പൈപ്പ് പൊട്ടിയാൽ കാണില്ല, പരാതി പറഞ്ഞാൽ കേൾക്കില്ല, വെള്ളമില്ലെങ്കിൽ അറിയില്ല..; എല്ലാം ജലരേഖ
Mail This Article
അടൂർ∙ പന്നിവിഴ, ആനന്ദപ്പള്ളി, കോട്ടപ്പുറം പ്രദേശത്തുകാർ ജല അതോറിറ്റിയുടെ പൈപ്പിലൂടെയുള്ള വെള്ളത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ടു മൂന്നാഴ്ചയിലേറെയായി. ഇതുവരെയും വെള്ളംകിട്ടാത്തതിനാൽ ഈ പ്രദേശങ്ങളിലെ വീട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ചൂട് കൂടിയതോടെ കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയതും പൈപ്പിലൂടെ വെള്ളം കിട്ടാത്ത സ്ഥിതിയും കൂടിയായതോടെ ജനങ്ങളാകെ ആശങ്കയിലാണ്. പൈപ്പു വെള്ളത്തെ ആശ്രയിക്കുന്നവരുടെ കാര്യമാണ് കഷ്ടം. ഫ്ലാറ്റുകളിലും മറ്റു വാടക വീടുകളിലും കടകളിലുമുള്ളവർ വില കൊടുത്തു വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.
ചില വീട്ടുകാർ കിണറുകൾ ഉള്ളിടത്തു പോയി വെള്ളം സ്കൂട്ടറിലും തലച്ചുമടായിട്ടുമൊക്കെയാണ് എത്തിക്കുന്നത്. പ്രായമുള്ളവർ മാത്രം താമസിക്കുന്നവരും പൈപ്പിലൂടെ വെള്ളം കിട്ടാത്തതിനാൽ വലയുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ പമ്പ് ഹൗസിലെ മോട്ടർ തകരാറിലാണെന്ന കാരണമാണു പറയുന്നത്. ചില സമയത്തു വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
നഗരത്തിലെ എംസി റോഡിലും കെപി റോഡിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലുമൊക്കെ ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും അധികൃതർ കണ്ടില്ലെന്നു നടക്കുകയാണ്. ജലക്ഷാമം രൂക്ഷമായി തുടങ്ങിയതിനാൽ വെള്ളം കിട്ടാത്ത പ്രദേശങ്ങളിൽ പൈപ്പ് ലൈനുകളിലൂടെ വെള്ളമെത്തിക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ജല അതോറിറ്റി ഓഫിസിൽ ഓവർസിയർമാരില്ല
അടൂർ∙ ജലഅതോറിറ്റി ഓഫിസിൽ ഓവർസിയർമാരില്ല. 3 ഓവർസിയർമാരുണ്ടായിരുന്നതാണ്. ഇപ്പോൾ ഒരാളുമില്ല. രണ്ടു പേർ സ്ഥലം മാറുകയും ഒരാൾ അവധിയെടുത്തതോടും കൂടിയാണ് ഇവിടെ ഓവർസിയർമാരില്ലാതായത്. ഇതിനാൽ പൈപ്പുലൈനുകളിലെ അറ്റകുറ്റ പണികൾ ഉൾപ്പെടെയുള്ള ജോലികൾ നോക്കി നടത്താൻ ആരുമില്ലാത്ത സ്ഥിതിയാണ്.
ആകെയുള്ളത് എഇ മാത്രമാണ്. പൈപ്പുലൈനുകളിൽ തകരാറുകൾ ഏറെയുള്ള സ്ഥലമാണ് അടൂർ. എന്നിട്ടും സ്ഥലം മാറിയ ഓവർസീയർമാർക്കു പകരം ഇതുവരെ ആരും എത്തിയിടിട്ടില്ല. ഇതിനാൽ അടൂർ ശുദ്ധജല പദ്ധതിയുടെ പ്രവർത്തനത്തെയാകെ ബാധിച്ചിരിക്കുകയാണ്.