ADVERTISEMENT

റാന്നി ∙ പള്ളിക്കടവിലേക്ക് പുതിയ റോഡ് നിർമിച്ചതോടെ അങ്ങാടി–കൊറ്റനാട് ജല വിതരണ പദ്ധതിക്കായി പമ്പാനദിയിലെ പള്ളിക്കടവിൽ നിർമിക്കുന്ന കിണറിനും പമ്പ് ഹൗസിനും സാധന സാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസ്സം നീങ്ങി. അങ്ങാടി ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിനു സമീപത്തു നിന്നും പമ്പാനദി തീരത്തു കൂടിയാണ് മണ്ണുമാന്തി ഉപയോഗിച്ചു പുതിയ റോഡ് പണിതത്. ടിപ്പർ ലോറികളിൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ കഴിയുന്ന വീതിയിലാണ് റോഡ് പണിതിട്ടുള്ളത്. സ്ഥലം സന്ദർശിച്ച ജല അതോറിറ്റി ചീഫ് എൻജിനീയർ റോഡ് നിർമിച്ചു നൽകണമെന്ന് അങ്ങാടി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആറിന്റെ തീരത്തു കൂടി റോഡ് പണിതത്. 

റോഡിന്റെ പുനരുദ്ധാരണം ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷന്റെ ചുമതലയിൽ നടത്തും. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടി–കൊറ്റനാട് ജല വിതരണ പദ്ധതി നിർമിക്കുന്നതിനുള്ള ചുമതല അടൂർ‌ പ്രോജക്ട് ഡിവിഷനെയാണ് ജല അതോറിറ്റി ഏൽപിച്ചിരിക്കുന്നത്. ഇരു പഞ്ചായത്തിലെയും എല്ലാ കുടുംബങ്ങൾക്കും പൂർണമായും ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുകയാണു ലക്ഷ്യം. 

അനുവദിച്ചത്  75.37 കോടി 
കൊറ്റനാട് പഞ്ചായത്തിന് 50.51 കോടി രൂപയും അങ്ങാടിക്ക് 24.86 കോടി രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ജല ശുദ്ധീകരണ പ്ലാന്റ്, പുതിയ സംഭരണികൾ എന്നിവ നിർമിക്കുന്നതിനും ജല വിതരണ കുഴലുകൾ, മോട്ടറുകൾ എന്നിവ സ്ഥാപിക്കുന്നതിനുമുള്ള തുകയാണിത്. ഇരു പഞ്ചായത്തുകളിലും പൈപ്പുകൾ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. കിണർ, പമ്പ് ഹൗസ് എന്നിവയുടെ നിർമാണത്തിനും കരാർ ക്ഷണിച്ചിട്ടുണ്ട്. 

പ്ലാന്റ് മാര്യാവിൽ 
പള്ളിക്കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുമ്പളന്താനം മാര്യാവിൽ നിർമിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റിലാണ് ശുദ്ധീകരിക്കുക. തുടർന്ന് ജല ശുദ്ധീകരണ പ്ലാന്റിന് ഇരു പഞ്ചായത്തുകളുടെ ഫണ്ടും ജനകീയ പങ്കാളിത്തത്തോടെ പണം സമാഹരിച്ചും ഭൂമി വാങ്ങിയിരുന്നു. പുറമേ കൊറ്റനാട് പഞ്ചായത്തിൽ 2 സംഭരണികളും നിർമിക്കും. അങ്ങാടിയിൽ നിലവിലുള്ള സംഭരണികളിലൂടെയാകും ജല വിതരണം. പുതിയ 2 സംഭരണികൾ‌ നിർമിക്കാനും പദ്ധതിയുണ്ട്. മേനാംതോട്ടം, പറക്കുളം, ഏഴോലി, മണ്ണാരത്തറ, ഈട്ടിച്ചുവട് എബനേസർപടി, ശാസ്താംകോവിൽ, കരിങ്കുറ്റി, കരിങ്കുറ്റിമല എന്നിവിടങ്ങളിലാണ് നിലവിൽ അങ്ങാടി പദ്ധതിക്കു സംഭരണികളുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com