ADVERTISEMENT

പത്തനംതിട്ട ∙ കനത്ത ചൂടിൽ വെന്തുരുകുകയാണ് നാട്. പൊള്ളുന്ന ചൂടിലേക്ക് ജില്ലയും. കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ ചൂടിന്റെ അളവ് 35 ഡിഗ്രി സെൽഷ്യസിൽ എത്തി. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് ചൂടിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഏപ്രിൽ വരെ ഇതു തുടരാം. സാധാരണ ലഭിക്കേണ്ട ചൂടിൽനിന്ന് ഒന്നോ രണ്ടോ ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂട് അനുഭവപ്പെടാമെന്നാണ്  മുന്നറിയിപ്പ്.


നദികളിലെ ജലനിരപ്പ്  കുറഞ്ഞു
വേനലിന്റെ തീവ്രത കൂടിയതോടെ ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല എന്നീ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഹൈഡ്രോളജി വകുപ്പിന്റെ കണക്ക് അനുസരിച്ച് ജലനിരപ്പ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 2 മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. കിണറുകളിലെ ജലനിരപ്പും ഇതോടൊപ്പം കുറഞ്ഞു.

വെള്ളം കുറഞ്ഞ് പമ്പാനദിയിലെ പെരുന്തേനരുവിയിൽ പാറക്കെട്ടുകൾ മാത്രമാണ് കാണാനുള്ളത്. പെരുന്തേനരുവി മുതൽ അത്തിക്കയം വരെ നദിയിൽ പുറ്റുകൾ തെളിഞ്ഞു. പമ്പിങ്ങിന് ആവശ്യത്തിനു വെള്ളം കിട്ടാതെ റാന്നി –അങ്ങാടി പദ്ധതിയിൽ ജലവിതരണം പ്രതിസന്ധിയിലാണ്. മണൽ ചാക്ക് അടുക്കി വെള്ളം തടഞ്ഞു നിർത്താതെ പമ്പിങ് കാര്യമായി നടക്കില്ല. അയിരൂർ പദ്ധതിയിലും പമ്പിങ്ങിനു വെള്ളമില്ല. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് കുറഞ്ഞത് പ്രമാടം ശുദ്ധജല പദ്ധതിയിൽ തുടർച്ചയായ പമ്പിങ്ങിനു തടസ്സം ഉണ്ടാകുന്നു.

തടയണ കെട്ടിയിട്ടുണ്ടെങ്കിലും പത്തനംതിട്ട പദ്ധതിയിലും തുടർച്ചയായ പമ്പിങ്ങിനു വെള്ളം കുറഞ്ഞിട്ടുണ്ട്. ശബരിഗിരി, കക്കാട് പദ്ധതികളിൽ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം പുറത്തേക്ക് വിടുന്ന വെള്ളം ഉള്ളതിനാൽ കക്കാട്ടാറ്റിൽ വെള്ളം ഉണ്ട്. പകൽ വൈദ്യുതി ഉൽപാദനം ഇല്ലാത്ത ദിവസങ്ങളിലാണ് ജലനിരപ്പ് ക്രമാതീതമായി കുറയുന്നത്.


വേനൽക്കാല രോഗങ്ങൾ
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കരുതേണ്ടത് മഞ്ഞപ്പിത്തത്തെയാണ്. ഇത് കരളിനെയാണു കൂടുതൽ ബാധിക്കുന്നത്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളം, ആഹാരം എന്നിവയിലൂടെയാണ്.

പനി, ഛർദി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങൾ. പഴവർഗങ്ങൾ കഴിക്കുക, വൃത്തിയുള്ള ഭക്ഷണ പാനീയങ്ങൾ കഴിക്കുക, തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.


ചിക്കൻ പോക്സ്
വേനൽക്കാലത്ത് ചിക്കൻപോക്‌സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപകടകാരി അല്ലെങ്കിലും രോഗം കൂടിയാൽ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കിൽ ചിക്കൻ പോക്സ് ന്യുമോണിയയായി മാറാൻ സാധ്യതയുണ്ട്. ചിക്കൻപോക്സ് ഒരുതവണ വന്നാൽ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്.

കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻ പോക്‌സ് വന്നാൽ കൂടുതൽ കരുതൽ വേണം. പനിക്കൊപ്പം ഛർദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തണുത്ത ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക. ശരീരത്തിലെ കുമിളകൾ പൊട്ടിക്കാതിരിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാര്യങ്ങൾ ശ്രദ്ധിക്കണം.


ചെങ്കണ്ണ് 
വേനൽക്കാലത്ത് പടർന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. വൈറസാണിത്. കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചിൽ, കൺപോളകൾ തടിക്കുക, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുൻ കരുതലുകൾ.


ചൂടിന്റെ കൊടുമുടിയിൽ കേരളം; ജനുവരിയിൽ 13 ദിവസവും ഇന്ത്യയിൽ ഏറ്റവും മുന്നിൽ
തിരുവനന്തപുരം∙ ജനുവരി 15 മുതൽ 31 വരെയുള്ള 17 ദിവസങ്ങളിൽ 13 ലും രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട്  കേരളത്തിലെ സ്ഥലങ്ങളിൽ. 15 മുതൽ 19 വരെയും 21, 22, 24, 30, 31 തീയതികളിലും പുനലൂരിലാണ് ഏറ്റവും ചൂട് രേഖപ്പെടുത്തിയത് . കണ്ണൂർ, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളാണ് മറ്റു സ്ഥലങ്ങൾ. കഴിഞ്ഞ മാസം രാജ്യത്തെ റെക്കോർഡ് ചൂടായ 37.6 ഡിഗ്രി സെൽഷ്യസും പുനലൂരിൽത്തന്നെ. 

ജനുവരി ആദ്യവാരങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിച്ചെങ്കിലും പിന്നീട് മിക്ക ജില്ലകളിലും ശരാശരി താപനില 33 ഡിഗ്രിക്കു മുകളിലെത്തിയിരുന്നു. ഈ മാസവും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാധാരണ ഫെബ്രുവരിയിൽ ലഭിക്കേണ്ടതിലും കുറവു  മഴയേ  ഇത്തവണ ലഭിക്കൂ. ജനുവരിയിൽ പതിവിലും ഏഴിരട്ടി കൂടുതൽ മഴ ലഭിച്ചു. കൊല്ലത്തു മാത്രമാണു കുറവുണ്ടായത്.

English Summary:

According to the weather department, the temperature reached 35 degree Celsius yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com