ADVERTISEMENT

പുല്ലാട് ∙ കോയിപ്രം പഞ്ചായത്തിലെ പകുതിയോളം വാർഡുകളിൽ ശുദ്ധജലവിതരണം നിലച്ചിട്ട് ഒരു മാസമാകുന്നു. ജല അതോറിറ്റി രണ്ടാഴ്ച ശ്രമിച്ചിട്ടും തകരാർ പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. ആദ്യം വൈദ്യുതി തൂണായിരുന്നു തടസ്സമായത്. തൂൺ സ്ഥാപിച്ചിരിക്കുന്നതിനടിയിലുള്ള പൈപ്പാണ് പൊട്ടിയത്.

വൈദ്യുതി തൂൺ മാറ്റിയിടാതെ തകരാർ പരിഹരിക്കാൻ പൈപ്പ് 3 ഇടത്ത് വളച്ച് വഴിതിരിച്ചുവിട്ടു. അപ്പോഴാണ് അടുത്ത തടസ്സം. ഇത്തവണ പൊതുമരാമത്ത് വകുപ്പിന്റെ ഓടയാണ്. സ്ഥിരമായി വെള്ളം ഒഴുകുന്ന ഓട മുറിച്ചാൽ റോഡിലും കടകളിലും വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന കഴിഞ്ഞിട്ട് ബാക്കി പണി ചെയ്യാമെന്ന നിലപാടിലാണ് ജല അതോറിറ്റി.

ടികെ റോഡിൽ പുല്ലാട് ജംക്‌ഷനിൽ നിന്നു പൊലീസ് സ്റ്റേഷൻ റോഡിലേക്കു തിരിയുന്ന ഭാഗത്തെ വളവിലാണ് ഒരു മാസം മുൻപ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ മാസം 12 ന് വെള്ളം ശക്തമായി ഒഴുകാൻ തുടങ്ങിയതോടെ പമ്പിങ് നിർത്തിവച്ചു. റോഡ് കുഴിക്കുകയും റോഡുവശത്തുള്ള വൈദ്യുതി തൂൺ മാറ്റുകയും ചെയ്യാതെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. 

വൈദ്യുതി തൂൺ മാറ്റുന്നത് ഏറെ ശ്രമകരമായതിനാൽ അതുപേക്ഷിച്ച് റോഡ് കുഴിച്ച് പൈപ്പ് വൈദ്യുതി തൂൺ ഒഴിവാക്കി ഇട്ടു. അങ്ങിനെ മാറ്റി ഇട്ടുവന്നപ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ ഓടയ്ക്കടിയിലൂടെയാണ് പോകുന്നതെന്നു മനസ്സിലായത്. ഓട പൊളിക്കാതെ പൈപ്പ് മാറ്റിയിടാൻ പറ്റാത്ത സ്ഥിതിയായി. ഓട മുറിച്ചാൽ റോഡിലും സമീപത്തും വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നു കണ്ടതോടെ പണി മുടങ്ങി.

പഞ്ചായത്തിന്റെ തെക്കൻ പ്രദേശത്തുള്ള ഏഴോളം വാർഡുകളിൽ ജലവിതരണം മുടങ്ങിയിട്ട് ഒരു മാസമാകുന്നു. ആഴ്ചയിലൊരിക്കൽ മാത്രമാണ് ഇവിടെ വെള്ളം എത്തിയിരുന്നത്. ഇപ്പോൾ അതുമില്ല. വേനൽ കടുത്തതോടെ നാട്ടുകാർ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com