ADVERTISEMENT

കൊടുമുടി ∙ വന്യമൃഗശല്യം അതിരൂക്ഷമായി തുടരുന്ന മണിയാർ, കൊടുമുടി, അഞ്ചുമുക്ക് മേഖലകളിൽ ഒരു കൃഷിയും ചെയ്യാൻ കഴിയാത്ത അവസ്ഥയെന്ന് കർഷകർ. വനം വകുപ്പിന്റെ നേതൃത്വത്തിൽ സൗരോർജ വേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കടന്നാണ് വന്യമൃഗങ്ങളുടെ വരവ്. ഈ അവസ്ഥ തുടർന്നാൽ വരും തലമുറ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് കർഷകർ പറയുന്നു.

റബർ കൃഷിയാണ് പ്രധാനമായും ഉള്ളത്. കാട്ടാനകളുടെ ആക്രമണമാണ് കൃഷികൾക്കു ഏറെ ഭീഷണി ഉയർത്തുന്നത്.തുടരെ ഇറങ്ങുന്ന കാട്ടാനകൾ കണ്ണിൽ കാണുന്നതെല്ലാം ചവിട്ടി മെതിച്ചാവും കാട് കയറുക. ഈ പ്രദേശങ്ങളിൽ റബർ തൈകൾ മൂട് പിടിപ്പിക്കുക ഏറെ പ്രയാസമാണ്. തൈകൾ വളർന്ന് തുടങ്ങുമ്പോൾ മ്ലാവുകൾ ഇവയുടെ തൊലി കടിച്ചുതിന്നും. ഇതിൽ നിന്നെല്ലാം പരിപാലിച്ച് കൊണ്ടുവരുന്ന തൈകൾ ആനകൾ ചവിട്ടി മെതിച്ചു പോകുന്ന സംഭവങ്ങൾ ഒട്ടേറെയാണ്.

സൗരോർജ വേലിക്കു മുകളിൽ മരങ്ങൾ ഒടിച്ചിട്ട് അതിന്റെ പുറത്തുകൂടെയാണ് കൃഷി സ്ഥലങ്ങളിലേക്കു കാട്ടാനകളുടെ പ്രവേശനം. സൗരോർജ വേലി കൃത്യമായി സംരക്ഷിച്ചാൽ ഒരുപരിധിവരെ കാട്ടാനകളുടെ കടന്നു കയറ്റം തടയാനാകും. ഇതിനായി വനം വകുപ്പ് പ്രത്യേകമായി ആളുകളെ ചുമതലപ്പെടുത്തിയാൽ പദ്ധതി പൂർണ വിജയത്തിൽ എത്തിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്.

വാഴക്കൃഷി നശിപ്പിച്ച് കാട്ടാന
ഇരുപതേക്കർ ∙ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ വാഴക്കൃഷി നശിച്ചു. 
പെരിഞൊട്ടയ്ക്കൽ കോടത്ത് വീട്ടിൽ സുധീഷ് പാട്ടക്കൃഷി നടത്തുന്ന സ്ഥലത്താണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കുലച്ചതും അല്ലാത്തതുമായ 100 മൂട് വാഴകളാണ് നശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.

ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് 400 വാഴകൾ കൃഷി ചെയ്തതാണ്.  വിളവെടുക്കാൻ‌ കഴിയാതെ വാഴ നശിച്ചതിലൂടെ 40,000 രൂപയുടെ നഷ്ടമുണ്ടായതായി സുധീഷ് പറയുന്നു. മുൻ വർഷവും ഇവിടെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.

പി.സി.മത്തായി പതാലിൽ വീട് പടയണിപ്പാറ
വന്യ മൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകുന്നില്ല. നിരന്തര ശല്യമാണ്.ഇതിനോടകം തന്നെ ഒട്ടേറെ പേർ കൃഷികൾ ഉപേക്ഷിച്ചു കഴിഞ്ഞു. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ അതിരൂക്ഷമാണ് വന്യമൃഗങ്ങളുടെ കടന്നു കയറ്റം. കോലിഞ്ചി അടക്കമുള്ള കൃഷികൾ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com