ADVERTISEMENT

വെച്ചൂച്ചിറ ∙ കുരുമ്പൻമൂഴിക്ക് ഇന്നലെ ആഘോഷമായിരുന്നു. കുട്ടിക്കൊമ്പൻ വിരുന്നുകാരനായെത്തിയതിന്റെ സന്തോഷം. നാടു മുഴുവൻ ആനയെ കാണാനെത്തി. മൊബൈൽഫോണുകളിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കുരുമ്പൻമൂഴി കൊണ്ടാട്ടുകുന്നേൽ സാജുവിന്റെ പുരയിടത്തിലാണ് ഇന്നലെ രാവിലെ 9 മണിയോടെ കുട്ടിയാനയെ കണ്ടത്. പ്രസവിച്ചതിനു പിന്നാലെ കൂട്ടംതെറ്റിയ ആനയാണെന്നു സ്ഥിരീകരിക്കാൻ ചിത്രങ്ങൾ കണ്ട വനപാലകർ ആദ്യം തയാറായില്ല.

ഒരു വയസ്സെങ്കിലുമുള്ള ആനയാകാമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ സ്ഥലത്തെത്തിയ റാന്നി റേഞ്ച് ഓഫിസർ ബി.ദിലീഫാണ് സ്ഥിരീകരണം നൽകിയത്. ഇതിനകം കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിലുള്ളവരെല്ലാം റബർ തോട്ടത്തിൽ തടിച്ചു കൂടിയിരുന്നു. പുറംനാടുകളിൽ നിന്നും കാഴ്ചക്കാരെത്തി. വനാതിർത്തിയിൽ താമസിക്കുന്നവർ പോലും ഇത്തരത്തിൽ അടുത്ത് കുട്ടിയാനയെ കണ്ടിട്ടില്ല.   കുട്ടിയാനയുടെ അരയിൽ തുണി ചുറ്റുന്നതും കുപ്പിയിൽ കരിക്കിൻ വെള്ളം കൊടുക്കുന്നതുമെല്ലാം അവർ ആകാംഷയോടെയാണു വീക്ഷിച്ചത്. ഒരു കുഞ്ഞിനു നൽകുന്ന പരിചരണമെല്ലാം നിമിഷങ്ങൾക്കുള്ളിൽ വനപാലകർ കുട്ടിക്കു നൽകി.അവശതയിൽ നിന്ന് കുട്ടിക്കൊമ്പനെ മോചിപ്പിക്കാനായിരുന്നു ശ്രമം.

  പാൽ കുടിക്കാത്തതിന്റെയും അമ്മയുടെ പരിചരണം ലഭിക്കാത്തതിന്റെയും വീണപ്പോൾ ക്ഷതമേറ്റതിന്റെയും അവശതയാണ് അവൻ പ്രകടമാക്കിയത്. വനപാലകരുടെ പരിശോധനയിൽ ദേഹത്ത് ഒരു മുറിവും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വേഗം വെറ്ററിനറി സർജന്റെ സേവനം ലഭ്യമാക്കാനായിരുന്നു വനപാലകരുടെ ശ്രമം. ആനയെ വലയിലാക്കിയാണ് കുത്തിറക്കത്തിലൂടെ റോഡിലെത്തിച്ചത്. വനപാലകർക്കൊപ്പം നാട്ടുകാരും ഇതിൽ പങ്കാളികളായി.  വനം വകുപ്പിന്റെ  പിക്കപ് വാനിലാക്കി വെച്ചൂച്ചിറ മൃഗാശുപത്രിയിൽ എത്തിച്ചപ്പോഴും കുട്ടിക്കൊമ്പനെ കാണാൻ തിരക്കു പ്രകടമായിരുന്നു. ചികിത്സ ലഭ്യമാക്കേണ്ടതിനാൽ ആളുകളെ മാറ്റിനിർത്തി. വൈകും വരെ വെറ്ററിനറി സർജൻമാരുടെയും വനപാലകരുടെയും പരിചരണത്തിലായിരുന്നു. കുറുമ്പു കാട്ടിയും ചുറ്റിത്തിരിഞ്ഞുമൊക്കെ അവൻ വനപാലകരെ വട്ടം ചുറ്റിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com