ADVERTISEMENT

ഇലവുംതിട്ട∙ നെഞ്ചുവേദന അനുഭവപ്പെട്ട അയൽക്കാരനെ ആശുപത്രിയിലെത്തിക്കാൻ എത്തിയപ്പോൾ രണ്ടര പവന്റെ മാല മോഷ്ടിക്കുകയും വിറ്റ് കിട്ടിയ പണം ലോട്ടറി അടിച്ചെന്ന് പറഞ്ഞ് നാട്ടിൽ ചെലവഴിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മേലുത്തേമുക്ക് പൂപ്പൻകാല ദീപുസദനം ദീപുവിനെയാണ്(38) പൊലീസ് ഇൻസ്‌പെക്ടർ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മേലുത്തേമുക്ക് അജിഭവനിൽ കല ഭാസ്‌കറിന്റെ പരാതിയിലാണ് അറസ്റ്റ്.

കലയുടെ സഹോദരി ഭർത്താവ് ജ്ഞാനദാസിന്റെ മാലയാണു മോഷ്ടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. നെഞ്ചുവേദനയെത്തുടർന്ന് ജ്ഞാനദാസിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായത്തിന് വന്നതായിരുന്നു ദീപു. ഈ സമയം ജ്ഞാനദാസ് തന്റെ സ്വർണമാല ഊരി കട്ടിലിന്റെ പടിയിൽ വച്ചിരുന്നു. 

ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ വന്ന ദീപു കാറിന്റെ താക്കോൽ നൽകുന്നതിന് വീട്ടിൽ കയറി. താൻ മാലയൂരി കട്ടിലിൽ വച്ചിരുന്നെന്ന് ജ്ഞാനദാസ് ഞായറാഴ്ചയാണ് ബന്ധുക്കളോട് പറഞ്ഞത്. വിവരം സഹോദരി കലയെ അറിയിച്ചു. അവർ വീട്ടിൽ പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തനിക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ദീപു പണവുമായി എത്തി സുഹൃത്തുക്കളുമായി ആഘോഷിച്ചു. 

സംശയം തോന്നി ദീപുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മാല പത്തനംതിട്ടയിലെ ജ്വല്ലറിയിൽ 1.27 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് അറിഞ്ഞത്. കസ്റ്റഡിയിലെടുത്ത ദീപുവിനെ ജ്വല്ലറിയിൽ എത്തിച്ച് മാല കണ്ടെടുത്തു. സുഹൃത്തുക്കൾക്ക് ചെലവ് ചെയ്തതിന്റെ ബാക്കി 96,000 രൂപ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ദീപുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com