ADVERTISEMENT

കടുവയും കാട്ടുപോത്തും കാട്ടാനകളും സ്വൈര്യവിഹാരം നടത്തുന്ന പെരിയാർ കടുവ സങ്കേതത്തിലെ ഘോരവനം! മലമടക്കുകൾക്കു വെള്ളിയരിഞ്ഞാണം കെട്ടിയതു പോലെ ഒഴുകിയെത്തുന്ന കാട്ടരുവികൾ. ഉയർന്ന മലനിരകൾ, പാറക്കൂട്ടങ്ങൾ... അരുവികൾ പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറുന്നു... ശബരിമല സന്നിധാനത്തിന്റെ ദാഹമകറ്റുന്ന പ്രകൃതിയുടെ വരദാനമായ കുന്നാറിന്റെ കഥയാണിത്.

അയ്യപ്പദർശനത്തിന്റെ പുണ്യംതേടി ഭക്ത കോടികളാണു വർഷവും ശബരിമലയിൽ എത്തുന്നതെങ്കിലും പ്രകൃതിയുടെ മായാജാലമായ കുന്നാറിന്റെ സൗന്ദര്യം അധികമാരും അറിഞ്ഞിട്ടില്ല. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കർശന നിയന്ത്രണമുള്ള സ്ഥലമായതിനാൽ അവിടേക്ക് അധികമാരെയും കടത്തിവിടാറില്ല. 

കുന്നാറിന്റെ ബാല്യം
പണ്ട്, വളരെ കുറച്ചു തീർഥാടകർ മാത്രം ദർശനത്തിന് എത്തിയിരുന്ന കാലം ശബരിമലയ്ക്കുണ്ടായിരുന്നു. വേനൽക്കാലമായാൽ വനമേഖലയിലെ കാട്ടരുവികൾ വറ്റും. നീരൊഴുക്കില്ലാതെ പമ്പാനദിയും വരളും. അക്കാലത്തു സന്നിധാനത്തെ ആവശ്യത്തിനു കുമ്പളംതോട്ടിൽ നിന്നാണു വെള്ളം ശേഖരിച്ചിരുന്നത്. വേനലിന്റെ തീവ്രത കൂടുമ്പോൾ കുമ്പളം തോടും വറ്റും.

പിന്നീട് തീർഥാടകരുടെ എണ്ണം വർധിച്ചു. കുമ്പളംതോട്ടിലെ വെള്ളം തികയാതെ വന്നതോടെ അടുത്ത മാർഗത്തെപ്പറ്റി ചിന്തയായി. അക്കാലത്താണു ശബരിഗിരി  ജലവൈദ്യുതി പദ്ധതിക്കായി കൊച്ചുപമ്പ, കക്കി, ആനത്തോട് എന്നിവിടങ്ങളിൽ അണക്കെട്ടുകൾ നിർമിക്കാനുള്ള പരിശോധനകൾ നടന്നത്. അക്കൂട്ടത്തിലാണ് കുന്നാറിൽ തടയണ കെട്ടിയാൽ പമ്പിങ് ഇല്ലാതെ സ്വാഭാവിക നീരൊഴുക്കിൽ സന്നിധാനത്ത് വെള്ളമെത്തിക്കാമെന്നു കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ 1954 ഏപ്രിൽ 15നു കുന്നാറിലെ കാട്ടരുവിയിൽ തടയണ നിർമിച്ചു.

sabarimala-kunnar-reservoir
കുന്നാറിലെ വെള്ളച്ചാട്ടം

തടയണയ്ക്ക് പൊലീസ് കാവൽ
സന്നിധാനത്തുനിന്ന് 6.7 കിലോമീറ്റർ ദൂരമുണ്ട് കുന്നാർ ഡാമിലെത്താൻ. ഇവിടെനിന്നു പാണ്ടിത്താവളത്തിലെ സംഭരണിയിൽ വെള്ളം എത്തിക്കാൻ ഇട്ട പൈപ്പ് ലൈൻ കടന്നുപോകുന്ന ഒറ്റയടിപ്പാതയാണ് ഏക വഴി. കാട്ടാനയുടെയും മറ്റു മൃഗങ്ങളുടെയും ശല്യമുള്ളതിനാൽ യാത്രാനിയന്ത്രണമുണ്ട്. തടയണയ്ക്കു പൊലീസ് കാവലുണ്ട്. അവിടെയുള്ള പൊലീസുകാർക്കു ഭക്ഷണം തയാറാക്കാൻ ദേവസ്വം ബോർഡ് താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണു ഭക്ഷണത്തിനുള്ള സാധനങ്ങളുമായി ദേവസ്വം ജീവനക്കാർ കുന്നാറിലേക്കു പോകുന്നത്. പൊലീസിന്റെയും വനപാലകരുടെയും അകമ്പടിയുമുണ്ട്. ഇവർക്കു താമസിക്കാൻ ടിൻ ഷീറ്റുകൊണ്ടാണു ഷെഡ്. ജനറേറ്റർ പ്രവർത്തിപ്പിച്ചാണു വെളിച്ചം നൽകുന്നത്.

5 അരുവികൾ കടന്നാണു കുന്നാറിലേക്കുള്ള ഒറ്റയടിപ്പാത പോകുന്നത്. പൈപ്പിടാൻ മാത്രം വീതിയിൽ നിർമിച്ച പാലത്തിലൂടെ വേണം മറുകര കടക്കാൻ. ചില ഭാഗത്തു മറുകര കടക്കുക സാഹസിക യാത്രയാണ്. 

തീർഥാടകരുടെ എണ്ണം വർധിച്ചതോടെ വെള്ളം തികയാതെ വന്നു. അതേസമയം, തടയണ കവിഞ്ഞൊഴുകി വെള്ളം പാഴായിരുന്നു. എങ്ങനെ കൂടുതൽ വെള്ളം എത്തിക്കാമെന്നായി ദേവസ്വം ബോർഡിന്റെ ആലോചന. ആവശ്യത്തിനു പണവും ഇല്ലായിരുന്നു. ടാറ്റ ടീ കമ്പനിയുടെ മുൻ ചെയർമാൻ പരേതനായ കൃഷ്ണകുമാറാണു കുന്നാറിൽനിന്നു സന്നിധാനത്തേക്കു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും പുതിയ സംഭരണി പാണ്ടിത്താവളത്തിൽ നിർമിക്കുന്നതിനും ആവശ്യമായ പണം നൽകിയത്. 1995ൽ ടാറ്റയുടെ ചെലവിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. സന്നിധാനത്തുനിന്ന് 4.5 കിലോമീറ്റർ അകലെ മറ്റൊരു തടയണയും അവരുടെ ചെലവിൽ‌ നിർമിച്ചു. കുന്നാറിലേക്കുള്ള പ്രധാന പാതയിൽനിന്ന് അര കിലോമീറ്റർ ഉള്ളിലേക്കു മാറിയാണ് ഈ തടയണ. കുന്നാറിലേക്ക് ഒഴുകിവരുന്ന അത്രയും വെള്ളം ഈ തടയണയിൽ ഇല്ല. 

ടാറ്റയുടെ ചെലവിൽ 6 ഇഞ്ച് വലുപ്പമുള്ള പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ പഴയതിനെ ദേവസ്വം ബോർഡ് കയ്യൊഴിഞ്ഞു. എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ പഴയ പൈപ്പ് മാന്തിയെടുത്ത് അതിട്ടാണു തകരാർ പരിഹരിക്കുന്നത്. ആകെയുള്ള 6.7 കിലോമീറ്ററിൽ 4 കിലോമീറ്റർ ദൂരത്തെയും പഴയ പൈപ്പുകൾ ഈ വിധത്തിൽ മാറ്റി. പുതിയ പൈപ്പ് സ്ഥാപിക്കാൻ മാസ്റ്റർ പ്ലാനിൽ 2 കോടിയുടെ പദ്ധതിക്ക് ടെൻഡർ വിളിച്ചെങ്കിലും ആരും എടുത്തില്ല.  

കുന്നാറിലേക്കുള്ള അപകട വഴി
മകരവിളക്കിനു സന്നിധാനത്തു പ്രതിദിനം 2.5 കോടി ലീറ്റർ വെള്ളമാണ് ആവശ്യം. ഇപ്പോൾ 2 കോടി ലീറ്റർ വെള്ളം കുന്നാറിൽനിന്നു ദിവസവും എത്തുന്നുണ്ട്. എല്ലാ സംഭരണികളും നിറച്ചു കരുതൽ ശേഖരം ഉണ്ടാക്കിയാണു ക്ഷാമമില്ലാതെ പോകുന്നത്.

കുന്നാർ തടയണയുടെ ഉയരം കൂട്ടി കൂടുതൽ വെള്ളം സംഭരിക്കുന്നതിനുള്ള ആലോചനയും നടന്നു. ഇതിനായി കേന്ദ്ര വന്യജീവി ബോർഡിന്റെ അനുമതിക്കായി ദേവസ്വം ബോർഡ് അപേക്ഷ നൽകി. 5 വർഷം മുൻപു വന്യജീവി ബോർഡ് അപേക്ഷ തള്ളി. കടുവ, ആന, കാട്ടുപോത്ത് എന്നിവയ്ക്കു പുറമേ വംശനാശം നേരിടുന്ന ജീവജാലങ്ങളും വിവിധ ഇനം സസ്തനികളും ഉരഗങ്ങളുമുള്ള പ്രദേശമാണെന്നതാണു കാരണം. 952 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സങ്കേതത്തിലെ നിത്യഹരിത വനമെന്ന പ്രത്യേകതയും കുന്നാറിനുണ്ട്.

4 വർഷം മുൻപു നടന്ന സർവേയിൽ പെരിയാർ കടുവ സങ്കേതത്തിൽ 40 കടുവ ഉള്ളതായിട്ടാണു കണ്ടത്. ഇപ്പോളത് 46 ആയി. തീർഥാടനം തുടങ്ങുന്നതിനു 2 മാസം മുൻപു സന്നിധാനത്തിലെ ബെയ്‌ലി പാലത്തിൽ വിശ്രമിക്കുന്ന കടുവയെ മേൽശാന്തി ഉൾപ്പെടെ കണ്ടിരുന്നു. സന്നിധാനം ഗോശാലയിലെ 2 പശുക്കളെ കടുവ പിടിച്ചിട്ട് അധികമായില്ല. അതിനാൽ കുന്നാറിലേക്കുള്ള യാത്ര അപകടമാണെന്ന മുന്നറിയിപ്പും വനം വകുപ്പും നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com