൽ പരാതി പറയാൻ സെക്‌ഷൻ ഓഫിസിലേക്കു വിളിച്ചാൽ മിക്കപ്പോഴും ഫോൺ എടുക്കാറില്ലെന്ന പരാതി ഉള്ളപ്പോഴാണ് ഇവിടെ വിളിപ്പുറത്ത് ഓടിയെത്തുന്നത്.

സന്നിധാനത്ത് 2028, പമ്പയിൽ 1150 ലൈറ്റുകളാണ് ഉള്ളത്. മാസ‌പൂജയ്ക്കു കത്തിക്കുന്നതിനായി പമ്പയിൽ 848 സ്ഥിരം ലൈറ്റുകൾ ഉണ്ടായിരുന്നു. 302 ലൈറ്റുകൾ കൂടുതലായി സ്ഥാപിച്ചു. ഇതിൽ ഭൂരിഭാഗവും എൽഇഡി ലൈറ്റുകളാണ്. അതിനുപുറമേ സോ‍ഡിയം വേപ്പർ ലാംപ്, ട്യൂബ് സെറ്റ് എന്നിവയും ഉണ്ട്. വൃശ്ചികം ഒന്നിനു നട തുറന്നപ്പോൾ തന്നെ കരിമല പാതയിലൂടെ തീർഥാടകർ എത്തിത്തുടങ്ങി.

അതിനാൽ കരിമല പാതയിൽ ഇത്തവണ നേരത്തെ ലൈൻ വലിച്ചു വഴിവിളക്കുകളും സ്ഥാപിച്ചു. ചെറിയാനവട്ടം മുതൽ വലിയാനവട്ടം വരെ 2 കിലോമീറ്റർ ദൂരത്തിലാണ് ലൈൻ വലിച്ച്  94 ലൈറ്റ് പുതിയതായി സ്ഥാപിച്ചു. കരിമല പാതയിൽ 48 പോസ്റ്റുകൾ ഉള്ളതിൽ 7 എണ്ണം കാട്ടാനകൾ തള്ളിയിട്ട് നശിപ്പിച്ചു. അവ മാറ്റിയിട്ടാണ് ലൈൻ വലിച്ചത്. 

സന്നിധാനത്ത് 1213  സ്ഥിരം ലൈറ്റുകൾ ഉണ്ട്. അതിനു പുറമേയാണ് 815 ലൈറ്റുകൾ പുതിയതായി സ്ഥാപിച്ചത്. കെഎസ്ഇബി 3 മാസം മുൻപു തന്നെ തീർഥാടന ഒരുക്കങ്ങൾ തുടങ്ങി. കൊച്ചുപമ്പയിൽ നിന്നാണ് ത്രിവേണിയിൽ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തുന്നത്. കാറ്റിൽ മരങ്ങൾ വീണു ടവർ ലൈനിൽ തടസ്സം ഉണ്ടാകാതിരിക്കാൻ അവ തെളിച്ചു. പമ്പ ത്രിവേണി സബ് സ്റ്റേഷനിൽനിന്നു സന്നിധാനം, ശബരിമല, മരക്കൂട്ടം എന്നീ മൂന്ന് 11 കെവി ഫീഡർ ലൈൻ വഴിയാണ് സന്നിധാനത്ത് തടസ്സമില്ലാതെ വൈദ്യുതി എത്തുന്നത്. വൈദ്യുതി ലൈൻ വന്യമൃഗങ്ങൾക്ക്  അപകട സാധ്യത ഉള്ളതിനാൽ പകരം എബിസി കേബിൾ വലിച്ചാണു സ്ഥിരം ഫീഡർ ലൈൻ ഒരുക്കിയത്. സന്നിധാനത്ത് 23, പമ്പയിൽ 12 ട്രാൻസ്ഫോമറും ഉണ്ട്. 

പമ്പയിൽ ത്രിവേണി, ചക്കുപാലം, ഗണപതികോവിൽ, നീലിമല പാത, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിലും ആവശ്യമായ വഴിവിളക്കുകൾ‌ സ്ഥാപിച്ചു. കച്ചവടക്കാർക്ക് വിളിപ്പുറത്താണു കണക്‌ഷൻ നൽകുന്നത്. എല്ലാ രേഖകളും ശരിയാക്കി രാത്രി അപേക്ഷ നൽകിയാലും അപ്പോൾ തന്നെ കണക്‌ഷൻ നൽകുന്ന സംവിധാനമാണ് പമ്പയിലും സന്നിധാനത്തും ഉള്ളത്.സന്നിധാനത്ത് അസി. എൻജിനീയർ എസ്.ആർ.വിനോദിന്റെ നേതൃത്വത്തിൽ 13, പമ്പയിൽ സബ് എൻജിനീയർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ 11 ജീവനക്കാരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com