ADVERTISEMENT

റാന്നി ∙ നാടിനെ കാർഷിക അഭിവൃദ്ധിയിലൂടെ സമ്പൽസമൃദ്ധമാക്കാൻ ലക്ഷ്യമിട്ടു നിർമിച്ച പമ്പാ ജലസേചന പദ്ധതി (പിഐപി) നാടിനു തന്നെ ശാപം. സംരക്ഷിക്കാനാരുമില്ലാതെ കാടും മരങ്ങളും വളർന്നു നശിക്കുകയാണു പദ്ധതിയുടെ കനാലുകൾ.  ശബരിഗിരി, കക്കാട് എന്നീ ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളം കക്കാട്ടാറ്റിലെ മണിയാർ ഡാമിൽ തടഞ്ഞു നിർത്തി കാർഷികാവശ്യത്തിനു വിനിയോഗിക്കുന്ന പദ്ധതിയാണിത്. റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല, ചെങ്ങന്നൂർ, കാർത്തികപള്ളി എന്നീ താലൂക്കുകളിലൂടെ കടന്നു പോകുന്ന പദ്ധതിയാണിത്. 

മണിയാർ മുതൽ വാഴക്കുന്നം വരെ തുരങ്കം, തുറന്ന കനാൽ എന്നിവ വഴിയാണു വെള്ളമെത്തിക്കുന്നത്. ഇതിന് 20 കിലോമീറ്റർ നീളമുണ്ട്. വാഴക്കുന്നത്ത് ഷട്ടർ വഴി വെള്ളം രണ്ടായി തിരിച്ച് ഇടതുകര, വലതുകര കനാലുകളിലൂടെയാണ് തുടർന്നു കടത്തി വിടുന്നത്. പ്രധാന ശാഖ, വിതരണം എന്നിങ്ങനെ 536 കിലോമീറ്റർ നീളത്തിൽ കനാൽ നിർമിച്ചിട്ടുണ്ട്.  വലതുകര കനാൽ 20.23 കിലോമീറ്ററും ഇടതുകര 47.15 കിലോമീറ്ററും ശാഖ കനാൽ 204 കിലോമീറ്ററും വിതരണ കനാൽ 243.3 കിലോമീറ്ററുമാണ്. 1980 ആരംഭഘട്ടത്തിൽ ഭാഗികമായി കമ്മീഷൻ ചെയ്ത പദ്ധതിയാണിത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.

പലയിടത്തും നിർമിച്ച കനാലുകൾ കൃഷിക്കു പ്രയോജനപ്പെടുന്നില്ല. കോൺക്രീറ്റ് അടർന്നു കനാലുകൾ തകർച്ച നേരിടുന്നു. ഇടത്തറ, ഉതിമൂട് വലിയകലുങ്ക്, കീക്കൊഴൂർ മലർ‌വാടി എന്നീ നീർപ്പാലങ്ങളിലെല്ലാം ചോർച്ച പ്രകടമാണ്. ഇതിനു പുറമേയാണ് കാടും പടലും വളരുന്നത്. കുരുടാമണ്ണിൽ നീർപ്പാലം പിന്നിട്ടെത്തുന്ന നീലംപ്ലാവ് ഭാഗത്തെ കനാലിൽ നിറയെ കാടാണ്. പുറമേ കനാൽ കാണാൻ കഴിയില്ല. ഇത്തരത്തിൽ പലയിടത്തും കനാലിനുള്ളിൽ മരങ്ങൾ വളരുന്നുണ്ട്. പിഐപിയുടെ അറ്റകുറ്റപ്പണിക്കായി ജലവിഭവ വകുപ്പ് അനുവദിക്കുന്ന ഫണ്ട് പരിമിതമാണ്. ഇതാണു പുനരുദ്ധാരണം സമയത്തിനു നടക്കാത്തതിനു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com