ശതാഭിഷേക ആശംസകൾ ഏറ്റുവാങ്ങി മാത്തൂർ മലമേൽ നീലകണ്ഠൻ നമ്പൂതിരി
Mail This Article
പത്തനംതിട്ട∙ നാടിന്റെ പ്രിയ പാചക വിദഗ്ധൻ മാത്തൂർ മലമേൽ നീലകണ്ഠൻ നമ്പൂതിരിക്ക് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശതാഭിഷേകം ഒരുക്കി. വിശേഷാൽ പൂജകളോടെയാണ് 84–ാം ജന്മദിനം ആരംഭിച്ചത്. രാവിലെ ഗണപതിഹോമം, വിഷ്ണുപൂജ, സഹസ്രനാമാർച്ചന, കലശാഭിഷേകം എന്നിവ ഉണ്ടായിരുന്നു.
തുടർന്ന് ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ കലാ പ്രവർത്തകർ ചേർന്ന് സംഗീതാർച്ചന അവതരിപ്പിച്ചു. യോഗക്ഷേമ സഭ പന്തളം ഉപസഭയുടെ ആദരം ജില്ലാ പ്രസിഡന്റ് ഹരി നമ്പൂതിരി, സന്ദീപ് നമ്പൂതിരി, രഞ്ജിത്ത് നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി എന്നിവർ ചേർന്ന് അർപ്പിച്ചു.
മാത്തൂർകാവ് ദേവീക്ഷേത്രത്തിനായി പ്രസിഡന്റ് എം. അജി ആദരം അർപ്പിച്ചു പത്തനംതിട്ട പ്രോവിഡൻസ് കോളജ്, ദേശസേവിനി പബ്ലിക് ലൈബ്രറി മാത്തൂർ, വിവിധ വ്യക്തികൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും ആദരം അർപ്പിച്ചു. കോട്ടയം കിടങ്ങൂർ സ്വദേശിയായ നീലകണ്ഠൻ നമ്പൂതിരി 1975ലാണ് പത്തനംതിട്ടയിലേക്കു താമസം മാറ്റുന്നത്. ജില്ലയിൽ ഒട്ടേറെ ശിഷ്യസമ്പത്തിന് ഉടമയാണ്.