ADVERTISEMENT

റാന്നി പെരുനാട് ∙ സ്ത്രീകളുടെ ശബരിമലയായ കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം തിരുവാഭരണം ചാർത്ത് ഉത്സവത്തിനായി ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. പുലർച്ചെ 2 വരെ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഭക്തർക്കു ദർശിക്കാനാകും. 

മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിലും ചാർത്തുന്നത്. ശബരിമലയോളം പഴക്കമുള്ളതാണ് പെരുനാട് ക്ഷേത്രവും. പന്തളം രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമിച്ചത്. പെരുനാട്ടിലെ കൂടക്കാവിൽ, വെള്ളാമണ്ണിൽ, മണ്ഡകത്ത്, കോയിക്കമണ്ണിൽ എന്നീ കുടുംബങ്ങളെല്ലാം ശബരിമല ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടവയാണ്. ശബരിമലയിൽ‌ നായാട്ടുവിളിക്കുള്ള അവകാശം കോയിക്കമണ്ണിൽ കുടുംബത്തിനാണ്. 

ഘോരവനത്തിലൂടെ ശബരിമലയിലെത്തി പൂജകൾ നടത്തുന്നതിലെ ബുദ്ധിമുട്ടുകൾ മൂലം പണ്ട് പെരുനാട് ക്ഷേത്രത്തിലാണ് പൂജകൾ നടത്തിയിരുന്നത്. 10 നാളത്തെ ഉത്സവത്തിൽ 5 ദിവസം നടത്തിയിരുന്നതും പെരുനാട്ടിലാണ്. ചിന്മുദ്രാങ്കിത യോഗ സമാധിയിലുള്ള വിഗ്രഹമാണ് പെരുനാട്ടിലേതും. ഇവിടെ തിരുവാഭരണം ദർശിക്കാനെത്തുന്നവരിൽ അധികവും സ്ത്രീകളാണ്. കേരളത്തിനകത്തും പുറത്തും നിന്നുള്ള സ്ത്രീകൾ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാനായി മാത്രം എത്താറുണ്ട്. 

ഇന്നലെ രാവിലെ ശബരിമലയിൽനിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ളാഹ വനം സത്രത്തിലാണ് വിശ്രമിച്ചത്. അവിടെ ഇന്ന് പുലർച്ചെ പുറപ്പെടും. മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷന് സമീപം സ്രാമ്പിക്കൽ വീട്ടിലെത്തിയാണ് വിശ്രമിക്കുന്നത്. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ രാവിലെ 9.30ന് സ്രാമ്പിക്കൽ പടിയിൽനിന്നു സ്വീകരിക്കും. ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം നടത്തിയാണ് തിരുവാഭരണ പേടകങ്ങൾ ഉള്ളിലേക്കെടുക്കുന്നത്. തിരുവാഭരണം വിഗ്രഹത്തിൽ ചാർത്തും മുൻപുതന്നെ ദർശനത്തിനുള്ള നിര കിലോമീറ്ററുകൾ പിന്നിട്ടിരിക്കും. എല്ലാ ഭകതർക്കും ദർശനം നൽകിയിട്ടാണ് പുലർ‌ച്ചെ മടക്കയാത്ര. നാളെ ആറന്മുളയിൽ വിശ്രമിക്കും. 24ന് രാവിലെ പന്തളത്തെത്തും.

ഉത്സവത്തിന്റെ ഭാഗമായി ഇന്ന് 5ന് അഷ്ടാഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 1.30ന് നാദസ്വരക്കച്ചേരി, 5ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, താലപ്പൊലി, മുത്തുക്കുടകൾ, നാദസ്വരം, പഞ്ചവാദ്യം, ശിങ്കാരിമേളം, ശിങ്കാരക്കാവടി, തെയ്യം എന്നിവയുടെ അകമ്പടിയോടെ കൂടക്കാവിലേക്ക് എഴുന്നള്ളത്ത്, 5.30ന് തിരുവാതിര, 6ന് നൃത്തവിരുന്ന്, 9ന് സേവ, 9.45ന് കക്കാട് രാജേഷ്ഭവൻ രാജേഷും സംഘവും നടത്തുന്ന നായാട്ടുവിളി, 10ന് സംഗീതാർ‌ച്ചന, 11ന് നൃത്തനാടകം, 1.30ന് ഗാനമേള എന്നിവയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com