ADVERTISEMENT

തിരുവല്ല ∙ സൃഷ്ടികളോടുള്ള വിശ്വസ്തതയാകണം ശുശ്രൂഷയുടെ അടിസ്ഥാനമെന്ന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മാർത്തോമ്മാ സഭയിലെ നവാഭിഷിക്ത ബിഷപ്പുമാരെ അനുമോദിച്ച് നടന്ന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മാർഥത, സുതാര്യത, കഠിനാധ്വാനം എന്നിവയാണു വിജയിക്കാനാവശ്യം. നാളെ ദൈവം വിളിക്കുമെന്ന വീക്ഷണത്തോടെ പ്രവർത്തിച്ചാൽ പതിൻമടങ്ങ് പ്രതിഫലം നമ്മുടെ പ്രവർത്തനങ്ങൾക്കുണ്ടാകും. മനുഷ്യനെ കരുതാൻ കഴിഞ്ഞാൽ മാത്രമേ അവനെ ദാരിദ്യത്തിൽനിന്നു മോചിപ്പിക്കാൻ കഴിയൂ. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തീണ്ടലും തൊടീലും. പുതിയ അഭിഷിക്തർക്കു അതിനെതിരെ പ്രവർത്തിക്കാൻ കഴിയട്ടെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിൽ ക്രൈസ്തവർ ന്യൂനപക്ഷമാണ്. ജനാധിപത്യത്തിനു കോട്ടം സംഭവിച്ച സമയങ്ങളിലെല്ലാം ഇടപെട്ട പാരമ്പര്യമുള്ള സഭയാണു മാർത്തോമ്മാ സഭ. രാജ്യത്തിന്റെ മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന വേദിയാണിത്. ഇതു തുടരണമെന്നും അദ്ദേഹം പറഞ്ഞു. മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. 12 വർഷത്തിനു ശേഷം സഭയ്ക്കു ലഭിച്ച അനുഗ്രഹമാണു പുതിയ ബിഷപ്പുമാരെന്നും ജനുവരി മുതൽ 12 ഭദ്രാസനങ്ങൾക്കും 12 ചുമതലക്കാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക കാലത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ നവാഭിഷിക്തർക്കു കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ആർച്ച് ബിഷപ് ഡോ. ജോറിസ് വെർക്കമൻ, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മലങ്കര മെത്രാപ്പൊലീത്ത, സിഎസ്ഐ മധ്യകേരള ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാത്യു ടി.തോമസ് എംഎൽഎ, പത്മശ്രീ ജേതാവ് ശോശാമ്മ ഐപ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. തോമസ് മാർ തീത്തോസ്, സീനിയർ വികാരി ജനറൽ റവ. ജോർ‌ജ് മാത്യു, സഭ സെക്രട്ടറി റവ. എബി ടി.മാമ്മൻ എന്നിവർ പ്രസംഗിച്ചു. വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയൽ, അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് എന്നിവർ മംഗളപത്രം സമർപ്പിച്ചു.

സ്‌ഥാനാരോഹണത്തിന് നേതാക്കളുടെ നിര

മാർത്തോമ്മാ സഭ എപ്പിസ്‌കോപ്പൽ സ്ഥാനാരോഹണത്തിനു സാക്ഷിയാകാൻ നേതാക്കളുടെ നിര. ചീഫ് വിപ് എൻ. ജയരാജ്, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴിക്കാടൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, കെ.യു.ജനീഷ്കുമാർ, പ്രമോദ് നാരായണൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, മുൻ എംഎൽഎമാരായ പി.സി.ജോർജ്, ജോസഫ് എം.പുതുശേരി, രാജു ഏബ്രഹാം, എലിസബത്ത് മാമ്മൻ മത്തായി,  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ്  ഫാ. സിജോ പന്തപ്പള്ളിൽ, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, സെറിഫെഡ് ചെയർമാൻ വിക്‌ടർ ടി.തോമസ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. സനൽകുമാർ, നഗരസഭാധ്യക്ഷ അനു ജോർജ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, കെപിസിസി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, റിങ്കു ചെറിയാൻ തുടങ്ങിയവരും സ്ഥാനാഭിഷേകത്തിന് എത്തിയിരുന്നു.

ആശംസകൾ നേർന്ന് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത

സ്നേഹത്തിന്റെയും യഥാർഥ പൗരോഹിത്യത്തിന്റെയും പ്രതീകങ്ങളായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ മാർത്തോമ്മാ സഭയുടെ മേൽപട്ട സ്ഥാനത്തേക്ക് അഭിഷേകം ചെയ്യപ്പെട്ടതിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രാർഥനാപൂർവമായ ആശംസകൾ നേർന്ന് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത.

മാഞ്ചസ്റ്ററിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ഭദ്രാസന ആസ്ഥാനത്തുനിന്നു ഞാനും ഈ സന്തോഷത്തിൽ പങ്കുചേരുന്നു. ഏറ്റവും സ്നേഹവും ബഹുമാനവും നിറഞ്ഞ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയോടും സഫ്രഗൻ മെത്രാപ്പോലീത്തമാരോടും സഭയിലെ എപ്പിസ്കോപ്പമാരോടും സഭാ ജനങ്ങളോടും സ്നേഹവും ആശംസയും പങ്കുവയ്ക്കുന്നതായി അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

∙ സ്നേഹത്തിന്റെയും യഥാർഥ പൗരോഹിത്യത്തിന്റെയും പ്രതീകങ്ങളായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ മാർത്തോമ്മാ സഭയുടെ മേൽപട്ട സ്ഥാനത്തേക്ക് അഭിഷേകം ചെയ്യപ്പെട്ടതിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രാർഥനാപൂർവമായ ആശംസകൾ നേർന്ന് സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത.

മാഞ്ചസ്റ്ററിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ഭദ്രാസന ആസ്ഥാനത്തുനിന്നു ഞാനും ഈ സന്തോഷത്തിൽ പങ്കുചേരുന്നു. ഏറ്റവും സ്നേഹവും ബഹുമാനവും നിറഞ്ഞ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയോടും സഫ്രഗൻ മെത്രാപ്പോലീത്തമാരോടും സഭയിലെ എപ്പിസ്കോപ്പമാരോടും സഭാ ജനങ്ങളോടും സ്നേഹവും ആശംസയും പങ്കുവയ്ക്കുന്നതായി അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

മാർ ക്രിസോസ്റ്റത്തിന്റെ സാന്നിധ്യമില്ലാതിരുന്നസ്ഥാനാരോഹണ ശുശ്രൂഷ

7 പതിറ്റാണ്ടിനുള്ളിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സാന്നിധ്യമില്ലാതിരുന്ന എപ്പിസ്കോപ്പൽ സ്ഥാനാരോഹണ ശുശ്രൂഷയായിരുന്നു ഇന്നലെ എസ്‍സിഎസ് മൈതാനിയിൽ നടന്നത്. 1953 മുതലുള്ള എല്ലാ എപ്പിസ്‌കോപ്പൽ സ്‌ഥാനാരോഹണത്തിനും അദ്ദേഹം ഉണ്ടായിരുന്നു. ഇതിന് മുൻപ് 12 വർഷം മുൻപ് 2011 ഓഗസ്റ്റ് 13ന് നടന്ന എപ്പിസ്കോപ്പൽ സ്ഥാനാരോഹണ ശുശ്രൂഷയിൽ അനുഗ്രഹ പ്രഭാഷണം നടത്താൻ വലിയ മെത്രാപ്പൊലീത്ത ഉണ്ടായിരുന്നത് വിശ്വാസ ഹൃദയങ്ങളിൽ ഇന്നലെ സ്മരണയായി ഉണർന്നു.

68 വർഷം ബിഷപ്പായിരുന്ന മാർ ക്രിസോസ്റ്റമാണ് മലങ്കര സഭയിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്നത്. മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത, ഒഫീഷ്യേറ്റിങ് മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, വലിയ മെത്രാപ്പൊലീത്ത സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. മാർ ക്രിസോസ്റ്റത്തിന്റെ സെക്രട്ടറിയായിരുന്നു ഇന്നലെ അഭിഷിക്തനായ സഖറിയാസ് മാർ അപ്രേം. മാർ അപ്രേം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെയും സെക്രട്ടറിയായിരുന്നു.

സ്വർഗീയ ഗാനാലാപനമായി ഡിഎസ്എംസി

മാർത്തോമ്മാ സഭയുടെ സംഗീത വിഭാഗമായി ഡിഎസ്എംസിയാണ് ബിഷപ് സ്ഥാനഭിഷേക ശുശ്രൂഷയുടെ സംഗീത ശുശ്രൂഷ നിർവഹിച്ചത്. നൂറോളം ഗായകർ പങ്കുചേർന്നു. 15 ഗാനങ്ങളും ആരാധന ഗാനങ്ങളും ആശംസാ ഗാനവും ഇവർ പാടി. ഡയറക്ടർ റവ.ആശിഷ് തോമസ് ജോർജ് നേതൃത്വം നൽ‌കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com