ADVERTISEMENT

പന്തളം ∙ പന്തളം ബൈപാസ് പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനം തുടങ്ങി. ബൈപാസ് കടന്നുപോകുന്ന ഭാഗങ്ങളിലെ കുടുംബങ്ങളുടെ പൊതുവായ വിവരങ്ങൾ ശേഖരിച്ചു വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സർക്കാർ എംപാനൽ ചെയ്തിട്ടുള്ള കണ്ണൂർ ഇരട്ടിയിലെ ഡോൺ ബോസ്കോ കോളജിൽ നിന്നുള്ള സംഘമാണ് സാമൂഹികാഘാത പഠനം നടത്തുന്നത്.  കുടുംബങ്ങളുടെ സാമൂഹിക, ഉപജീവന, കുടുംബ സംബന്ധമായ ബുദ്ധിമുട്ടുകളും ബൈപാസ് വരുമ്പോഴുണ്ടാകുന്ന സാമൂഹിക പുരോഗതിയും പഠന വിധേയമാകും.

പദ്ധതിക്കായി കൃഷിഭൂമി, നിർമിത വസ്തുക്കൾ എന്നിവ വിട്ടുകൊടുക്കുമ്പോൾ അവരുടെ പ്രതിമാസ വരുമാനത്തെ ബാധിക്കുമോയെന്നതും പഠിക്കും. പ്രദേശവാസികളിൽ നിന്ന് വ്യക്തിഗത വിവരശേഖരണത്തിനുള്ള ഫോം പൂരിപ്പിച്ചു വാങ്ങി റിപ്പോർട്ട് തയാറാക്കും. ഇത് പ്രസിദ്ധീകരിച്ചു 15 ദിവസങ്ങൾക്ക് ശേഷം ഹിയറിങ്ങും നടത്തും. ഹിയറിങ്ങിൽ ലഭിക്കുന്ന നിർദേശങ്ങളും പരാതികളും പരിഗണിച്ച ശേഷം അന്തിമ റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും.

2 മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം. 2018 നവംബറിലായിരുന്നു ബൈപാസ് പദ്ധതിയുടെ നിർമാണോദ്ഘാടനം. എംസി റോഡിൽ, കാത്തലിക് സിറിയൻ ബാങ്കിനു എതിർ വശത്തു നിന്നു തുടങ്ങി, മന്നം ആയുർവേദാശുപത്രി, മുട്ടാർ ജംക്‌ഷൻ വഴി മണികണ്ഠനാൽത്തറയിൽ എത്തുന്ന രീതിയിലാണ് പദ്ധതി. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ നീളം 3.8 കിലോമീറ്ററാണ്. 28.78 കോടി രൂപയാണ് പദ്ധതി തുക. ബൈപാസ് യാഥാർഥ്യമായാൽ പന്തളം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു വലിയ അളവിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com