ADVERTISEMENT

അടൂർ ∙ കാപ്പ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ്പ കേസിൽ‌ ഉൾപ്പെട്ട 2 യുവാക്കളടക്കം 3 പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കേളകം അടയ്ക്കാത്തോട് പടിയക്കണ്ടത്തിൽ ജെറിൻ പി.ജോർജിനെ (25) ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികളായ ഏഴംകുളം നെടുമൺ പറമ്പുവയൽക്കാവ് മുതിരവിള പുത്തൻവീട്ടിൽ വിഷ്ണു വിജയൻ (കിച്ചു–30), കൊടുമൺ അങ്ങാടിക്കൽ വടക്ക് സുരഭി വീട്ടിൽ കാർത്തിക് (26), ഏഴംകുളം വയലാ കുതിരമുക്ക് ഉടയാൻവിള കിഴക്കേതിൽ ശ്യാം (24) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. കാപ്പ നടപടിപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ട സഹോദരങ്ങളായ ഇളമണ്ണൂർ മാരൂർ സ്വദേശികളായ സൂര്യലാലിന്റെയും ചന്ദ്രലാലിന്റെയും വീട്ടിൽ വച്ചാണ് ജെറിനെ മർദിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെയാണ് വിഷ്ണു, ശ്യാം, സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ ജെറിൻ പരിചയപ്പെടുന്നത്. കാർത്തികും ജയിലിലുണ്ടായിരുന്നു.

പുറത്തിറങ്ങിയ ശേഷം മാരൂരിലുള്ള സൂര്യലാലിന്റെ വീട്ടിൽ ദിവസങ്ങളോളം ഇവർ താമസിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക വിഷയത്തിൽ തർക്കമുണ്ടായതിനെ തുടർന്ന് ജെറിന്റെ പുറത്തും ശരീരത്തും ബ്ലേഡ് കൊണ്ട് ഇരുപതിലേറെ സ്ഥലത്ത് മുറിവേൽപിച്ചു. ജനനേന്ദ്രിയത്തിലും കാലിലും പൊള്ളിക്കുകയും എയർപിസ്റ്റൺ ഉപയോഗിച്ച് അടിച്ച് പരുക്കേൽപിക്കുകയും ചെയ്തു. 

പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചും ഇരുമ്പു കമ്പി കൊണ്ട് മർദിച്ച് അവശനാക്കിയ ശേഷം ‌മുറിയിൽ പൂ‍ട്ടിയിട്ടതായും പൊലീസ് പറഞ്ഞു. ഇതിനിടെ രക്ഷപ്പെട്ട ജെറിൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കണ്ണൂരിലേക്ക് പോയി. പൊലീസ് കണ്ണൂരിലെത്തി ജെറിനെ കണ്ടെത്തി മൊഴി എടുക്കുകയായിരുന്നു. 

ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജെറിന്റെ പേരിൽ ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. സൂര്യലാലിനും ചന്ദ്രലാലിനുമെതിരെ മൊഴിയിൽ പരാമർശമില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. അടൂർ ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com