ADVERTISEMENT

മാടമൺ ∙ മനസ്സിലെ സ്വപ്നം മണ്ണിൽ മുട്ടോളമെന്നു പറയുന്നതു പോലെയാണ് മാടമൺ വള്ളക്കടവിലെ പാലത്തിന്റെ സ്ഥിതി. കാൽ നൂറ്റാണ്ടിലധികമായി പാലം നിർമിക്കണമെന്ന് ആവശ്യം ഉയരുന്നു. എന്നാൽ ഇന്നും മാടമൺ ശ്രീനാരായണ കൺവൻഷൻ നഗറിലെത്താൻ താൽക്കാലിക പാലം മാത്രമാണ് ആശ്രയം. പമ്പാനദിയിലെ 12 മാസ കടത്തു കടവാണിത.് ഇതോടു ചേർന്ന പമ്പാ മണൽപ്പുറത്താണു ശ്രീനാരായണ കൺവൻഷൻ നടക്കുന്നത്. കൺവൻഷന്റെ ആരംഭം മുതൽ എല്ലാ വർഷവും പാലം നിർമിക്കണമെന്ന ആവശ്യം ഉയർത്തുന്നു. വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് പാക്കേജിൽ പാലം ഉൾപ്പെട്ടതുമാണ്. സർക്കാർ ഫണ്ട് അനുവദിക്കാത്തതു മൂലം പാലത്തിന്റെ നിർമാണവും ഗ്രാമീണ റോഡുകളുടെ വികസനവും നടത്താനായില്ല. കോവിഡ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. മാടമൺ നോർത്ത്, സൗത്ത് എന്നീ കരകളെ ബന്ധിപ്പിക്കുന്ന കടവാണിത്. പെരുനാട് പഞ്ചായത്തിന്റെ ഭാഗമാണ് ഇരുകരകളും. മാടമൺ നോർത്തിൽ താമസിക്കുന്നവർക്ക് ഏതാവശ്യത്തിനും മാടമൺ വള്ളക്കടവിലെത്തണം. 

ഇതിനു കടത്തു വള്ളമാണ് ആശ്രയം. പമ്പാനദിയിൽ ജലനിരപ്പുയരുമ്പോൾ കടത്തിനെ ആശ്രയിക്കാനാകില്ല. പിന്നീട് ബംഗ്ലാംകടവ് വഴി കിലോമീറ്ററുകൾ ചുറ്റിയാണ് മാടമൺ വള്ളക്കടവിലും പെരുനാട്ടിലുമെത്തുന്നത്. അതല്ലെങ്കിൽ അത്തിക്കയം വഴി ചുറ്റണം. മാടമൺ നോർത്തിൽ ഗവ. എൽപി സ്കൂൾ മാത്രമാണുള്ളത്. തുടർ വിദ്യാഭ്യാസം, ചികിത്സ, നിത്യോപയോഗ സാധനങ്ങൾ വാങ്ങൽ, ബസ് യാത്ര തുടങ്ങിയവയ്ക്കെല്ലാം ജനങ്ങൾക്കു പുറംനാടുകളുമായി ബന്ധപ്പെടണം. നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളിലെ ആയിരത്തോളം കുടുംബങ്ങൾക്കു ഇതല്ലാതെ മറ്റു മാർഗമില്ല. അവരുടെ ദുരിതത്തിനു പരിഹാരം കാണാൻ സ്ഥിരം പാലം നിർമിക്കുകയാണു വേണ്ടത്. സർക്കാർ‌ അടിയന്തര ഇടപെടൽ നടത്തിയാൽ മാത്രമേ ഇതു സാധ്യമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com