ADVERTISEMENT

റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിൽ അപകടങ്ങൾ തുടർക്കഥയായി. മന്ദമരുതിക്കും ഉതിമൂടിനും മധ്യേ ചൊവ്വാഴ്ച മാത്രം നടന്നത് 3 അപകടങ്ങൾ. പാത വീതി കൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ ശേഷമാണു വാഹന തിരക്കും അപകടങ്ങളും വർധിച്ചത്. രാത്രിയും പകലും ഇടതടവില്ലാതെയാണു പാതയിലൂടെ വാഹനങ്ങളൊഴുകുന്നത്.

വേഗ നിയന്ത്രണമില്ലാതെയാണ് അവയുടെ പരക്കം പാച്ചിൽ. ഇതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്. പ്ലാച്ചേരിക്കും ഉതിമൂട് വെളിവയൽപടിക്കും മധ്യേ അപകടങ്ങൾ‌ പതിവാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ഉതിമൂട് ഡിപ്പോപടിയിലാണ് ആദ്യം അപകടം നടന്നത്. 

നിയന്ത്രണം വിട്ട കാർ കലുങ്കിന്റെ പാരപ്പറ്റിലേക്ക് ഇടിച്ചു കയറി 5 പേർക്കാണു പരുക്കേറ്റത്. പിന്നാലെ പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിന്റെ മന്ദമരുതി ശാഖയ്ക്കു സമീപം കൂട്ടയിടി നടത്തി. 

3 കാറുകളും ബസും ബൈക്കുമാണ് ഇടിച്ചത്. ബൈക്ക് യാത്രക്കാരനായ പ്ലാച്ചേരി സ്വദേശി അശ്വിന് (26) പരുക്കേറ്റിരുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി 9 മണിയോടെ ഉതിമൂട് നഴ്സറി പടിക്കലാണു മൂന്നാമത്തെ അപകടം നടന്നത്. കാർ ഇടിച്ച് ഉതിമൂട്ടിലെ റേഷൻ വ്യാപാരി കാവളപടിക്കൽ ഷിജു കുരുവിളയുടെ കാലിനു സാരമായ പരുക്കേറ്റു.

തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷനു പോയിരുന്ന മകനെ വിളിക്കുന്നതിനു ബൈക്കിൽ പോകുമ്പോഴാണു കാറിടിച്ചത്. ഉന്നത നിലവാരത്തിൽ പാത വികസിപ്പിച്ച ശേഷം അപകട മരണങ്ങളും വർധിച്ചിട്ടുണ്ട്. ദിവസമെന്നോണം അപകടങ്ങളും നടക്കുന്നു. 

റാന്നി പൊലീസ് സ്റ്റേഷനു മുന്നിൽ നാശം നേരിട്ടു നിരന്നു കിടക്കുന്ന വാഹനങ്ങളധികവും പുനലൂർ–മൂവാറ്റുപുഴ പാതയിൽ അപകടത്തിൽപ്പെട്ടവയാണ്.  സ്ഥിരം അപകടമുണ്ടാകുന്ന ഭാഗങ്ങളിൽ പൊലീസും മോട്ടർ വാഹന വകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും ചേർന്നു പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 

ഫലപ്രദമായ നടപടികൾ വേണം
ഉതിമൂട് വലിയകലുങ്കിനും വെളിവയൽപടിക്കും മധ്യേ റോഡ് നിരപ്പായി കിടക്കുകയാണ്. വാഹനങ്ങളെല്ലാം അമിത വേഗത്തിൽ പായുന്നതും ഇവിടെയാണ്. ഇതേ കാഴ്ചയാണു പ്ലാച്ചേരിക്കും മന്ദമരുതിക്കും മധ്യേയുള്ളതും. ഇട്ടിയപ്പാറ ടൗണിൽ പോലും നിയന്ത്രണമില്ലാതെയാണു വാഹനങ്ങളോടുന്നത്.

മുന്നറിയിപ്പ് ബോർ‌ഡുകൾ‌ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം കുറയാൻ ഇതൊന്നും ഫലപ്രദമാകുന്നില്ല. അപകടങ്ങൾ കൂടുതലായി നടക്കുന്ന ഭാഗങ്ങളിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ റോഡ് സുരക്ഷ അതോറിറ്റി തയാറായിട്ടില്ല. വേഗ നിയന്ത്രണങ്ങൾക്കായി മഞ്ഞവരകളോടു കൂടിയ സ്ട്രിപ്സ് കുറുകെ സ്ഥാപിക്കുകയാണു വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com