ADVERTISEMENT

പന്തളം ∙ മകരവിളക്കുത്സവത്തിനു ശേഷം നാളെ ശബരിമല നട അടയ്ക്കുന്നതോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്കുള്ള മടങ്ങും. പമ്പയിലെത്തിയ ശേഷം പരമ്പരാഗത കാനന പാതയിലൂടെയാണ് മടക്കം. 24ന് രാവിലെ ഏഴോടെ പന്തളം കൊട്ടാരത്തിലെത്തും.പന്തളത്തേക്കുള്ള യാത്രയിൽ ആദ്യ വിശ്രമം ളാഹ വനം വകപ്പ് സത്രത്തിലാണ്. 22ന് പുലർച്ചെ ഇവിടെനിന്നു പുറപ്പെട്ട് പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തും.ഇവിടെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദർശനമുണ്ട്. 23ന് പുലർച്ചെ മൂന്നോടെ പെരുനാട്ടിൽ നിന്നു തിരിക്കും. വടശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺ വഴി ആറന്മുള കൊട്ടാരത്തിലെത്തി വിശ്രമിക്കും.

24ന് പുലർച്ചെ 4ന് യാത്ര തുടങ്ങും. കിടങ്ങന്നൂർ, കുളനട ദേവീക്ഷേത്രം, പന്തളം വലിയ പാലം വഴി ഏഴോടെ പന്തളം കൊട്ടാരത്തിലെത്തും. തിരുവാഭരണ പെട്ടികൾ ദേവസ്വം ബോർഡ് അധികൃതരിൽനിന്ന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ഏറ്റുവാങ്ങും. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റും. മടക്കയാത്രയിലും വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്.

തിരുവാഭരണങ്ങൾ ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനും വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തി ദർശനമുണ്ട്. പന്തളം കൊട്ടാരം കുടുംബാംഗം അംബികത്തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമുണ്ടായിരുന്നില്ല. അശുദ്ധി കഴിഞ്ഞതോടെ കൊട്ടാരം കുടുംബാംഗങ്ങൾ സന്നിധാനത്തെത്തിയിട്ടുണ്ട്. കളഭപൂജയിലും ഗുരുതിയിലും അവർ പങ്കെടുക്കും.

മകരവിളക്കു ചടങ്ങുകൾ അവസാനഘട്ടത്തിൽ
ശബരിമല ∙ സന്നിധാനത്തെ മകരവിളക്കു ചടങ്ങുകൾ അവസാനഘട്ടത്തിൽ. ഇന്നലെ നെയ്യഭിഷേകം പൂർത്തിയായി. മണിമണ്ഡപത്തിൽ നിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്നലെ രാത്രി നടന്നു. അത്താഴ പൂജയ്ക്കുശേഷം  എഴുന്നള്ളത്തിനുള്ള ചടങ്ങുകൾ തുടങ്ങി. തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന തിരുമുഖം ആലേഖനം ചെയ്ത തിടമ്പിലേക്ക് അയ്യപ്പനെ ആവാഹിച്ചാണ് എഴുന്നള്ളത്തു തുടങ്ങിയത്. 

തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന തലപ്പാറ, ഉടുമ്പാറ മലദൈവങ്ങളുടെ കൊടികൾ, കുട, വിളക്ക്, അധികാര ചിഹ്നമായ വാള‍്‍, പരിച തുടങ്ങിയവയുടെ അകമ്പടിയിൽ ജീവതയിലാണ് എഴുന്നള്ളിയത്. ശരംകുത്തിയിൽ എത്തിയ ശേഷം നായാട്ടുവിളി നടന്നു. തുടർന്നു മകരവിളക്ക് ഉത്സവം സമാപിച്ചതായുള്ള സങ്കൽപത്തിൽ തീവെട്ടി അണച്ചു. വാദ്യമേളങ്ങൾ നിർത്തി. നിശ്ബദമായിട്ടായിരുന്നു തിരിച്ചെഴുന്നള്ളിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com