ADVERTISEMENT

സീതത്തോട്∙പത്തുവയസ്സേയുള്ളൂ, അഭിജിത്തിന്. കുഞ്ഞനുജത്തിക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ദേഹമാസകലമുള്ള നീരും കടുത്ത വേദനയും അവനെ കളിചിരികളിൽ നിന്നു തടയുകയാണ്. ദേഹത്ത് തൊട്ടാൽ അതിവേദന. ഇതൊന്നുമറിയാത്ത കുഞ്ഞനുജത്തി അഭിനന്ദനയുടെ കളി ചിരികൾ കാണുന്നതാണ് ഇപ്പോൾ അവന്റെ ആശ്വാസം. 

മൂഴിയാർ പദ്ധതിക്കു സമീപം കാത്തിരിപ്പു പുരയോടു ചേർന്നു വനത്തിൽ തമ്പടിച്ചിരിക്കുന്ന ആദിവാസി ദമ്പതികളായ സുജിത്തിന്റെയും അജിതയുടെയും മൂത്ത മകനാണ് അഭിജിത്ത്(10). മൂന്നാം വയസ്സിലാണു വൃക്ക സംബന്ധമായ രോഗം  തുടങ്ങിയത്. രോഗം കലശലായതോടെ ദേഹത്തു നീരായി. ഇപ്പോൾ കണ്ണ് മറയും വിധം നീര് മൂടി. കാഴ്ച പോലും പ്രയാസം.

കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലും കുട്ടികളുടെ ആശുപത്രികളിലുമായിരുന്നു ചികിത്സ. നിർത്താതെ മരുന്നുകൾ കഴിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഇതിനായി ആശുപത്രിയിൽ വാഹനത്തിൽ പോകാൻ കുടുംബത്തിനു നിവൃത്തിയില്ല. പരിചയക്കാരുടെ സഹായത്തോടെയായിരുന്നു ഇതു വരെയുള്ള ചികിത്സ.മൂന്ന് മാസം മുൻപ് ആശുപത്രിയിൽ പോകാൻ പഞ്ചായത്ത് പ്രസിഡന്റ് വാഹനം ക്രമീകരിച്ച് പണവും നൽകി. ആ മരുന്ന് എല്ലാം തീർന്നു. അതിനു ശേഷം ദേഹത്തു വീണ്ടും നീരായി. നീര് കൂടിയാൽ നടക്കാൻ കഴിയില്ല. ഉടുപ്പും ടൗസറും ഒന്നും പാകമാകില്ല.ഭക്ഷണം കഴിക്കുന്നതിനും പ്രയാസമാണ്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ അഭിജിത്തിന്റെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്.

ചികിത്സാ സഹായം തേടി റാന്നി ട്രൈബൽ വകുപ്പ് അധികൃതരെ പല തവണ സമീപിച്ചു. ഇടയ്ക്കു കുറെ പണം നൽകി. എപ്പോഴും ഒരാൾക്കു മാത്രം ചികിത്സിക്കാനുള്ള പണം തുടരെ നൽകാനാകില്ലെന്നാണു ട്രൈബൽ വകുപ്പ് അധികൃതർ പറയുന്നതെന്നു മാതാവ് അജിത സങ്കടത്തോടെ പറയുന്നു. അഭിജിത്തിന്റെ രോഗാവസ്ഥ കാണുമ്പോൾ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർ കഴിവതും സഹായിക്കാറുണ്ട്. ഇതൊന്നും മുടങ്ങാത്ത ചികിത്സക്കു മതിയാകില്ല. ആശുപത്രികളിൽ ചെന്നാലും പണം വേണം.

ടാർപോളിൻ ഷീറ്റിൽ നിർമിച്ച താൽക്കാലിക കൂരയിലെ പൊടിയും തണുപ്പും താങ്ങാനാവില്ല,അഭിജിത്തിന്.  തറയിൽ പച്ചമണ്ണാണ്. രോഗം മൂർഛിക്കാൻ ഇതെല്ലാം കാരണമാകുമെങ്കിലും വേറെ വഴിയില്ല. പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ കൂരയിൽ എത്താറുണ്ടെങ്കിലും ഇവരുടെ വശം ഈ മരുന്നുകൾ ഒന്നും ഇല്ല.

ആദിവാസികളുടെ ക്ഷേമത്തിനു നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തങ്ങൾക്ക് എല്ലാം അന്യമാണെന്നു കുടുംബത്തിന്റെ സാക്ഷ്യം. ഏറെ ആഗ്രഹമുണ്ടെങ്കിലും രോഗാവസ്ഥ കാരണം സ്കൂൾ പഠനം വല്ലപ്പോഴും മാത്രമാണ്. മൂഴിയാർ ഗവ.യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കളിച്ചു ചിരിച്ചു സ്കൂളിൽപോകാനായില്ലെങ്കിലും വേദനയില്ലാതെ ഒന്നു നടക്കാനെങ്കിലും ഒരു കൈത്താങ്ങ് വേണം അഭിജിത്തിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com