ADVERTISEMENT

പത്തനംതിട്ട∙ വടക്കൻ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യം നഗരത്തിനു പുതുമയുടെ കാഴ്ചയൊരുക്കി.  തെയ്യക്കോലങ്ങളിലെ വിസ്മയക്കാാഴ്ചയായ രക്തചാമുണ്ഡിയും തീച്ചാമുണ്ഡിയും നഗരസഭ ഇടത്താവളത്തിൽ ദൃശ്യചാരുതയൊരുക്കി. രാത്രി ഏഴരയോടെ തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം നടന്നു.  കണ്ണൂരിൽ നിന്നെത്തിയ സുനിൽ പണിക്കരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെയ്യം കെട്ടിയാടിയത്. അദ്ദേഹത്തിന്റെ മകൻ ദിനിലാണു തീച്ചാമുണ്ഡി കോലധാരി. 

തെയ്യത്തിന്റെ ഐതിഹ്യവും അപദാനങ്ങളുമായി തോറ്റം തുടങ്ങിയതു തന്നെ നഗരത്തിനു പുതുമയായിരുന്നു. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച നരസിംഹമൂർത്തിയെ ബഹുമാനിക്കാത്ത അഗ്നിദേവന്റെ അഹങ്കാരം അടക്കുന്നതിനായി മഹാവിഷ്ണു അഗ്നിയിലേക്കു കടന്ന് അതിനെ വെറും കരിക്കട്ടകളാക്കിയെന്നാണ് ഐതിഹ്യം. 

പരമഭക്തനായ പാലന്തായി കണ്ണൻ എന്ന യുവാവിനെ നാടുവാഴിയായ കുറുവാടൻ വെട്ടിക്കൊലപ്പെടുത്തിയെന്നും അതിൽ രോഷം പൂണ്ട വിഷ്ണുമൂർത്തി കുറുവാടന്റെ തറവാട്ടിൽ അനർഥങ്ങൾ കാട്ടിയെന്നും തോറ്റത്തിൽ പറയുന്നു. അനർഥം മാറാൻ കണ്ണനെയും പരദേവതയായ വിഷ്ണുമൂർത്തിക്കൊപ്പം കെട്ടിയാടിക്കണമെന്നതും ഐതിഹ്യമാണ്. വിഷ്ണുമൂർത്തിയായി മേലേരിയെന്ന അഗ്നികുണ്ഡത്തിനു വലം വച്ച് ആചാരവണക്കം നടത്തിയാണ് ഒറ്റക്കോലം എന്നുകൂടി അറിയപ്പെടുന്ന തീച്ചാമുണ്ഡി ആദ്യം കളത്തിലെത്തി മടങ്ങിയത്. 

തുടർന്നു മുഖത്തെഴുത്തും ചമയവും പൂർത്തിയാക്കി  രക്തചാമുണ്ഡി കളത്തിലെത്തി. ധനീഷാണ് രക്തചാമുണ്ഡി കോലം കെട്ടി ആടിയത്. രക്തബീജാസുരനെ വധിച്ച ഭദ്രകാളി സങ്കൽപമാണു രക്തചാമുണ്ഡിയുടേത്. തീച്ചാമുണ്ഡി ഉത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ജയൻ ചെറുവള്ളി, കെ.കെ.അരവിന്ദാക്ഷൻ, റോഷൻ നായർ, അജി അയ്യപ്പ, ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com