പഴയത് പൊളിച്ചു, പക്ഷേ നീക്കിയില്ല; പുതിയ കോടതി സമുച്ചയം ഇനിയെങ്ങനെ ഉയരും?
Mail This Article
റാന്നി ∙ പൊളിച്ചു നീക്കിയ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും ക്വാർട്ടേഴ്സിന്റെയും കെട്ടിടാവശിഷ്ടങ്ങൾ നീക്കാത്തതുമൂലം കോടതി സമുച്ചയത്തിന്റെ കരാർ നടപടി വൈകുന്നു. കോടതി സമുച്ചയത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്ത കേരള കൺസ്ട്രക്‌ഷൻ കോർപറേഷന് സ്ഥലം കൈമാറാൻ വൈകുന്നതാണു തടസ്സം.
റാന്നി മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണ് കോടതി സമുച്ചയം നിർമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഹരിത ചട്ടം പൂർണമായി പാലിച്ചു നിർമിക്കുന്ന സംസ്ഥാനത്തെ ആദ്യ പൊതു കെട്ടിട സമുച്ചയമാണിത്. ഹൈക്കോടതിയിലെ കെട്ടിട കമ്മിറ്റിയുടെ അനുമതിയോടെ 7 നിലകളിലാണ് സമുച്ചയം നിർമിക്കുന്നത്.
ജിഎസ്ടി ഉൾപ്പെടെ 23.50 കോടി രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്. റാന്നിയിൽ നിലവിലുള്ള ഒന്നാം ക്ലാസ് മജിസ്ട്രേട്ട്, മുൻസിഫ് എന്നീ കോടതികൾക്കും സമീപഭാവിയിൽ അനുവദിക്കുന്ന കോടതിക്കുമാണ് കെട്ടിടത്തിൽ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിലും ഒന്നാം നിലയിലുമായി 891 ചതുരശ്ര മീറ്റർ സ്ഥലം വാഹന പാർക്കിങ്ങിനു നീക്കിവച്ചിരിക്കുകയാണ്.
3 കോടതിക്കും ഹാൾ, ഓഫിസുകൾ, ശുചിമുറികൾ, വിശ്രമ മുറികൾ ചേമ്പർ, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, കാന്റീൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം സമുച്ചയത്തിൽ ഒരുക്കും. കിഫ്ബിയാണ് ഫണ്ട് അനുവദിക്കുന്നത്. 4 വർഷം മുൻപാണ് നിർമാണത്തിന് അനുമതി ലഭിച്ചത്. രൂപരേഖ തയാറാക്കാനും കേന്ദ്ര പാരിസ്ഥികാനുമതി നേടാനുമൊക്കെ താമസം നേരിട്ടു.
കരാർ ചെയ്താലുടൻ നിർമാണം ആരംഭിക്കാനാകുന്ന വിധത്തിൽ നടപടികളെല്ലാം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അവസാനത്തെ തടസ്സം കോടതിയും ക്വാർട്ടേഴ്സും പൊളിച്ചു നീക്കുന്നതായിരുന്നു. ഇതു സാധ്യമായെങ്കിലും കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ വൈകുകയാണ്. ഇതും കൂടി പൂർത്തിയായാൽ കരാർ നടപടി നടത്താനാകും.