ആറന്മുള: ഇന്ന് അഞ്ചാം ഉത്സവം
Mail This Article
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിൽ ഇന്ന് അഞ്ചാം ഉത്സവം. ഭഗവാൻ സർവാഭരണ വിഭൂഷിതനായി ഗരുഡവാഹനത്തിൽ എഴുന്നള്ളുന്ന അഞ്ചാം പുറപ്പാട് ഇന്നാണ്. വൈകിട്ട് സേവയും ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞാലുടനെ അത്താഴശീവേലി തുടങ്ങും. ഈ സമയത്താണ് ഭഗവാൻ ഗരുഡവാഹനത്തിലെഴുന്നള്ളുന്നത്.
വരിക്കപ്ലാവിന്റെ തടിയിൽ നിർമിച്ച് വെള്ളിതകിടുകൾ പൊതിഞ്ഞ 3 അടിയോളം ഉയരമുള്ളതാണ് ഗരുഡവാഹനം. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡൻ. വിഷ്ണുവിന്റെ അവതാരമായതിനാൽ കൃഷ്ണന്റെ വാഹനവും ഗരുഡനാണ്. ക്ഷേത്രത്തിലെ മുഖമണ്ഡപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും ഗരുഡവാഹനമാണ്.
ഇരുവശത്തേക്കും ചിറകുകൾ വിടർത്തി കൈകൾ നീട്ടി ഭഗവാന്റെ കാലുകൾ താങ്ങാവുന്ന വിധത്തിൽ പിടിച്ചിരിക്കുന്ന നിലയിലാണ് ഗരുഡൻ. ഇപ്പോഴത്തെ വാഹനം 1997 ൽ പുതുക്കി നിർമിച്ചതാണ്. അത്താഴശീവേലിക്കു മുന്നോടിയായി മുഖമണ്ഡപത്തിനടുത്തു വച്ച് കൈസ്ഥാനീയരായ മൂസതുമാർ ഗരുഡവാഹനത്തെ അലങ്കരിക്കും.
തുടർന്നു പുറത്തേക്ക് എഴുന്നള്ളിച്ച് ബലിക്കൽപുരയുടെ ഇടതുഭാഗത്തെത്തിച്ച് മേൽശാന്തി കർപ്പൂരാഴി ഉഴിയും. പിന്നീട് ആനക്കൊട്ടിലിൽ കയറി തെക്കോട്ട് തിരിഞ്ഞുനിൽക്കും. ഒരു മേളത്തിനുശേഷം പ്രദക്ഷിണം തുടങ്ങും. ആദ്യത്തെ പ്രദക്ഷിണം തെക്കേ ഗോപുരനടയിലെത്തുമ്പോൾ കുന്തീസമേതരായി പഞ്ചപാണ്ഡവർ ഗരുഡവാഹനത്തിലെഴുന്നള്ളുന്ന ഭഗവാനെ ദർശിക്കുമെന്നാണ് വിശ്വാസം.
3 പ്രദക്ഷിണത്തിനുശേഷം അകത്തേക്ക് തിരിച്ച് എഴുന്നള്ളിക്കും. രാത്രി 10 മണിയോടെ തുടങ്ങുന്ന അഞ്ചാം പുറപ്പാടെന്ന ഗരുഡവാഹനത്തിലെഴുന്നള്ളത്ത് 11.30 ന് സമാപിക്കും. എല്ലാ മാസവും ഉത്തൃട്ടാതി നാളിൽ അത്താഴശീവേലിക്ക് ഭഗവാനെ ഗരുഡവാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. ഇതിനു പുറമേ വെളുത്ത പക്ഷത്തിലെ ഏകാദശി വരുന്ന ദിവസവും ഗരുഡവാഹനത്തിൽ എഴുന്നള്ളത്ത് ഉണ്ടാകും.
ഉത്സവ പരിപാടികൾ:
ഹരിനാമകീർത്തനം 4.00.
തിരുക്കുറൾ സ്തുതി 6.00.
ശ്രീബലി, സേവ 7.00.
ചാക്യാർകൂത്ത് 8.00.
സംഗീതസദസ്സ് 9.00.
ഉത്സവബലി സമാരംഭം 10.00.
ഭാഗവത പാരായണം 10.30.
ഉത്സവബലി ദർശനം 12.00.
അന്നദാനം 12.30.
നാരായണീയ പാരായണം 2.00.
സോപാനസംഗീതം 5.00.
കാഴ്ചശ്രീബലി, വേലകളി 5.30.
ചുറ്റുവിളക്ക്, സേവ 6.00.
തിരുവാതിര 8.30.
അഞ്ചാം പുറപ്പാട് 10.00.
നൃത്തനാടകം 11.30.