ADVERTISEMENT

തണ്ണിത്തോട് ∙ പ്ലാന്റേഷൻ തോട്ടത്തിൽ പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വികെ പാറ രതീഷ് ഭവനിൽ രതീഷ് (35) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ‌ഈ കേസിലെ മുഖ്യ പ്രതി അടക്കം 3 പേരെ നേരത്തെ പിടികൂടിയിരുന്നു. മുൻപ് പിടിയിലായ ഹരീഷിന്റെ സഹോദരനാണ് രതീഷ്.

തണ്ണിത്തോട്, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ അസ്വഭാവികമായി കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തണ്ണിത്തോട് എസ്റ്റേറ്റിലെ പറക്കുളം ഡിവിഷനിൽ വനപാലകർ നടത്തിയ പരിശോധനയിൽ മ്ലാവിറച്ചിയും ആയുധങ്ങളുമായി വേട്ട സംഘത്തിലെ സോമരാജൻ പിടിയിലായിരുന്നു.

വനപാലകരെ കണ്ട് അന്ന് മാത്തുക്കുട്ടിയും സഹായിയായ ഹരീഷും ഓടിക്കളഞ്ഞു. ഒളിവിലായിരുന്ന ഹരീഷ്, മാത്തുക്കുട്ടി എന്നിവരെ പിന്നീട് പിടികൂടി. മാത്തുക്കുട്ടി നിലവിൽ റിമാൻഡിലാണ്. മാത്തുക്കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രതീഷിനെ പിടികൂടുകയായിരുന്നു.

വന്യജീവികളെ അപായപ്പെടുത്താനുള്ള സ്ഫോടക വസ്തുക്കൾ കടത്താൻ ഉപയോഗിച്ച കാർ മുഖ്യപ്രതിയായ പുറമലപുത്തൻവീട്ടിൽ മാത്തുക്കുട്ടിയുടെ മകന്റെ പത്തനംതിട്ടയിലുള്ള വീട്ടിൽ നിന്ന് ഇന്നലെ അന്വേഷണ സംഘം പിടിച്ചെടുത്തു.

വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി.രതീഷിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്.അജയൻ, വനംവകുപ്പ് ജീവനക്കാരായ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ, ടി.കൃഷ്ണപ്രിയ, ജോബിൾ ഐസക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വടശേരിക്കര റേഞ്ചിലെ തണ്ണിത്തോട്, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടാനകൾ അസ്വാഭികമായി ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ അറിയിച്ചു.

താക്കോലുമായി മുറിയിൽ കയറി വാതിലടച്ചു: വാഹനം കസ്റ്റഡിയിൽ എടുക്കാനാകാതെ ഉദ്യോഗസ്ഥർ
പത്തനംതിട്ട ∙ വാഹനം കസ്റ്റഡിയിലെടുക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വാഹന ഉടമ. തണ്ണിത്തോട്ടിലെ പ്ലാന്റേഷൻ കോർപറേഷൻ തോട്ടത്തിൽ പടക്കംവച്ച് മ്ലാവിനെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കരിമ്പനാക്കുഴി ഭാഗത്തെ ഒരു അപ്പാർട്മെന്റിലേക്ക് കേസിലെ രണ്ടാംപ്രതി രതീഷുമായി ഇന്നലെ രാവിലെ 10 മണിയോടെ എത്തുന്നത്. 

ഇവിടെ താമസിക്കുന്ന വ്യക്തിയുടെ കാർ വനം വകുപ്പ് റജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആ വാഹനം പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ഉദ്യോഗസ്ഥർ കാർ പരിശോധിച്ചശേഷം കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങുമ്പോൾ കാറിന്റെ താക്കോൽ ഊരി ഉടമയായ യുവാവ് അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ തന്റെ മുറിയിലേക്കു മടങ്ങുകയും കതക് പൂട്ടുകയും ചെയ്തു. 

വനം വകുപ്പ് ഉദ്യോഗസ്ഥർ പല തവണ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതിനെ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയെങ്കിലും ഇയാൾ പുറത്തിറങ്ങാതിരുന്നതോടെ റിക്കവറി വാൻ എത്തിച്ച് കാർ നീക്കാനുള്ള ശ്രമം ആരംഭിച്ചു. അതോടെ യുവാവ് തന്റെ സുഹൃത്തിനെ താക്കോൽ ഏൽപിച്ചു. 

തുടർന്ന് വാഹനം പരിശോധിച്ച് അതിനുള്ളിൽ സാധനങ്ങൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പു വരുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ എഴുതി നൽകിയതിനെ തുടർന്നാണ് കാർ കൊണ്ടുപോകാൻ യുവാവിന്റെ സുഹൃത്തുക്കൾ അനുവദിച്ചത്.  മ്ലാവിനെ കൊന്ന കേസിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചത് ഈ കാറിലാണെന്നു തണ്ണിത്തോട് സ്വദേശിയും പ്രതിയുമായ രതീഷ് പറഞ്ഞിരുന്നു.

അതനുസരിച്ചാണ് രതീഷിനെ കൂട്ടി ഇവിടെയെത്തി വാഹനം തിരിച്ചറിഞ്ഞതും കസ്റ്റഡിയിൽ എടുത്തതെന്നും വടശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.രതീഷ് പറഞ്ഞു. താൻ   നിരപരാധിയാണെന്നും വിദേശത്ത് ജോലി ചെയ്തിരുന്ന താൻ അടുത്ത ദിവസങ്ങളിലാണ് നാട്ടിലെത്തിയതെന്നും തന്റെ കാർ ആരും ഉപയോഗിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com