കടിയേറ്റ ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു; കഴിഞ്ഞദിവസം 15 പേരെ കടിച്ച തെരുവുനായ ആറു പേരെക്കൂടി കടിച്ചു
Mail This Article
അടൂർ∙ കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെയും നഗരത്തിൽ 6 പേരെ കൂടി കടിച്ചു പരുക്കേൽപ്പിച്ചു. ഇതിൽ ഒരാളുടെ ദേഹത്തേക്കു ചാടിക്കയറി ചുണ്ടിൽ കടിച്ചതിനെ തുടർന്നു ചുണ്ട് രണ്ടായി പിളർന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് 6 പേരെ കടിച്ചത്.
പന്നിവിഴ സ്വദേശി ഡാനിയേലിന്റെ(68) ചുണ്ടിനാണു പരുക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു മുറിവേറ്റ ചുണ്ട് തുന്നിച്ചേർത്തു. പന്നിവിഴ സ്വദേശി ജോസഫ്, മുന്നാളം സ്വദേശികളായ കറുപ്പസ്വാമി(58), ബംഗാളി സ്വദേശി വീരേന്ദ്രനായിക് ,മിത്രപുരം സ്വദേശി സുഭാഷ്, തട്ട സ്വദേശി സുനിൽ എന്നിവരുടെ കാലിലാണ് കടിച്ചത്.
ഇവരും ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ആർഡി ഓഫിസിനു സമീപത്താണ് 4 പേരെ കടിച്ചത്. ഒരാളെ മിത്രപുരം ഭാഗത്തും ഒരാളെ ആനന്ദപ്പള്ളി ഭാഗത്തു വച്ചുമാണ് കടിച്ചത്. തിങ്കളാഴ്ച വൈകിട്ട് പന്നിവിഴ, മൂന്നാളം, മണക്കാല ഭാഗങ്ങളിൽ 15 പേരെ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഈ നായ തന്നെയാണ് ഇന്നലെയും 6 പേരെ കടിച്ചത്.