ADVERTISEMENT

മൈലപ്ര∙ കാത്തിരിപ്പ് കേന്ദ്രം ഒരിടത്ത്. ബസ് നിർത്തുന്നത് മറ്റൊരിടത്ത്. ജംക്‌ഷനിൽ ബസുകൾ തോന്നുന്ന സ്ഥലങ്ങളിൽ നിർത്തുന്നതു കാരണം അതിൽ കയറാൻ  പിന്നാലെ ഓടേണ്ട അവസ്ഥയിലാണു യാത്രക്കാർ. പുനലൂർ– പൊൻകുന്നം– മൂവാറ്റുപുഴ സംസ്ഥാന പാത കെഎസ്ടിപി ഉന്നത നിലവാരത്തിൽ  വികസിപ്പിച്ച ശേഷം ടൗണിലെ അപകടങ്ങൾ ഒഴിവാക്കാൻ ബസ് സ്റ്റോപ്പുകൾ മാറ്റി നിശ്ചയിച്ചു. ഇതനുസരിച്ച് ആന്റോ ആന്റണി എംപിയുടെ ഫണ്ടും കെഎസ്ടിപിയുടെ ഫണ്ടും ഉപയോഗിച്ച് 2 വശത്തും കാത്തിരിപ്പു കേന്ദ്രങ്ങളും നിർമിച്ചു. ഇതിൽ സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ, പെരുനാട്, റാന്നി, മുണ്ടക്കയം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളാണു തോന്നുന്ന ഭാഗങ്ങളിൽ യാത്രക്കാരെ ഇറക്കാനായി നിർത്തുന്നത്. 

പോസ്റ്റ് ഓഫിസിന്റെ ഭാഗത്തേക്കു നീക്കി ട്രാൻസ്ഫോമറിനു സമീപം കെഎസ്ടിപി കാത്തിരിപ്പു കേന്ദ്രം നിർമിച്ചു.  ടൗണിലെ ഗതാഗത കുരുക്കും അപകടവും വർധിച്ചതോടെ  ജനപ്രതിനിധികൾ, ജോയിന്റ് ആർടിഒ, പൊലീസ്, മോട്ടർ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നാണു  ബസ് സ്റ്റോപ്പുകൾ മാറ്റി നിശ്ചയിച്ചത്. ഏതാനും ദിവസം പൊലീസും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് ഉള്ള ദിവസങ്ങളിൽ റാന്നി,സീതത്തോട്,ചിറ്റാർ,വയ്യാറ്റുപുഴ, ആങ്ങമൂഴി ഭാഗങ്ങളിലേക്കുള്ള ബസുകൾ പുതിയ സ്ഥലത്തു  നിർത്തും. 

പൊലീസ് പോയാൽ വീണ്ടും പഴയപടി. ചില ബസുകൾ ഏതാനും ദിവസം അക്ഷയ കേന്ദ്രത്തിനു മുൻപിലും അൽപം കൂടി മുന്നോട്ടു നീക്കി കൊശമറ്റത്തിന്റെ പടിക്കലും നിർത്തി. എന്നാൽ പല ബസുകാരും ജംക്‌ഷനിൽ പത്തനംതിട്ട ഭാഗത്തേക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്താണു നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത്.  ഇതുകാരണം വല്യയന്തി, കടമ്മനിട്ട റോഡിലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. 

കടമ്മനിട്ട റോഡിലാണു കൂടുതൽ  ഓട്ടോകളും പാർക്ക് ചെയ്യുന്നത്.നാലോ അഞ്ചോ ഓട്ടോകൾ മാത്രമാണു കൊശമറ്റം മുതൽ പിഎം റോഡിന്റെ വശത്ത് പാർക്കു ചെയ്യുന്നത്. ബസുകൾ ഡ്രൈവർക്ക്  ഇഷ്ടമുള്ള സ്ഥലത്ത് നിർത്തുന്നതിനാൽ യാത്രക്കാർ പിന്നാലെ ഓടുകയാണ്. ബസിൽ കയറാൻ വിശ്വസിച്ച് ഒരിടത്ത് നിൽക്കാൻ പറ്റാത്ത സ്ഥിതിയാണ്. നിർദേശം പാലിക്കാത്ത ബസുകൾക്ക് എതിരെ നടപടി എടുക്കാനാണ് പൊലീസിന്റെയും ആലോചന.

കർശന നടപടി വേണമെന്ന് ആവശ്യം
റാന്നി, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ, പെരുനാട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ  കെഎസ്ടിപി കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻപിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കണമെന്ന യോഗം തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എൻ.മനോഹരൻ വലിയതറയിൽ, യൂണിറ്റ് സെക്രട്ടറി എം.എൻ മോഹനൻ എന്നിവർ ഇന്നലെ ആർടിഒ, ജോയിന്റ് ആർടിഒ, പത്തനംതിട്ട സിഐ എന്നിവർക്കു കത്തുനൽകി. ഇതനുസരിച്ച് ഇന്നലെ വൈകിട്ട് പൊലീസ് എത്തി കുറച്ചു സമയം ബസുകൾ മാറ്റി നിർത്തിച്ചു. പൊലീസ് പോയ ശേഷം വീണ്ടും പഴയപടിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com