ADVERTISEMENT

തിരുവല്ല ∙ മഫ്തിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേർന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ഓട്ടോറിക്ഷ ഡ്രൈവർമാർ അമിത കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും യാത്ര നിഷേധിക്കുകയും ചെയ്തു. യാത്ര നിഷേധിച്ച വാഹനങ്ങളിൽ കയറിയിരുന്ന മഫ്തിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത ദിശയിലേക്ക് ഓടിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ ഓട്ടോക്കാർക്ക് പിടിവീണു.

തുടർന്ന് യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ധിക്കാരപൂർവം പെരുമാറുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അമിത ചാർജ് ആവശ്യപ്പെടുകയും ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തു.

വിദൂര സ്ഥലങ്ങളിൽ നിന്നും തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക്  തിരുവല്ല  റെയിൽവേ സ്റ്റേഷനിലെ  ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്ര നിഷേധിക്കുന്നതായും  അമിത ചാർജ് ഈടാക്കുന്നതായും കാട്ടി ഗതാഗത മന്ത്രിക്ക്  ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശ  പ്രകാരം  ആർടിഒ  പത്തനംതിട്ട എൻഫോഴ്സ്മെന്റിലെയും തിരുവല്ല സബ് റീജനൽ ട്രാൻസ്പോർട്ട്  ഓഫിസിലെയും ഉദ്യോഗസ്ഥർ  ഇന്നലെ നാലുമണി  മുതൽ  റെയിൽവേ സ്റ്റേഷൻ  പരിസരം   കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തിയത്. 

ടാക്സ്, ഇൻഷുറൻസ് എന്നിവ പുതുക്കാതെയും ഫെയർ മീറ്റർ ഘടിപ്പിക്കാതെയും സർവീസ് നടത്തിയ പത്തോളം വാഹനങ്ങൾക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തു. വാഹന പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തോമസ് സഖറിയ, അസി.മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ധനുമോൻ ജോസഫ്, എസ്.ശങ്കർ , എം.ഷമീർ . എന്നിവർ നേതൃത്വം നൽകി.

തുടർ ദിവസങ്ങളിലും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തുകയും യാത്ര നിഷേധിക്കുകയും അമിത ചാർജ് ഈടാക്കുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ എച്ച്.അൻസാരി, എൻഫോഴ്സ്മെന്റ് ആർടിഒ അജിത് കുമാർ, തിരുവല്ല ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com