ADVERTISEMENT

സീതത്തോട് ∙ ശബരിമല പാതയിലെ ളാഹയിൽ ബസ് മറിഞ്ഞതായി വ്യാജ സന്ദേശം. രക്ഷാപ്രവർത്തനത്തിനു സർവ സന്നാഹങ്ങളുമായി കിലോമീറ്ററുകൾ താണ്ടിയെത്തി അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും ഏറെ നേരത്തേ തിരച്ചിലിനു ശേഷം മടങ്ങി. വ്യാജ സന്ദേശം നൽകിയ ഫോൺ ഉടമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ളാഹയിൽ തീർഥാടകരുടെ ബസ് മറിഞ്ഞെന്ന സന്ദേശം പത്തനംതിട്ട ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിൽ എത്തുന്നത്. അരമണിക്കൂറിനുള്ളിൽ ഏകദേശം 20 മുതൽ 30 കിലോമീറ്റർ വരെ താണ്ടി പത്തനംതിട്ട, റാന്നി പ്രദേശത്തു നിന്ന് അഗ്നിരക്ഷാ സേനയുടെ ഓരോ യൂണിറ്റുകളും ആംബുലൻസും പെരുനാട് സ്റ്റേഷനിലെ പൊലീസും ളാഹയിലെത്തി. 

വാഹനാപകടം സംബന്ധിച്ച ‘വാർത്ത’ സമൂഹമാധ്യമങ്ങളിലും പടർന്നതോടെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയ സംഘം അസ്വഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് ളാഹ മഞ്ഞത്തോട് കോളനിയിൽ എത്തി. ഇതിനിടെ പെരുനാട് എസ്ഐ റെജി തോമസ് മുക്കോടന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പ്ലാപ്പള്ളി വരെ പരിശോധന നടത്തി. പത്തനംതിട്ടയിൽ നിന്നും ഡിസാസ്റ്റർ മാനേജ്മെന്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ളാഹ മുതൽ പ്ലാപ്പള്ളി വരെയുള്ള ഭാഗത്തെ കൊക്കയിലും കുഴികളിലും പരിശോധിച്ചു.

ഈ സമയം ളാഹയിൽ നിന്നു പമ്പയിലേക്കു പോയ കെഎസ്ആർടിസി ബസ് പമ്പാ സ്റ്റേഷനിൽ സുരക്ഷിതമായി എത്തിയെന്നറിഞ്ഞതോടെ എല്ലാവർക്കും ആശ്വാസമായി. പിന്നെയും കുറെ സമയം ളാഹ മഞ്ഞത്തോട്ടിൽ രക്ഷാപ്രവർത്തകർ കാത്തു നിന്ന ശേഷം 12.45ന് എല്ലാവരും മടങ്ങി. ശബരിമല നട അടച്ചതിനു പിന്നാലെ തീർഥാടകരുടെ സംരക്ഷണത്തിന് എത്തിയിരുന്ന എല്ലാ സർക്കാർ സംവിധാനങ്ങളും മടങ്ങിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com