മുഴുവൻ സമയവും തിരുപ്പതി മോഡൽ ക്യൂ; ശബരിമല തിരക്കിന് നിയന്ത്രണം

Mail This Article
ശബരിമല ∙ ദർശനത്തിന് ഒട്ടേറെ ഭക്തരെത്തിയിട്ടും തിരുപ്പതി മോഡൽ ക്യൂ മുഴുവൻ സമയവും നടപ്പാക്കിയതോടെ തിക്കിത്തിരക്കു കുറഞ്ഞു സന്നിധാനം. ഇന്നലെ പുലർച്ചെ മുതൽ ക്യൂ കോംപ്ലക്സുകളിൽ തീർഥാടകരെ നിയന്ത്രിച്ച ശേഷം, സന്നിധാനത്തുനിന്നു ലഭിച്ച പൊലീസ് നിർദേശം അനുസരിച്ച് ഓരോ കോംപ്ലക്സുകളും തുറന്നു നൽകുകയായിരുന്നു. ശനി– ഞായർ ദിവസങ്ങളിൽ ശരാശരി 7–8 മണിക്കൂർ വരെ സമയമെടുത്താണു പലരും പമ്പയിൽനിന്നു സന്നിധാനത്ത് എത്തിയത്. എന്നാൽ ഇന്നലെ ഇതിനു വേണ്ടിവന്നതു ശരാശരി 4–5 മണിക്കൂറാണെന്നു തീർഥാടകർ പറഞ്ഞു.
നിർമാല്യ ദർശന സമയത്തു ശരംകുത്തി മുതലുള്ള 6 ക്യൂ കോംപ്ലക്സുകളിൽ രണ്ടെണ്ണമാണു പ്രവർത്തിപ്പിച്ചത്. പിന്നീട് ഉച്ചയോടെ തിരക്കു വർധിച്ചപ്പോൾ 6 ക്യൂ കോംപ്ലക്സുകളും തുറന്നു. സന്നിധാനത്തെ തിരക്കു കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിലും 6 ക്യൂ കോംപ്ലക്സുകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ശബരിപീഠത്തിനും മരക്കൂട്ടത്തിനുമിടയിൽ ഭക്തർ പൊലീസ് നിയന്ത്രണം ലംഘിച്ചു. ക്യൂ കോംപ്ലക്സുകളിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള ഷെഡുകൾക്കു മുന്നിൽ വച്ചാണ് വടംകെട്ടിയുള്ള നിയന്ത്രണം ചില ഭക്തർ ഭേദിച്ചത്. ഷെഡുകളിൽ കയറാതെ വലതു ഭാഗത്തെ വഴിയിലൂടെ ഇവർ മുന്നോട്ടോടിയതോടെ ഷെഡുകളിൽ വരിനിന്ന ചില ഭക്തരും ബാരിക്കേഡ് ഭേദിച്ച് ഇവർക്കൊപ്പം ചാടിയിറങ്ങി. പിന്നീടു കൂടുതൽ പൊലീസെത്തിയാണു സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.