ADVERTISEMENT

റാന്നി ∙ അത്തിക്കയം ജം‌ക്‌ഷനു സമീപം ശബരിമല തീർഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരുക്കില്ല. മൂന്നര മണിക്കൂറോളമാണ് ഗതാഗതം മുടങ്ങിയത്. ചെത്തോങ്കര–അത്തിക്കയം പാതയിൽ ഫെഡറൽ ബാങ്കിനു സമീപം ഇന്നലെ രാവിലെ 10 മണിയോടെയാണു സംഭവം. എരുമേലിയിൽ നിന്ന് ശബരിമലയ്ക്കു പോകുകയായിരുന്ന ആന്ധ്ര തീർഥാടകരുടെ ബസും പെരുനാട്–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമാണ് ഇടിച്ചത്. ഫെഡറൽ ബാങ്കിനു മുന്നിലെ ഇറക്കത്തിലൂടെ തീർഥാടകരുടെ ബസെത്തിയപ്പോൾ എതിരെ ബസെത്തുന്നുണ്ടെന്ന് വശത്തു നിന്നവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ രണ്ടു ബസുകളും മുഖാമുഖമെത്തി. വശത്തേക്ക് ഒതുക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ നിമിഷങ്ങൾക്കകം ഇടി കഴിഞ്ഞു. ഇരുബസുകൾക്കും നാശം നേരിട്ടിട്ടുണ്ട്. സ്വകാര്യ ബസിന്റെ മുന്നിലെ ചില്ല് പൊട്ടി. ഡ്രൈവറുടെ ക്യാബിനു സമീപത്തെ തകിടു പൊളിഞ്ഞു. സ്റ്റിയറിങ് ജാമായി. പെരുനാട്ടിൽ നിന്ന് പൊലീസെത്തിയാണ് പത്തരയോടെ തീർഥാടകരുടെ ബസ് വശത്തേക്കു നീക്കിയത്. സ്റ്റിയറിങ് ജാമായതിനാൽ സ്വകാര്യ ബസ് നീക്കാൻ കഴിഞ്ഞില്ല. ക്രെയിനിന്റെ സഹായത്തോടെ ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് സ്വകാര്യ ബസ് മാറ്റിയത്. 

തീർഥാടകർ കുടുങ്ങി
അത്തിക്കയത്തുണ്ടായ അപകടം മൂലം വലഞ്ഞത് ശബരിമല തീർഥാടകരാണ്. എരുമേലി–ഇലവുങ്കൽ ശബരിമല പാതയിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനു നിയന്ത്രണമുണ്ട്. അട്ടിവളവ് അപകട മേഖലയായതിനാൽ തീർഥാടന കാലത്ത് വലിയ വാഹനങ്ങൾ എരുമേലിയിൽ നിന്നു തിരിച്ചു വിടുകയാണ്. അവരധികവും മുക്കട–ഇടമൺ–അത്തിക്കയം പാതയിലൂടെ പെരുനാട് വഴി പൂവത്തുംമൂട്ടിലെത്തിയാണ് ശബരിമലയ്ക്കു പോകുന്നത്. 

ഇതുമൂലം കേരളത്തിനകത്തും പുറത്തും നിന്നുള്ള വലിയ വാഹനങ്ങളുടെ തിരക്കാണ് അത്തിക്കയത്തു പ്രകടമാകുന്നത്. ഇന്നലെ രാവിലെയെത്തിയ തീർ‌ഥാടകർ അപകടത്തിൽപെട്ട സ്വകാര്യ ബസ് റോഡിൽ നിന്നു നീക്കുന്നതുവരെ കുരുക്കിൽപെട്ടു കിടക്കുകയായിരുന്നു. ബസുകളുടെ നിര നീണ്ടിരുന്നു. വാഹനങ്ങളിൽ നിന്നിറങ്ങിയ തീർഥാടകർ റോഡിന്റെ വശങ്ങളിൽ‌ കുത്തിയിരിക്കുകയായിരുന്നു. ഒട്ടേറെ പേർ പമ്പാനദിയിലെ അത്തിക്കയം കടവിലെത്തി ദേഹശുദ്ധി വരുത്തുകയും ചെയ്തു. 

പൊലീസില്ല
അത്തിക്കയം വഴി ശബരിമല തീർഥാടകരുടെ തിരക്കു വർധിച്ചിട്ടും ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസില്ല. ശബരിമല പാതകളിൽ ഗതാഗത തടസ്സം നേരിട്ടാൽ പെരുനാട് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തേണ്ട സ്ഥിതിയാണ്. ചെത്തോങ്കര–അത്തിക്കയം, മുക്കട–അത്തിക്കയം എന്നീ പാതകൾ സന്ധിക്കുന്ന കണ്ണമ്പള്ളിയിലും പൊലീസിന്റെ സേവനം ലഭിക്കുന്നില്ല. അത്തിക്കയം പാലം ജംക്‌ഷനിലും ഇതേ സ്ഥിതിയാണ്. എന്നാൽ ഇടത്താവളമായ അറയ്ക്കമൺ ഭാഗത്ത് 2 സ്പെഷൽ പൊലീസിനെ സേവനത്തിനു നിയോഗിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് നിയമിച്ച 2 ലൈഫ് ഗാർഡുകൾ രാത്രിയും പകലും സേവനത്തിനുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ തിരക്കു കൂടും. ഇതിനനുസരിച്ച് പൊലീസിന്റെ സേവനം ലഭ്യമാക്കുകയാണാവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com