ADVERTISEMENT

കുറിയന്നൂർ  ∙ മകന്റെ ജീവിതത്തിന് നക്ഷത്രവിളക്കായൊരു അമ്മയ്ക്ക് ഇതു പ്രതീക്ഷയുടെ ക്രിസ്മസ്. 7 വർഷങ്ങൾക്കു ശേഷം അനന്തു(27) വീണ്ടും അമ്മ എന്ന് അവ്യക്തമായി പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വത്സമ്മ. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ സെന്റർ ആശുപത്രി പിഎംആർ– എ വാർഡിലെ 219–ാമത്തെ മുറി ഒരു മാസത്തിലേറെയായി അത്തരമൊരു പ്രതീക്ഷയ്ക്കു കാതോർക്കുകയായിരുന്നു. കോഴഞ്ചേരിക്കടുത്തു കുറിയന്നൂർ ഗ്രാമത്തിൽനിന്ന് അനന്തു വെല്ലൂരിൽ ചികിത്സയ്ക്കു പോയതു കഴി‍ഞ്ഞ മാസം.

2016 ഫെബ്രുവരിയിലാണ് അനന്തു വിന്റെ ജീവിതത്തെ നിത്യമൗനത്തിലാഴ്ത്തിയ സംഭവം. എൻജിനീയറിങ് വിദ്യാർഥിയായ അനന്തു കോളജിൽ എക്സിബിഷന്റെ ഭാഗമായി പന്തൽ ഉയർത്തുന്നതിനിടെ കൂടാരം കൈവഴുതി വീണതു സമീപത്തെ 11 കെവി ലൈനിലേക്ക്. തെറിച്ചു വീണ അനന്തു പൂർണമായും തളർന്നുപോയി. 2017 ൽ ചികിത്സ പരാജയപ്പെട്ടു തിരികെ പോരുമ്പോൾ വെല്ലൂരിലെ ഡോക്ടർമാർ പറഞ്ഞിരുന്നു. ചിരിക്കുകയോ കൈ ചലിപ്പിക്കുകയോ ചെയ്താൽ തിരികെ കൊണ്ടുവരണം.

അന്നു മുതൽ ഒരേകിടപ്പ്. മിണ്ടില്ല. ചിരിക്കില്ല. കണ്ണിമകൾ ചലിപ്പിക്കില്ല. അമ്മ വത്സമ്മയുടെയും പിതാവ് സുശീലന്റെയും പരിചരണത്തിനു നേരിയ ഫലമുണ്ടായി. അനന്തു ഏതാനും മാസങ്ങൾ മുൻപു വിരലുകൾ ചലിപ്പിച്ചു. നീട്ടി പേരുവിളിക്കുമ്പോൾ പുഞ്ചിരി മിന്നി മറയും. അത് അമ്മയുടെ മനസ്സിൽ പ്രതീക്ഷയുടെ മിന്നലായി. മാർത്തോമ്മാ ഇടവകയും കുമ്പനാട്ടെ ചില വ്യക്തികളും ചേർന്നു നൽകിയ സഹായമാണ് ആംബുലൻസിൽ വെല്ലൂരിലേക്കു തിരിക്കാനുള്ള പിൻബലമായത്. ഫിസിയോതെറപ്പി, തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന വ്യായാമങ്ങൾ, ശസ്ത്രക്രിയ എന്നിവയാണ് ഡോക്ടർ നിർദേശിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com